ഹര്‍ത്താല്‍ മറവില്‍ ബിജെപി-ആര്‍എസ്എസ് അഴിഞ്ഞാട്ടം; വിവിധയിടങ്ങളില്‍ വാഹനങ്ങള്‍ തകര്‍ത്തു; മാധ്യമപ്രവര്‍ത്തകര്‍ക്കും പൊലീസിനും നേരെ കല്ലേറ്

തിരുവനന്തപുരം: ഹര്‍ത്താലിന്റെ മറവില്‍ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ ബിജെപി-ആര്‍എസ്എസ് ഗുണ്ടകളുടെ അഴിഞ്ഞാട്ടം.

വൈക്കത്ത് ബിജെപി പ്രവര്‍ത്തകര്‍ കാറിന്റെ ചില്ലുകള്‍ അടിച്ചുതകര്‍ത്തു. ഏലൂരില്‍ വാഹനങ്ങള്‍ തടയുകയും തോപ്പുംപടിയില്‍ പെട്രോള്‍ പമ്പിനുനേരെ അക്രമണം അഴിച്ചുവിട്ടു. ആലുവയില്‍ സിപിഐഎമ്മിന്റെ കൊടികളും തോരണങ്ങളും ബിജെപി നശിപ്പിച്ചു. കൊല്ലത്ത് വോള്‍വോ ബസിന് നേരെ പ്രവര്‍ത്തകര്‍ കല്ലേറ് നടത്തുകയും ചെയ്തു.

മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയും പൊലീസുകാര്‍ക്ക് നേരെയും ആര്‍എസ്എസ് പ്രവര്‍ത്തകര്‍ വ്യാപക അക്രമമാണ് നടത്തിയത്. കോട്ടയത്ത് എസിവി ക്യാമറാമാന്‍ അനില്‍, ന്യൂസ് 18 ക്യാമറാമാന്‍ ലിബിന്‍ കെ ഉമ്മന്‍ എന്നിവരെ സംഘം മര്‍ദ്ദിച്ചു. കോട്ടയം സെന്‍ട്രല്‍ ജംഗ്ഷനില്‍ വച്ചാണ് ആക്രമണമുണ്ടായത്. പൊലീസ് വാഹനങ്ങള്‍ക്ക് നേരെ കല്ലേറുണ്ടായി. സംഭവത്തില്‍ ബിജെപി പ്രവര്‍ത്തകന്‍ ശശിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ വിട്ടുകിട്ടാന്‍ പ്രവര്‍ത്തകര്‍ വാഹനം വളയുകയും ഭീഷണി മുഴക്കുകയും ചെയ്തു. പ്രകടനം നടത്തിയ ബിജെപി പ്രവര്‍ത്തകര്‍ ഡിവൈഎഫ്‌ഐയുടെ ബോര്‍ഡുകള്‍ തകര്‍ക്കുകയും തിരുനക്കരയിലെ സിഐടിയു ഓഫീസ് അടിച്ചുതകര്‍ക്കുകയുമുണ്ടായി.

കൊല്ലത്ത് വിവാഹസംഘം സഞ്ചരിച്ച വാഹനത്തിനുനേരെയും ആക്രമണമുണ്ടായി. പല ഇടങ്ങളിലും മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാനായി പോയവരുടെ വാഹനങ്ങളും ആശുപത്രിയിലേക്ക് പോയ സ്വകാര്യ വാഹനങ്ങളും ആക്രമണത്തിന് ഇരയായി. തെക്കന്‍കേരളത്തില്‍ കെഎസ്ആര്‍ടിസിയും സ്വകാര്യബസുകളും സര്‍വ്വീസ് നടത്തിയില്ല. തിരുവനന്തപുരത്ത് ആര്‍സിസി, മെഡിക്കല്‍കോളേജ്, എസ്എടി എന്നിവിടങ്ങളിലേക്ക് പോകേണ്ട രോഗികള്‍ക്കായി പൊലീസ് വാഹനങ്ങള്‍ ഒരുക്കിയിരുന്നു.

വൈകി പ്രഖ്യാപിച്ച ഹര്‍ത്താലിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് ജനങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടായത്. ഹര്‍ത്താല്‍ വിവരം അറിയാത്തതിനാല്‍ ദീര്‍ഘദൂര യാത്രക്ക് ശേഷം റെയില്‍വേ സ്‌റ്റേഷനിലും കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിലും വന്നിറങ്ങിയവര്‍ വാഹനം കിട്ടാതെ ബുദ്ധിമുട്ടി.

അതേസമയം, പാര്‍ട്ടി ഓഫീസുകള്‍ക്ക് നേരെ നടക്കുന്ന ആക്രമണം കണക്കിലെടുത്തും ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തിന്റെ പശ്ചാത്തലത്തിലും തിരുവനന്തപുരത്ത് പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. നഗരത്തില്‍ ഓഗസ്റ്റ് രണ്ടു വരെ പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ആക്രമം ആരു നടത്തിയാലും അവര്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കാനാണ് സംസ്ഥാന പൊലീസ് മേധാവിയുടെ നിര്‍ദ്ദേശം. പൊലീസിനോട് കൂടുതല്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കാനും ഡിജിപി ഉത്തരവിട്ടിരിക്കുകയാണ്.

തിരുവനന്തപുരം ശ്രീകാര്യത്ത് ആര്‍എസ്എസ് കാര്യവാഹകായ രാജേഷിനെ കഴിഞ്ഞദിവസമാണ് ഒരുസംഘമാളുകള്‍ വെട്ടിക്കൊലപ്പെടുത്തിയത്. ഇതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News