ഇടുക്കിയിലെ ആര്‍ബിടി കമ്പനിയുടെ ഭൂമി ഏറ്റെടുക്കാനുള്ള നടപടി; തൊഴിലാളി യൂണിയനുകള്‍ സമര രംഗത്തേക്ക്

ഇടുക്കിയിലെ പീരുമേട്ടില്‍ പഴയ ആര്‍ബിടി കമ്പനിയുടെ ഭൂമി ഏറ്റെടുക്കാനുള്ള നടപടിക്കെതിരെ തൊഴിലാളി യൂണിയനുകള്‍ സമര രംഗത്തേക്ക്. സംസ്ഥാന സ്പെഷ്യല്‍ ഓഫീസര്‍ എം ജി രാജമാണിക്യം നല്‍കിയ നോട്ടീസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് വണ്ടിപ്പെരിയാറില്‍ പ്രതിഷേധ റാലി നടത്തും.

പീരുമേട് താലൂക്കില്‍ രണ്ട് കമ്പനികളുടെ കൈവശമിരിക്കുന്ന 6217 ഏക്കര്‍ തേയിലത്തോട്ടം ഏറ്റെടുക്കാനാണ് സ്‌പെഷ്യല്‍ ഓഫീസര്‍ എം.ജി. രാജമാണിക്യം നിര്‍ദ്ദേശം നല്‍കിയത്. സ്വാതന്ത്രത്തിനു മുമ്പ് ബ്രിട്ടീഷ്‌കാരുടെ കൈവശമിരുന്ന തോട്ടങ്ങളാണിവ.

ആര്‍ബിടി കമ്പനി രേഖകളുണ്ടാക്കി ഇവ കൈവശപ്പെത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഏറ്റെടുക്കാന്‍ കഴിഞ്ഞ മാസം ഉത്തരവിട്ടത്. ഏഴായിരത്തോളം തൊഴിലാളികള്‍ ഇവിടെ പണിയെടുക്കുന്നുണ്ട്. പോബസ് എന്റര്‍പ്രൈസസ്, ബെഥേല്‍ പ്ലാന്റേഷന്‍സ് എന്നിവയുടെ കൈവശമാണ് ഇപ്പോള്‍ ഈ തോട്ടങ്ങള്‍.

തൊഴിലാളികളെ വഴിയാധാരമാക്കുന്ന നടപടിയില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണമെന്നാണ് യൂണിയനുകള്‍ ആവശ്യപ്പെടുന്നത്. ഏറ്റെടുക്കല്‍ നടപടികള്‍ നിര്‍ത്തി വച്ചില്ലെങ്കില്‍ സമരം ശക്തമാക്കും. അതേ സമയം തൊഴിലാളികളെ മറയാക്കി ഉടമകള്‍ക്കു വേണ്ടി ഉത്തരവ് പിന്‍വലിപ്പിക്കാനുള്ള നീക്കത്തിന്റെ ഭഗമാണ് സമരമെന്നും ആരോപണമുണ്ട്.

9265 ഏക്കറാണ് സര്‍ക്കാര്‍ ഭൂമിയാക്കാന്‍ സ്‌പെഷ്യല്‍ ഓഫീസര്‍ തീരുമാനിച്ചിരിക്കുന്നത്.ഇതില്‍ 3048 ഏക്കര്‍ പോബ്‌സ് ഗ്രൂപ്പിന്റെ കൈവശമാണ്.ഹൈക്കോടതിയില്‍ ഇതുമായി ബന്ധപ്പെട്ട് കേസ് നിലവിലുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here