പി യു ചിത്രയ്ക്ക് നീതി നിഷേധിച്ചു; വൈകി അയച്ച ദേശീയ ഫെഡറേഷന്റെ അപ്പീല്‍ ലോക അതലറ്റിക്‌സ് ഫെഡറേഷന്‍ നിരസിച്ചു; നഷ്ടപ്പെട്ടത് ജീവിതത്തിലെ ഏറ്റവും വലിയ അവസരമെന്ന് ചിത്ര

ദില്ലി: ഹൈക്കോടതി ഉത്തരവും തുണച്ചില്ല. ദേശീയ അതലറ്റികസ് ഫെഡറേഷന്റെ പിടിവാശിയില്‍ പി യു ചിത്രയുടെ അവസരം പൊലിഞ്ഞു. പീപ്പിള്‍ ടിവി ക്യാമ്പെയിന്‍ ഉള്‍പ്പടെ വന്‍ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ചിത്രയ്ക്ക് അവസരം തേടി ദേശീയ അതലറ്റിക്‌സ് ഫെഡറേഷന്‍ അയച്ച കത്ത് ലോക അത്‌ലറ്റിക്‌സ് ഫെഡറേഷന്‍ നിരസിച്ചു. സമയം അതിക്രമിച്ചുവെന്നും 1500 മീറ്ററില്‍ മത്സരാര്‍ഥികള്‍ അധികമെന്നും ചൂണ്ടി കാട്ടിയാണ് ലോക ഫെഡറേഷന്‍ അപ്പീല്‍ തള്ളിയതെന്ന് ദേശീയ അത്‌ലറ്റിക്‌സ് ഫെഡറേഷന്‍ അറിയിച്ചു.

ചെയ്യാനാവുന്നതെല്ലാം ചെയ്തുവെന്നും ലോക അത്‌ലറ്റികസ് ഫെഡറേഷന്‍ അനുമതി നിഷേധിച്ചെന്നുമാണ്
ദേശീയ ഫെഡറേഷന്റെ ന്യായീകരണം. എന്നാല്‍ ദേശീയ അത്‌ലറ്റിക്‌സ് ഫെഡറേഷന്റെ കുത്തഴിഞ്ഞ പ്രവര്‍ത്തനത്തിന്റെ ഒടുവിലത്തെ ഇരയായി ചിത്രയെന്ന് വ്യക്തമാണ്. അവസാന നിമിഷം വരെ പ്രതീക്ഷയുണ്ടായിരുന്നെന്നും ജീവിതത്തിലെ ഏറ്റവും മികച്ച അവസരം നഷ്ടപെട്ടെന്നും പി യു ചിത്ര പീപ്പിള്‍ ടിവിയോട് പ്രതികരിച്ചു.

ഗോഡ്ഫാദര്‍ ഇല്ലാത്തതാണ് പി യു ചിത്രയുടെ അവസരം ഇല്ലാതാക്കുന്നതിന് ഇതിഹാസ താരങ്ങള്‍ ഉള്‍പെട്ട നിരീക്ഷണ സമിതിക്കും പ്രചോദനമായത്. യോഗ്യതാ സമയം കുറിക്കാനായില്ലെങ്കിലും സ്റ്റേപ്പിള്‍ ചേസ് താരം സുധാ സിങ്, ഒഡിഷാ താരം ദ്യുതി ചന്ദ് എന്നിവരെ സമയ പരിധി കഴിഞ്ഞിട്ടും ഉള്‍പ്പെടുത്താന്‍ ദേശീയ ഫെഡറേഷന്‍ തയാറായി. ഏഷ്യന്‍ അത്‌ലറ്റിക്‌സില്‍ സ്വര്‍ണം നേടിയ ചിത്രയുടെ കാര്യത്തില്‍ എന്നാല്‍ ഫെഡറേഷന്‍ കാണിച്ച നിസ്സംഗത ഇരട്ടതാപ്പ് വ്യക്തമാക്കുന്നതായി.

ചിത്രയ്ക്ക് അവസരം ലഭിച്ചില്ലെങ്കിലും ഹൈക്കോടതി വിധി നടപ്പാക്കാന്‍ ശ്രമിച്ചുവെന്ന് കോടതിയില്‍ മറുപടി നല്‍കാനാണ് കേന്ദ്ര കായിക മന്ത്രാലയത്തിന്റെയും ദേശീയ ഫെഡറേഷന്റെയും ഇപ്പോഴത്തെ തീരുമാനം. ആഗസ്റ്റ് നാലിനായിരുന്നു ചിത്രയുടെ 1500 മീറ്റര്‍ മത്സരം. അന്തര്‍ ദേശീയ മാധ്യമങ്ങള്‍ പോലും ഏഷ്യന്‍ വന്‍കരയുടെ രാജകുമാരി എന്ന് വിശേഷിപ്പിച്ച പി യു ചിത്രയോട് എത്ര ന്യായീകരണങ്ങള്‍ നിരത്തിയാലും ഫെഡറേഷന് മാപ്പ് നല്‍കാന്‍ ആകില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News