നാടിന്റെ കാര്‍ഷിക അഭിവൃദ്ധിക്കുള്ള പ്രാര്‍ത്ഥനയായി ശബരിമലയില്‍ നിറപുത്തരി ചടങ്ങ്

പത്തനംതിട്ട: നാടിന്റെ കാര്‍ഷിക അഭിവൃദ്ധിക്കുള്ള പ്രാര്‍ത്ഥനയായി ശബരിമലയില്‍ നിറപുത്തരി ചടങ്ങ് നടന്നു. വിവിധ ദിക്കുകളില്‍ നിന്ന് എത്തിച്ച നെല്‍കറ്റകള്‍ സന്നിധാനത്ത് അയ്യപ്പന് പൂജിച്ച് ഭക്തര്‍ക്ക് പ്രസാദമായി നല്‍കുന്ന ചടങ്ങാണ് നിറപുത്തരി.

പുലര്‍ച്ചെ 5.40ഓടെയാണ് നിറപുത്തരി ചടങ്ങുകള്‍ക്ക് തുടക്കമായത്. തമിഴ്‌നാട്ടില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ അധീനതയിലുള്ള പാടത്ത് വിളയിച്ചതും പാലക്കാട് കൊല്ലങ്കോട്ട്, കൊല്ലം അച്ചന്‍കോവില്‍ അടക്കം വിവിധ ദേശങ്ങളില്‍ നിന്ന് ഭക്തര്‍ തലച്ചുമടായി എത്തിച്ചതുമായ നെല്‍കറ്റകള്‍ പതിനെട്ടാം പടിക്ക് താഴെ ആല്‍ത്തറയില്‍ തന്ത്രി കണ്ഠരര് രാജീവരരുടെ കാര്‍മികത്വത്തില്‍ തീര്‍ത്ഥം തളിച്ച് ശുദ്ധം വരുത്തി.

തുടര്‍ന്ന് മേല്‍ശാന്തി ടി എം ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ കതിര്‍കറ്റകള്‍ തലയില്‍ ചുമന്ന് പതിനെട്ടാം പടികയറി ക്ഷേത്രത്തിന് വലംവെച്ച് ശ്രീകോവിലിലേക് എത്തിച്ചു.

ശ്രീകോവിലിനുള്ളിലേക്ക് എത്തിച്ച നെല്‍കതിരുകള്‍ പ്രത്യേക പൂജകള്‍ക്ക് ശേഷം പ്രസാദമായി ഭക്തര്‍ക്ക് വിതരണം ചെയ്തു. ശബരിമലയിലേതിന് സമാനമായി തിരുവിതാംകൂര്‍ ദേവസ്വത്തിന് കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളിലും ഇന്ന് നിറപുത്തരി ചടങ്ങുകള്‍ നടന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News