മിസോറം ലോട്ടറി ചതിക്കുഴിയില്‍

ആരുടെയും കണ്ണ് തുറപ്പിക്കുന്ന നിരീക്ഷണങ്ങളും വെളിപ്പെടുത്തലുകളുമാണ് മിസോറം ലോട്ടറി നടത്തിപ്പിനെക്കുറിച്ച് അന്വേഷിച്ച സിഎജി പുറത്തുവിട്ടത്. സഹസ്രകോടികളുടെ തട്ടിപ്പില്‍ ക്രമക്കേടുകളുടെയും നിയമലംഘനങ്ങളുടെയും ഒരു പരമ്പരതന്നെയുണ്ട്. പരസ്യവാഗ്ദാനങ്ങള്‍ വിശ്വസിച്ച് മിസോറം ലോട്ടറിയുടെ ഏജന്‍സിയെടുക്കാനിരിക്കുന്നവരും ആ ലോട്ടറിയില്‍ ഭാഗ്യം പരീക്ഷിക്കാനിരിക്കുന്നവരും സിഎജിയുടെ റിപ്പോര്‍ട്ടിലെ പ്രസക്തഭാഗങ്ങള്‍ അറിഞ്ഞിരിക്കണം.

ഈ ലോട്ടറിയെടുത്താല്‍ സമ്മാനം ലഭിക്കുമെന്നുള്ളതിന് എന്താണുറപ്പ്. ഏത് ലോട്ടറിയെക്കുറിച്ചും ആ ചോദ്യം ചോദിക്കാം. ടിക്കറ്റെടുത്താല്‍ സമ്മാനമടിക്കുമെന്ന് എന്തെങ്കിലും ഉറപ്പുണ്ടോ. പക്ഷേ, ഒരു കാര്യത്തില്‍ ഉറപ്പുണ്ട്. സമ്മാനം ആര്‍ക്കും അടിച്ചില്ലെങ്കില്‍ കേന്ദ്ര ലോട്ടറിനിയമത്തിലെ വകുപ്പ് 4(എഫ്) പ്രകാരം ആ തുക സംസ്ഥാന ഖജനാവിലൊടുക്കണം. അതാണ് നിയമം.

എന്നാല്‍, അവകാശികളില്ലാത്ത സമ്മാനത്തുക സര്‍ക്കാരിലേക്ക് ഒടുക്കിയതിന്റെയോ, സമ്മാനിതരെക്കുറിച്ചുള്ള വിവരങ്ങളോ മിസോറം ലോട്ടറി ഡയറക്ടറേറ്റിനു നല്‍കാന്‍ ടീസ്റ്റ ഡിസ്ട്രിബ്യൂട്ടേഴ്സ് തയ്യാറായിട്ടില്ല. 2013 മാര്‍ച്ച്, ജൂണ്‍, 2015 മാര്‍ച്ച് എന്നീ മാസങ്ങളിലെ സമ്മാനവിതരണത്തിന്റെ പരിശോധന റിപ്പോര്‍ട്ടിലുണ്ട്. മൂന്നു മാസത്തെയും സമ്മാനത്തുക വിതരണം ചെയ്തിരുന്നില്ല. 2016 ഫെബ്രുവരിയില്‍ ഓഡിറ്റ് നിര്‍ദേശത്തെതുടര്‍ന്നാണ് 1.35 കോടി രൂപ ഖജനാവില്‍ ഒടുക്കാന്‍ ടീസ്റ്റ ഡിസ്ട്രിബ്യൂട്ടേഴ്സ് തയ്യാറായത് എന്ന് റിപ്പോര്‍ട്ട് നിരീക്ഷിക്കുന്നു. 2012 മുതല്‍ 2016 വരെയുള്ള സമ്മാനവിതരണത്തിന്റെ നിജസ്ഥിതി പരിശോധിക്കാനുള്ള ഒരു രേഖയും മിസോറം ലോട്ടറി ഡയറക്ടറേറ്റില്‍ ഇല്ലെന്നും സിഎജി തുറന്നടിക്കുന്നു.

കഴിഞ്ഞ ദിവസം പത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ട പരസ്യം ഓര്‍ക്കുക. ഒന്നാം സമ്മാനം 70 ലക്ഷവും അതിന്റെ ഏജന്‍സി കമീഷന്‍ ഏഴ് ലക്ഷവുമാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇത്തരം സമ്മാനങ്ങളോ അതിന്റെ ഏജന്‍സി കമീഷനോ എവിടെയും വിതരണം ചെയ്തതിന്റെയോ ആദായനികുതി പിടിച്ചതിന്റെയോ ഒരു കണക്കും മിസോറം ലോട്ടറി ഡയറക്ടറേറ്റില്‍ ലഭ്യമല്ല. അങ്ങനെ എല്ലാത്തരം തട്ടിപ്പും നടത്തി ടീസ്റ്റ ഡിസ്ട്രിബ്യൂട്ടേഴ്സ് കൈക്കലാക്കിയത് 11,808 കോടിയോളം രൂപയാണെന്ന് സിഎജി റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. മിസോറം സര്‍ക്കാരിനു കിട്ടിയത് വെറും 25.45 കോടിയും.

പത്രത്തില്‍വന്ന പരസ്യപ്രകാരം ടിക്കറ്റ് വിലയുടെ 53.1 ശതമാനം സമ്മാനവും 5.3 ശതമാനം ഏജന്‍സി സമ്മാനവുമാണ്. 28 ശതമാനം നികുതി നല്‍കണം. അങ്ങനെ മൊത്തം 86.4 ശതമാനം. ബാക്കിയുള്ളതുകൊണ്ടുവേണം വില്‍പ്പനക്കാര്‍ക്കുള്ള കമീഷനും അച്ചടിപരസ്യക്കൂലിയും മറ്റു ചെലവുകളെല്ലാം നടത്താന്‍. എന്നിട്ടുവേണം മാഫിയക്ക് ലാഭം കിട്ടാന്‍. പുതിയ ലോട്ടറി തട്ടിപ്പാണെന്നതിന് ഇതിലേറെ തെളിവ് വേണോ? ഒന്നുകില്‍ സമ്മാനം കബളിപ്പിക്കണം. അല്ലെങ്കില്‍ നികുതി വെട്ടിക്കണം. അങ്ങനെയേ ഈ ലോട്ടറി നടത്താനാകൂ. ഇതു രണ്ടും ചെയ്യാമെന്നു ഭാവിച്ചാണ് സാന്റിയാഗോ മാര്‍ട്ടിന്റെ കേരളത്തിലേക്കുള്ള രണ്ടാംവരവ്. ഇത് അനുവദിക്കാതിരിക്കാന്‍ നിയമപ്രകാരം സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കും.

കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാരിന്റെ തുടക്കത്തില്‍ കേരള ലോട്ടറിയുടെ 25 ശതമാനം നികുതിയും ലാഭവും മറ്റുമായി സംസ്ഥാന സര്‍ക്കാരിന് ലഭിച്ചിരുന്നു. കൂടുതല്‍ സമ്മാനവും കമീഷനും നല്‍കുന്നതിനുവേണ്ടി ഇത് ഏതാണ്ട് 15 ശതമാനമായി കുറച്ചു. ഇപ്പോഴും കേരള സര്‍ക്കാരിന്റെ ലാഭം ഈ തോതിലേയുള്ളൂ. അതേസമയം, ക്ഷേമനിധിയിലൂടെ ഒരു കാലത്തും ഇല്ലാത്തവണ്ണം ക്ഷേമാനുകൂല്യങ്ങള്‍ വര്‍ധിപ്പിച്ചിരിക്കുന്നു. അതുകൊണ്ടാണ് കേരളത്തിലെ വില്‍പ്പനക്കാര്‍ മുഴുവനും കക്ഷിഭേദമെന്യേ കേരള ഭാഗ്യക്കുറിയുടെ സംരക്ഷണത്തിനായി മുന്നോട്ടുവന്നിട്ടുള്ളത്. ലോട്ടറിമാഫിയക്ക് എതിരായിട്ട് നിരന്തരമായ പ്രചാരണത്തിലും പ്രക്ഷോഭത്തിലുമാണ് ഇവര്‍.

പ്രധാനപ്പെട്ട ഒരു കാര്യം ഇതാണ്. കേരളഭാഗ്യക്കുറിയുടെ ലാഭംമുഴുവന്‍ നാടിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ക്കാണ് ഉപയോഗിക്കുന്നത്. കഴിഞ്ഞ സര്‍ക്കാര്‍ ലോട്ടറിവരുമാനത്തിന്റെ വലിയൊരുഭാഗം ആതുരശുശ്രൂഷയ്ക്കായി കാരുണ്യപദ്ധതിക്ക് മാറ്റിവച്ചു. ഇന്ന് കേരള സര്‍ക്കാര്‍ ലോട്ടറിവരുമാനം പൂര്‍ണമായും അതിബൃഹത്തായ ഒരു ആരോഗ്യപരിരക്ഷാ സ്കീമിനായി വകയിരുത്തുന്നതിനുള്ള തയ്യാറെടുപ്പിലാണ്.

അതേസമയം, ഇടനിലക്കാര്‍ നടത്തുന്ന മറ്റു ഭാഗ്യക്കുറികള്‍ വമ്പന്‍ സമ്മാനവാഗ്ദാനങ്ങള്‍ നല്‍കി നമ്മുടെ നാട്ടിലെ ഭാഗ്യാന്വേഷികളായ പാവങ്ങളില്‍നിന്ന് ഊറ്റിപ്പിഴിയുന്ന പണം മുഴുവനും സാന്റിയാഗോ മാര്‍ട്ടിനും സില്‍ബന്തികളും കൊണ്ടുപോകുന്നുവെന്നാണ് സിഎജി റിപ്പോര്‍ട്ട് സാക്ഷ്യപ്പെടുത്തുന്നത്. ഈ തട്ടിപ്പിന് മിസോറം സര്‍ക്കാരിലെ പ്രബലന്മാരുടെ ഒത്താശയുമുണ്ട് എന്നും ആരോപണങ്ങളുണ്ട്. കേന്ദ്ര- സംസ്ഥാന നിയമങ്ങളൊക്കെയും ലംഘിച്ചാണ് ഈ പകല്‍ക്കൊള്ള നടത്തുന്നത്.
നിയമം അനുസരിച്ച് ഒരു സംസ്ഥാനത്തിന്റെ ലോട്ടറി മറ്റൊരു സംസ്ഥാനത്ത് നടത്തുന്നുവെങ്കില്‍, സ്കീം, പ്രൊമോട്ടര്‍, വിതരണക്കാര്‍ എന്നുതുടങ്ങി സകലവിവരങ്ങളും കൈമാറണം. ലോട്ടറിനിയമത്തില്‍ പറയുന്ന കാര്യങ്ങള്‍ക്കു പുറമെ സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടുന്ന വിവരങ്ങളും നല്‍കിയാലേ ലോട്ടറി നടത്താന്‍ അനുമതി കൊടുക്കാവൂ. പക്ഷേ, ലോട്ടറി മാഫിയക്ക് നിയമങ്ങളൊന്നും ബാധകമല്ല. അനുമതി കിട്ടുന്നതിനുമുമ്പേ അവര്‍ നറുക്കെടുപ്പും തീയതിയുമൊക്കെ തീരുമാനിച്ച് പരസ്യംചെയ്തു. കാര്യങ്ങളൊക്കെ കേരള സര്‍ക്കാര്‍ പത്രം വായിച്ചറിഞ്ഞാല്‍മതിയെന്നായിരുന്നു വെല്ലുവിളി.

ദോഷം പറയരുതല്ലോ, പരസ്യത്തിനു പിന്നാലെ കാര്യങ്ങള്‍ അറിയിക്കാനുള്ള ഔദാര്യം മിസോറം സര്‍ക്കാര്‍ കാണിച്ചു. ആ അറിയിപ്പുപ്രകാരം ടീസ്റ്റ ഡിസ്ട്രിബ്യൂട്ടേഴ്സ് എന്ന സ്ഥാപനത്തിനാണ് മിസോറം ലോട്ടറിനടത്തിപ്പിന്റെ ചുമതല. കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ടുകളുടെ പേരിലുള്‍പ്പെടെ കുപ്രസിദ്ധിക്ക് ഒരു പഞ്ഞവുമില്ലാത്ത സ്ഥാപനം. കേരളം കെട്ടുകെട്ടിച്ച മാഫിയാത്തലവന്റെ ബിനാമി സ്ഥാപനമാണ് ഇതെന്നും കേള്‍വിയുണ്ട്.

ടീസ്റ്റ ഡിസ്ട്രിബ്യൂട്ടേഴ്സിനെ ലോട്ടറിനടത്തിപ്പിന്റെ ഏജന്‍സിയായി തെരഞ്ഞെടുത്തത് മിസോറമില്‍ വലിയ വിവാദമായി. മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ലാല്‍ തന്‍ഹന്‍ വാലയ്ക്കെതിരെ പ്രതിപക്ഷം ആരോപണങ്ങളുടെ ശരമാരി തീര്‍ത്തു. ടെന്‍ഡര്‍ സംബന്ധിച്ച് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള മിസോറം സ്റ്റേറ്റ് ലോട്ടറി കമ്മിറ്റിയുടെ തീരുമാനത്തെ മുഖ്യമന്ത്രി മേലധികാരം ഉപയോഗിച്ച് റദ്ദാക്കിയെന്നായിരുന്നു പ്രധാന ആരോപണം. അതായത്, മിസോറം സംസ്ഥാന ലോട്ടറിയുടെ നടത്തിപ്പുകാരായി ടീസ്റ്റ ഡിസ്ട്രിബ്യൂട്ടേഴ്സിന്റെ നിയമനംതന്നെ വിവാദത്തിലാണ്.

സിഎജി റിപ്പോര്‍ട്ട് ഈ ക്രമക്കേടില്‍നിന്ന് ഒരുപടികൂടി കടന്ന് മിസോറം സര്‍ക്കാര്‍ ടീസ്റ്റ ഡിസ്ട്രിബ്യൂട്ടേഴ്സുമായി ഉണ്ടാക്കിയ കരാര്‍ നിയമവിരുദ്ധവും ലോട്ടറി ചട്ടങ്ങളുടെ ലംഘനവുമാണെന്ന് വ്യക്തമാക്കുന്നു. ലോട്ടറിയുടെ വിറ്റുവരവ് പൂര്‍ണമായും ബന്ധപ്പെട്ട സംസ്ഥാനത്തിന്റെ സഞ്ചിതനിധിയിലേക്ക് അടയ്ക്കണമെന്ന്  ലോട്ടറി നിയന്ത്രണനിയമത്തിലെ വ്യവസ്ഥയ്ക്കു പകരം മിനിമം ഗ്യാരന്റീഡ് റവന്യൂ എന്ന പേരിലുള്ള ചെറിയ തുകമാത്രം ഈ കരാര്‍ പ്രകാരം ട്രഷറിയില്‍ ഒടുക്കിയാല്‍ മതിയാകും. ഈ ചെറിയ തുക ഒടുക്കിക്കൊണ്ട് ലോട്ടറിയില്‍ എന്ത് തിരിമറിയും നടത്തുന്നതിനുള്ള സ്വാതന്ത്യ്രം ടീസ്റ്റയ്ക്ക് നല്‍കിയിരിക്കുകയാണ്.

ഇത്തരമൊരു സ്ഥാപനത്തെയാണ് കേരളത്തിലെ ലോട്ടറിനടത്തിപ്പിന് മിസോറം ചുമതലപ്പെടുത്തിയിരിക്കുന്നത്. സിഎജിയുടെ നിശിത വിമര്‍ശത്തിന് വിധേയമായ അതേ കരാറിന്റെ കോപ്പിതന്നെയാണ് മൂന്നുവര്‍ഷത്തേക്കുകൂടി സാധുത ദീര്‍ഘിപ്പിച്ച് കേരള സര്‍ക്കാരിന് മിസോറം അയച്ചുതന്നിട്ടുള്ളത്. ഇത് നമുക്ക് സ്വീകാര്യമല്ല. ഇതിനിടയില്‍ കൂടുതല്‍ വിശദാംശങ്ങള്‍ ആരാഞ്ഞുകൊണ്ട് മിസോറം സര്‍ക്കാരിന് കേരളം കത്തയച്ചിട്ടുണ്ട്.

ജിഎസ്ടി കൌണ്‍സിലില്‍ ശക്തമായ വാഗ്വാദം ലോട്ടറിയെക്കുറിച്ച് നടക്കുകയുണ്ടായി. നമ്മുടെ നിലപാട് അംഗീകരിച്ചെടുപ്പിക്കാന്‍ കഴിഞ്ഞു. സംസ്ഥാനസര്‍ക്കാര്‍ സംസ്ഥാനത്തിനുള്ളില്‍ നേരിട്ട് നടത്തുന്ന ലോട്ടറികള്‍ക്ക് 12 ശതമാനവും അല്ലാത്തവയ്ക്ക് 28 ശതമാനവുമാണ് നികുതി. 28 ശതമാനം നികുതി നല്‍കിക്കൊണ്ട് കൊള്ളലാഭം നേടാന്‍ കഴിയില്ല. ഒന്നുകില്‍ നികുതി വെട്ടിക്കാം എന്ന ഹുങ്കോ സമ്മാനങ്ങളില്‍ തിരിമറി നടത്തുകയെന്ന പതിവ് കൌശലമോ ആണ് ലോട്ടറി മാഫിയയുടെ വരവിനു പിന്നില്‍. അതുകൊണ്ട് വളരെ കര്‍ശനമായ ചട്ടങ്ങളാണ് ജിഎസ്ടി നിയമത്തിന് കേരളത്തില്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. ടിക്കറ്റിന്റെ എണ്ണം പോരാ, നമ്പരുകള്‍ കൃത്യമായി അറിയിക്കണം. അത് ഫിസിക്കല്‍ വെരിഫിക്കേഷന് വിധേയമാക്കണം. നറുക്കെടുപ്പ് കഴിഞ്ഞാല്‍ 48 മണിക്കൂറിനുള്ളില്‍ വില്‍ക്കാത്ത ടിക്കറ്റുകള്‍ നികുതി ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ ഹാജരാക്കണം. ഇതൊന്നും ചെയ്യാതെയാണ് പരസ്യവുമായി മാഫിയ എത്തിയിട്ടുള്ളത്.

ഇതനുവദിക്കാന്‍ പാടില്ല. അന്യസംസ്ഥാന ലോട്ടറി നടത്തിപ്പെന്നാല്‍ പട്ടാപ്പകല്‍ നടത്തുന്ന തീവെട്ടിക്കൊള്ളയാണ്. ഈ നിയമലംഘനം ചെറുക്കാനും ചോദ്യംചെയ്യാനും ഓരോ പൌരനും ബാധ്യതയുണ്ട്. ഓരോ പൌരനും ഈ ചെറുത്തുനില്‍പ്പില്‍ പങ്കാളിയാകണം. ഈ തട്ടിപ്പുലോട്ടറികള്‍ വാങ്ങാതിരിക്കുക. ഇത്തരമൊരു ബഹിഷ്കരണ പ്രസ്ഥാനം ശക്തിപ്പെട്ടാല്‍ ഈ ലോട്ടറിമാഫിയക്കാര്‍ക്ക് വാലുംപൊക്കി കേരളം വിടേണ്ടിവരും. സിഎജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മിസോറം സര്‍ക്കാര്‍ മാര്‍ട്ടിന്റെ കമ്പനിയുമായുള്ള കരാര്‍ റദ്ദാക്കണം. അല്ലാത്തപക്ഷം മിസോറം ലോട്ടറിയെ നിരോധിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണം. കഴിഞ്ഞവര്‍ഷം ഇതേ ആവശ്യം ഉന്നയിച്ച് കേരളം കേന്ദ്രസര്‍ക്കാരിനെ സമീപിച്ചിരുന്നു. ഇപ്പോള്‍ മിസോറം ലോട്ടറി കേരളത്തില്‍ പ്രവര്‍ത്തിക്കുന്നില്ലല്ലോ, അങ്ങനെയൊരു സാഹചര്യം വന്നാലല്ലേ നമ്മുടെ പരാതി പരിഗണിക്കുന്നതിന് പ്രസക്തിയുള്ളൂ എന്നായിരുന്നു കേന്ദ്രത്തിന്റെ അന്നത്തെ മറുപടി. ഇന്ന് ഈ സാഹചര്യം സംജാതമായിരിക്കുകയാണ്. കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിക്കണം. എന്തുതന്നെയായാലും നിയമവിരുദ്ധ ലോട്ടറി തടയുന്നതിന് ശക്തമായ നടപടി കേരള സര്‍ക്കാര്‍ സ്വീകരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News