കണ്ണൂര്‍: കണ്ണൂര്‍ പയ്യാമ്പലം ബീച്ചിലെ ലൈഫ് ഗാര്‍ഡ് ചാള്‍സണ്‍ ഇതുവരെ രക്ഷിച്ചത് കടലില്‍ മുങ്ങിത്താഴ്ന്ന അറുപത്തിആറിലധികം ജീവനുകളാണ്. കഴിഞ്ഞ ജൂലൈ 31 ന് കടലില്‍ മുങ്ങിത്താഴ്ന്ന നാലുപേരെയാണ് ഒരുമിച്ച് ചാള്‍സണ്‍ രക്ഷപെടുത്തിയത്. മഴക്കാലത്തെ കടലിന്റെ ഭീകരമുഖം എന്തെന്നറിയാതെ എത്തിയ 18 വിദ്യാര്‍ഥികള്‍ കടലിലിറങ്ങിയപ്പോള്‍ നാലുപേര്‍ തിരയില്‍ പെടുകയായിരുന്നു. മൂന്നുപേരെ കരയ്‌ക്കെത്തിച്ചശേഷം ചാള്‍സണ്‍ വീണ്ടും ഓടി കടലിന്റെ ആഴങ്ങളിലേക്ക്. നാലാമനെയും ചുമലിലേറ്റിയാണ് തിരിച്ചെത്തിയത്. ഒരാള്‍ മുങ്ങിത്താഴുന്നത് കാണുമ്പോള്‍ നോക്കി നില്‍ക്കാനാകില്ല, സ്വന്തം ജീവനെക്കുറിച്ച് ഓര്‍ക്കാനാകില്ലെന്നും ചാള്‍സണ്‍ പറയുന്നു.
ഏഴാംക്ലാസ്സില്‍ പഠിക്കുമ്പോള്‍ മുതല്‍ തുടങ്ങിയ കടല്‍ ജീവിതം. മീന്‍ പിടിച്ച് വീടുകള്‍ തോറും വില്‍പ്പന നടത്തുമായിരുന്നു ഏഴിമലയിലെ പീറ്റര്‍-റീത്ത ദമ്പതികളുടെ മകന്‍ ചാള്‍സണ്‍. പത്താം തരത്തില്‍ ജീവിത പ്രാരാബ്ധങ്ങള്‍ കാരണം പഠനം നിര്‍ത്തി കുറച്ചുകാലം ഹോട്ടല്‍ തൊഴിലാളിയായി. നാടന്‍ പാട്ട് രംഗത്തും നാടക രംഗത്തും സജീവമായിരുന്നു. 2007 മുതല്‍ പയ്യാമ്പലം ബീച്ചില്‍ ലൈഫ് ഗാര്‍ഡായി. ഇതിനകം 600 ലേറെ കുട്ടികളെ നീന്തല്‍ പഠിപ്പിച്ചു.
കായല്‍, പുഴ, കടല്‍ എന്നിവയിലൂടെ തുടര്‍ച്ചയായി 16 കിമി സാഹസികമായി നീന്തി യൂണിവേഴ്‌സല്‍ റെക്കോര്‍ഡ് ഫോറത്തിന്റെ ലോകറെക്കോഡ് പട്ടികയിലും ഇടംപിടിച്ചു. കവ്വായി കായലിലൂടെ 5 കിമി, ശംഖൂരിപാലത്തിനടുത്ത് നിന്ന് പുഴയിലേക്ക് ചൂട്ടാട അഴിമുഖം വഴി കടലിലേക്ക്, 5 കിമി കൂടി കടലിലൂടെ നീന്തി പുതിയങ്ങാടി ചൂട്ടാടി ബീച്ച് പാര്‍ക്കില്‍ യാത്ര അവസാനിപ്പിച്ചത് 4.45 മണിക്കൂറില്‍. ചാള്‍സണ്‍ സ്വിമ്മിങ് അക്കാദമിയ്ക്കും തുടക്കമിട്ടുകഴിഞ്ഞു, ഒരു മണിക്കൂര്‍ കൊണ്ട് നീന്തല്‍ പഠനം. തുടര്‍ച്ചയായ രണ്ടു വര്‍ഷം സംസ്ഥാന ടൂറിസം വകുപ്പിന്റെ മികച്ച ലൈഫ് ഗാര്‍ഡിനുള്ള പുരസ്‌ക്കാരം.
ചാള്‍സണുമുണ്ട് പരാതികള്‍. ബീച്ചില്‍ 12 കിമി ഉള്ളില്‍ 6 ലൈഫ് ഗാര്‍ഡുകളെങ്കിലും ഡ്യൂട്ടിയില്‍ വേണം. പലപ്പോഴും ഒറ്റയ്ക്കാണ് അപകടത്തില്‍ പെട്ടവരെ രക്ഷിക്കാനിറങ്ങേണ്ടി വരിക. മുങ്ങിത്താഴുന്നവര്‍ രക്ഷിക്കാനിറങ്ങുന്നവരെ മുക്കാന്‍ ഇടവരും. അപ്പോള്‍ സഹായത്തിന് രണ്ടുപേരും മൂന്നുപേരും ഇറങ്ങേണ്ടിവരും. അതാണ് കടലിന്റെ സുരക്ഷാ ക്രമീകരണം. രക്ഷപെടാന്‍ നീളമുള്ള റെസ്‌ക്യൂ ട്യൂബുകള്‍ കുറവാണെന്നും ചാള്‍സണ്‍ പറയുന്നു.
Get real time update about this post categories directly on your device, subscribe now.