ചിത്രയ്ക്ക് ലോക ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ സാധിക്കില്ല; ഇന്ത്യന്‍ അത്‌ലറ്റിക് ഫെഡറേഷന്റെ കത്ത് രാജ്യാന്തര ഫെഡറേഷന്‍ തള്ളി; അവസരം നഷ്ടപ്പെട്ടതില്‍ സങ്കടമുണ്ടെന്ന് ചിത്ര

തിരുവനന്തപുരം: ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ പിയു ചിത്രയ്ക്ക് പങ്കെടുക്കാന്‍ സാധിക്കില്ല. ചിത്രയെ പങ്കെടുപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ അത്‌ലറ്റിക്‌സ് ഫെഡറേഷന്‍ നല്‍കിയ അപേക്ഷ ലോക അത്‌ലറ്റിക്‌സ് ഫെഡറേഷന്‍ തള്ളുകയായിരുന്നു.

അതേസമയം, മത്സരത്തില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതില്‍ അതിയായ വിഷമമുണ്ടെന്ന് പി.യു ചിത്ര പറഞ്ഞു. അവസാന നിമിഷം വരെ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനാവുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. തന്നെ പിന്തുണച്ച എല്ലാവരോടും നന്ദിയുണ്ടെന്നും ചിത്രം പറഞ്ഞു.

കേന്ദ്ര കായിക മന്ത്രി വിജയ് ഗോയല്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് അത്‌ലറ്റിക്‌സ് ഫെഡറേഷന്‍ അപേക്ഷ നല്‍കിയത്. ചാമ്പ്യന്‍ഷിപ്പിനുള്ള ടീമില്‍ ചിത്രയെ ഉള്‍പ്പെടുത്തണമെന്ന് കേരളാ ഹൈക്കോടതിയും ഉത്തരവിട്ടിരുന്നു. കോടതിയുടെ ഇടക്കാല ഉത്തരവിനെ തുടര്‍ന്നായിരുന്നു കത്തയച്ചത്. വെള്ളിയാഴ്ച്ചയാണ് ലോക ചാമ്പ്യന്‍ഷിപ്പ് ആരംഭിക്കുക.

ചിത്രയെ ഒഴിവാക്കിയതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നത്. ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ അവസരം നിഷേധിക്കപ്പെട്ട ചിത്രക്ക് പൂര്‍ണ പിന്തുണയാണ് സംസ്ഥാന സര്‍ക്കാരും പ്രഖ്യാപിച്ചത്.

അത്‌ലറ്റിക്‌സ് ഫെഡറേഷന്‍ തീരുമാനം നിര്‍ഭാഗ്യകരവും അസ്വീകാര്യവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞദിവസം പറഞ്ഞു. ടീമില്‍ ചിത്രയെ ഉള്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ അത്‌ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യക്ക് നിര്‍ദ്ദേശം നല്‍ണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കത്ത് നല്‍കി. ഇതേ ആവശ്യം ഉന്നയിച്ച് ഭരണപരിഷ്‌കാര കമീഷന്‍ അധ്യക്ഷന്‍ വി.എസ് അച്യുതാനന്ദനും കത്തയച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News