തിരുവനന്തപുരം: ഒന്നിന് പുറകെ ഒന്നായി മുന്‍ പൊലീസ് മേധാവി ടി പി സെന്‍കുമാര്‍ നിയമക്കുരുക്കുകളില്‍ അകപ്പെടുകയാണ്. വ്യാജ രേഖ ചമച്ച് സര്‍ക്കാരില്‍ നിന്ന് ശമ്പളം കൈപ്പറ്റിയെന്ന പുതിയ പരാതിയില്‍ ഇപ്പോള്‍ സെന്‍കുമാറിനെതിരെ വിജിലന്‍സ് അന്വേഷണം ആരംഭിച്ചിരിക്കുന്നു. ഡിജിപി സ്ഥാനത്ത് നിന്ന് മാറ്റി നിര്‍ത്തപ്പെട്ട സാഹചര്യത്തില്‍, അന്ന് കേരള പൊലീസ് ഹൗസിംഗ് ആന്റ് കണ്‍സ്ട്രഷന്‍ കോര്‍പ്പറേഷന്‍ എം ഡി ആയി നിയമനം ലഭിച്ചിട്ടും സെന്‍കുമാര്‍ ജോലിയില്‍ പ്രവേശിച്ചിരുന്നില്ല.
സര്‍ക്കാരിനെതിരെ, സുപ്രീംകോടതിയില്‍ കേസ് നടത്തിപ്പുമായി ബന്ധപ്പെട്ട് എട്ടുമാസം വരെ ടി പി സെന്‍കുമാര്‍ അവധിയിലായിരുന്നു. എന്നാല്‍ എട്ടുമാസം വരെ മെഡിക്കല്‍ അവധിയില്‍ ആയിരുന്നുവെന്ന നിലയില്‍ വ്യാജരേഖയുണ്ടാക്കി സര്‍ക്കാരില്‍ നിന്ന് എട്ടുലക്ഷം രൂപ അനധികൃതമായി നേടിയെടുക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. തിരുവനന്തപുരം കോര്‍പ്പറേഷന്‍ മുന്‍ കൗണ്‍സിലര്‍ എ ജെ സുക്കാര്‍ണോയാണ് വിഷയം ചൂണ്ടിക്കാട്ടി വിജിലന്‍സിന് പരാതി നല്‍കിയത്.
ഇടതുസര്‍ക്കാര്‍ അധികാരത്തിലെത്തി ഡിജിപി സ്ഥാനത്ത് നിന്ന് സെന്‍കുമാറിനെ മാറ്റിയ ശേഷം ജൂണ്‍മാസത്തില്‍ സെന്‍കുമാര്‍ ചീഫ് സെക്രട്ടറിക്ക് നല്‍കിയ അപേക്ഷയില്‍, വ്യക്തിപരമായ കാര്യങ്ങള്‍ക്ക് പകുതി ശമ്പളത്തില്‍ അവധി അനുവദിക്കണമെന്നായിരുന്നു. അതേസമയം അവധി കഴിഞ്ഞ് തിരികെ എത്തിയപ്പോള്‍, ചികില്‍സയിലായിരുന്നു താനെന്നാണ് സെന്‍കുമാര്‍ രേഖകള്‍ ഹാജരാക്കിയത്. എന്നാല്‍ ഇത് വ്യാജരേഖയെന്നാണ് പരാതിക്കാരന്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. ഇത്തരത്തില്‍ വ്യാജരേഖ ഉണ്ടാക്കി സര്‍ക്കാരില്‍ നിന്ന് സാമ്പത്തിക നേട്ടം ഉണ്ടാക്കിയ സെന്‍കുമാറിനെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്ന പരാതിയില്‍ ആവശ്യപ്പെടുന്നു.
പരാതിയിന്‍മേല്‍ വിജിലന്‍സ് പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.വിജിലന്‍സ് ഡിവൈഎസ്പി ബിജിമോനാണ് അന്വേഷണ ചുമതല. വ്യാജരേഖയുമായി ബന്ധപ്പെട്ട പരാതിക്കാരന്‍ ചില രേഖകളും വിജിലന്‍സിന് കൈമാറിയിട്ടുണ്ട്. കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയെകുറിച്ച് മോശം പരാമര്‍ശം നടത്തിയതിലും മതസ്പര്‍ധ വളര്‍ത്തും വിധം പ്രസംഗിച്ചതിലും നിലവില്‍ രണ്ട് വിജിലന്‍സ് അന്വേഷണം നേരിടുകയാണ് ടി പി സെന്‍കുമാര്‍. ഇപ്പോള്‍ എത്തിയിരിക്കുന്ന വ്യാജരേഖ ചമക്കലിലും സെന്‍കുമാറിനെതിരെ കേസെടുക്കേണ്ടിവരുമെന്നാണ് വിജിലന്‍സ് അന്വേഷണസംഘത്തിന്റെ പ്രാഥമിക വിലയിരുത്തല്‍.

Get real time update about this post categories directly on your device, subscribe now.