ശ്രീകാര്യം കൊലപാതകത്തിന് പിന്നില്‍ വ്യക്തിവൈരാഗ്യം; സ്ത്രീകളെ ഉപയോഗിച്ച് രാജേഷ് തങ്ങളെ കേസില്‍പ്പെടുത്താന്‍ ശ്രമിച്ചെന്ന് മണിക്കുട്ടന്റെ മൊഴി

തിരുവനന്തപുരം: ശ്രീകാര്യം കൊലപാതകം രാഷ്ട്രീയപ്രേരിതം അല്ലെന്നും വ്യക്തിപരമായ കാരണങ്ങളാണ് കൊലപാതകത്തിന് പിന്നില്‍ എന്നും പിടിയിലായ മണിക്കുട്ടന്റെ മൊഴി.

കൊലയ്ക്ക് പിന്നില്‍ രാഷ്ട്രീയപരമായ ഒന്നുമില്ലെന്നും പ്രതികള്‍ മൊഴി നല്‍കി. രാജേഷുമായി പ്രാദേശികമായി ഒട്ടേറെ വിഷയങ്ങള്‍ ഉണ്ടായിരുന്നു. ഒരിക്കല്‍ തന്റെ ബന്ധുവിന്റെ വീടിനുനേരെ രാജേഷും കൂട്ടരും ആക്രമണം നടത്തി. ഇതിന് പ്രതികാരമായി രാജേഷിന്റെ ബന്ധുവീട് താനും കൂട്ടാളികളും ചേര്‍ന്ന് ആക്രമിച്ചു. ഈ വിഷയത്തില്‍ വീട്ടുടമയായ സ്ത്രീയെ ഉപയോഗിച്ച് രാജേഷ് തങ്ങള്‍ക്കെതിരെ പൊലീസിന് പരാതി നല്‍കി. ഒരു തരത്തിലും തങ്ങള്‍ക്ക് ജീവിക്കാന്‍ പറ്റാത്ത അവസ്ഥ വന്നപ്പോഴാണ് രാജേഷിനെ കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്നും മണിക്കുട്ടന്‍ വ്യക്തമാക്കി. വെളിപ്പെടുത്തല്‍ സംബന്ധിച്ച് പ്രാദേശിക തലത്തില്‍ പൊലീസ് പരിശോധന നടത്തും. പ്രതികളെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തുമെന്നും പൊലീസ് അറിയിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് മണികണ്ഠന്‍, പ്രമോദ്, ഗിരീഷ്, മഹേഷ്, ബിനു തുടങ്ങി ഏഴു പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. സംഘത്തെ ചോദ്യംചെയ്യുന്നത് തുടരുകയാണ്. ഐജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലാണ് ചോദ്യംചെയ്യല്‍. സംഭവത്തില്‍ ഇനി മൂന്നു പേരെ കൂടി പിടികൂടാനുണ്ട്. ഇവര്‍ക്ക് വേണ്ടിയുള്ള അന്വേഷണം തുടരുകയാണ്.

ആര്‍എസ്എസ് കാര്യവാഹക് രാജേഷ് ഇന്നലെ രാത്രിയാണ് വെട്ടേറ്റ് മരിച്ചത്. രാത്രിയില്‍ ശാഖ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് രാജേഷിന് നേരെ ആക്രമണം ഉണ്ടായത്. കടയില്‍ സാധനം വാങ്ങാന്‍ കയറിയ രാജേഷിനെ ഒരു സംഘം ബൈക്കിലെത്തി ആക്രമിക്കുകയായിരുന്നു. കൈയ്ക്കും കാലിനും മുഖത്തും ഗുരുതരമായി വെട്ടേറ്റ രാജേഷിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.

രാജേഷിനെ വെട്ടിക്കൊലപ്പെടുത്തി മണിക്കൂര്‍ പിന്നിടുന്നതിന് മുന്‍പ് തന്നെ പ്രതികളെ കുറിച്ച് പൊലീസിന് വ്യക്തമായ സൂചന ലഭിച്ചിരുന്നു. ഇതിനുപിന്നാലെ രാജേഷിന്റെ മരണമൊഴിയിലെ വെളിപ്പെടുത്തലും കൂടി ആയപ്പോള്‍ പൊലീസിന് പ്രതികളുടെ ചിത്രം വ്യക്തമായി. തുടര്‍ന്ന് പ്രതികള്‍ക്കായുള്ള അന്വേഷണം പൊലീസ് പ്രത്യേക ടീമുകളായി ആരംഭിച്ചു. എല്ലാ അന്വേഷണത്തിനും ഐജി.മനോജ് എബ്രഹാമിന്റെയും സിറ്റി പൊലീസ് കമ്മീഷണറുടെയും മേല്‍നോട്ടം. ഒടുവില്‍ പ്രതികളെ ഒളിവു കേന്ദ്രമായ കാട്ടാക്കട പുലിപ്പാറയിലെ റബ്ബര്‍ എസ്റ്റേറ്റില്‍ നിന്ന് പൊലീസ് ബലപ്രയോഗത്തിലൂടെ പിടികൂടുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel