രണ്ട് മിനിറ്റ് ഓടാം ആരോഗ്യം മെച്ചപ്പെടുത്താം

ആരോഗ്യം മെച്ചപ്പെടുത്തണം എന്നാണ് മിക്കവരുടെയും ആഗ്രഹം. അതിനായി രാവിലെ ഒരു നടത്തമൊക്കെയാവാം. അല്ലെങ്കില്‍ ഒന്ന് ഓടിയിട്ടുവരാം എന്നും ഉണ്ട്. എന്നാല്‍ പലപ്പോഴും അത് സാധിക്കാറില്ല. സമയക്കുറവാണ് പ്രശ്‌നമെങ്കില്‍ വിഷമിക്കേണ്ട. ഇതിനായി ഒന്നോ രണ്ടോ മിനിറ്റ് മാറ്റി വച്ചാല്‍ മതി. ഒന്നോ രണ്ടോ മിനിറ്റ് ദിവസവും ഓടുന്നത് എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുമത്രെ.

ഒരു മിനിറ്റില്‍ താഴെ ഓടിയവരെക്കാള്‍ 60 മുതല്‍ 120 സെക്കന്റു വരെ ദിവസവും ഓടിയ സ്ത്രീകളില്‍ എല്ലുകളുടെ ആരോഗ്യം 4% മെച്ചപ്പെട്ടതായി കണ്ടു. രണ്ടു മിനിറ്റിലധികം ഓടിയവരില്‍ 6 ശതമാനവും.

ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ ദീര്‍ഘസമയം വ്യായാമം ചെയ്യുന്നതുപോലെ ഗുണകരമാണ് ദിവസവും ഒന്നോ രണ്ടോ മിനിറ്റ് ഓടുന്നതെന്ന് എക്‌സീറ്റര്‍ സര്‍വകലാശാല ഗവേഷകര്‍ പറയുന്നു. സ്ത്രീകളില്‍ എല്ലുകളുടെ ആരോഗ്യവും കഠിനവും ഭാരം വഹിക്കുന്നതുമായ വ്യായാമവും തമ്മില്‍ ബന്ധമുണ്ടെന്ന് ഇന്റര്‍നാഷണല്‍ ജേണല്‍ ഓഫ് എപ്പിഡെമിയോളജിയില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.

എല്ലുകളുടെ ആരോഗ്യം നിരവധി ആരോഗ്യഗുണങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഓസ്റ്റിയോപോറോസിസ് പോലെ എല്ലുകളെ ബാധിക്കുന്ന രോഗങ്ങള്‍ വരാനുള്ള സാധ്യതയും പ്രായമാകുമ്പോള്‍ എല്ലുകള്‍ക്ക് ഫ്രാക്ചര്‍ ഉണ്ടാകാനുള്ള സാധ്യതയും കുറയ്ക്കും തുടങ്ങി നിരവധി ഗുണങ്ങളുണ്ട്.

പഠനത്തിനായി 2500 സ്ത്രീകളുടെ വിവരങ്ങള്‍ പരിശോധിച്ചു. കൈത്തണ്ടയില്‍ ധരിക്കാവുന്ന ഉപകരണം ഉപയോഗിച്ച് ആക്റ്റിവിറ്റി ലെവലും ഉപ്പൂറ്റിയുടെ എല്ലിന്റെ അള്‍ട്രാസൗണ്ട് സ്‌കാന്‍ ഉപയോഗിച്ച് എല്ലിന്റെ ആരോഗ്യവും അളന്നു.

ദിവസവും ഉള്ള പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ ആദ്യം നടത്തം കൂട്ടുകയാണ് ചെയ്യേണ്ടത്. കൂടാതെ നടക്കുന്നതിനിടയില്‍ കുറച്ച് ഓട്ടവും ആകാം അതായത് ബസ് കിട്ടാന്‍ ഓടുന്നതുപോലെ, ഗവേഷകയായ വിക്ടോറിയ സ്‌റ്റൈന്‍സ് പറയുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News