വൈസ് ചാന്‍സലറുടെ ഉറപ്പ് ലഭിച്ചു; കാസര്‍കോട്ടെ കേന്ദ്ര സര്‍വ്വകലാശാലയിലെ അനിശ്ചിതകാല സമരം അവസാനിച്ചു

കാസര്‍കോട്: രണ്ടാഴ്ചയായി കാസര്‍കോട്ടെ കേരള കേന്ദ്ര സര്‍വ്വകലാശാലയില്‍ വിദ്യാര്‍ഥികള്‍ നടത്തിവന്ന അനിശ്ചിതകാല പഠിപ്പ് മുടക്ക് സമരം അവസാനിപ്പിച്ചു. തിങ്കളാഴ്ച മുതല്‍ കാമ്പസില്‍ ക്ലാസുകള്‍ പുനരാരംഭിക്കുമെന്ന് സര്‍വകലാശാല അധികൃതര്‍ അറിയിച്ചു.

ഹോസ്റ്റല്‍ പ്രശ്‌നത്തിന് പരിഹാരം ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ സമരം തുടങ്ങിയതിനെ തുടര്‍ന്ന് അധികൃതര്‍ കാമ്പസ് അടച്ചിരുന്നു. ഈ മാസം 18 മുതലാണ് വിദ്യാര്‍ഥികള്‍ സമരം തുടങ്ങിയത്. വിദ്യാര്‍ഥികളുടെ എണ്ണം വര്‍ധിപ്പിച്ചതനുസരിച്ച് ഹോസ്റ്റല്‍ സൗകര്യം വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ടായിരുന്നു സമരം.

ഒരു മുറിയില്‍ 3 വീതം വിദ്യാര്‍ഥികള്‍ താമസിക്കണമെന്നായിരുന്നു അധികൃതരുടെ നിര്‍ദ്ദേശം. തുടര്‍ന്നായിരുന്നു സമരം. നേരത്തെ വാടകക്ക് കെട്ടിടങ്ങള്‍ എടുത്ത് ഹോസ്റ്റലുകള്‍ നടത്തിയിരുന്നു. ഈ സംവിധാനം അവസാനിപ്പിച്ചതോടെയാണ് പ്രശ്‌നം രൂക്ഷമായത്.

പെരിയ ക്യാമ്പസില്‍ ഹോസ്റ്റല്‍ കെട്ടിടം നിര്‍മ്മിച്ചെങ്കിലും ബഹുഭൂരിപക്ഷം വിദ്യാര്‍ഥികള്‍ക്കും താമസ സൗകര്യം ലഭ്യമായിരുന്നില്ല. സമരം ശക്തമായതോടെ വൈസ് ചാന്‍സലര്‍ നത്തിയ ചര്‍ച്ചയില്‍ മൂന്ന് പുതിയ ഹോസ്റ്റല്‍ കെട്ടിടങ്ങളുടെ നിര്‍മ്മാണം ഒരു വര്‍ഷത്തിനകം ആരംഭിക്കുമെന്ന് ഉറപ്പ് നല്‍കി.

വിദ്യാര്‍ഥികള്‍ കെട്ടിടങ്ങള്‍ വാടകക്ക് എടുത്ത് താമസിക്കുകയാണെങ്കില്‍ അവിടേക്ക് സൗജന്യ യാത്രാ സൗകര്യം ഏര്‍പ്പെടുത്താമെന്നും ഫര്‍ണീച്ചര്‍ ലഭ്യമാക്കാമെന്നും വി സി വിദ്യാര്‍ഥി സംഘടനാ നേതാക്കളെ അറിയിച്ചിരുന്നു. രണ്ടു ദിവസം കൂടി സമരം തുടര്‍ന്നുവെങ്കിലും വിദ്യാര്‍ഥികള്‍ പ്രക്ഷോഭം അവസാനിപ്പിക്കുകയായിരുന്നു. തിങ്കളാഴ്ച മുതല്‍ കാമ്പസില്‍ ക്ലാസ് പുനരാരംഭിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News