പ്രാര്‍ത്ഥനായജ്ഞത്തെ ചൊല്ലി യുഡിഎഫില്‍ ഭിന്നത; പുറത്തുവരുന്നത് കോണ്‍ഗ്രസിനോട് ഘടകക്ഷികള്‍ക്കുള്ള അമര്‍ഷം

തിരുവനന്തപുരം: സംസ്ഥാനത്ത് സമാധാന അന്തരീക്ഷം പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് നടത്തിയ പ്രാര്‍ത്ഥനായജ്ഞത്തെ ചൊല്ലി യുഡിഎഫില്‍ ഭിന്നത. പ്രാര്‍ത്ഥനായജ്ഞത്തിന്റെ വേദി രാജ്ഭവന് മുന്നില്‍ നിന്ന് കെപിസിസി ആസ്ഥാനത്തേക്ക് മാറ്റിയതില്‍ ഘടകക്ഷികളായ ജെഡിയു, ആര്‍എസ്പി, സിഎംപിയും കോണ്‍ഗ്രസിനെ അതൃപ്തി അറിയിച്ചു.

സിപിഐഎമ്മും ബിജെപിയും കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കുക, സംസ്ഥാനത്ത് സമാധാന അന്തരീക്ഷം പുനസ്ഥാപിക്കുക എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി ഇന്ദിരാ ഭവനില്‍ ആണ് പ്രാര്‍ത്ഥനായജ്ഞം സംഘടിപ്പിച്ചത്. യുഡിഎഫ് എംഎല്‍എമാരും ഘടകക്ഷി നേതാക്കളും പാര്‍ട്ടി പ്രവര്‍ത്തകരും ഉള്‍പ്പെടുന്ന പ്രാര്‍ത്ഥനായജ്ഞത്തിന്റെ വേദി രാജ്ഭവന് മുന്നിലായിരുന്നു.

എന്നാല്‍ കഴിഞ്ഞ ദിവസമാണ് ഈ വേദി മാറ്റി പരിപാടി കെപിസിസി ആസ്ഥാനത്ത് നടത്താന്‍ തീരുമാനിച്ചത്. പക്ഷേ കോണ്‍ഗ്രസിന്റെ ഈ ഏകപക്ഷീയമായ തീരുമാനത്തില്‍ ജെഡിയു, ആര്‍എസ്പി, സിഎംപി എന്നിവര്‍ കോണ്‍ഗ്രസിനെയും യുഡിഎഫ് കണ്‍വീനറെയും അതൃപ്തി അറിയിച്ച് പരിപാടി ബഹിഷ്‌കരിക്കുകയായിരുന്നു.

നിശ്ചയിച്ച പ്രകാരം രാജ്ഭവനില്‍ മുന്നില്‍ തന്നെ പരിപാടി നടത്തണമായിരുന്നു. പൊലീസ് തിരുവനന്തപുരം നഗരത്തില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ ലംഘിച്ച് പരിപാടി നടത്തി നേതാക്കള്‍ അറസ്റ്റ് വരിക്കണമായിരുന്നു എന്നതാണ് ഘടകക്ഷികളുടെ നിലപാട്.

പൊലീസിനെ പേടിച്ചോടേണ്ട കാര്യമില്ല. പൊതുപ്രവര്‍ത്തകര്‍ എന്തിനാണ് പൊലീസിനെ ഭയക്കുന്നത്. ഇന്ദിരാഭവനില്‍ നടന്ന പ്രാര്‍ത്ഥനായജ്ഞപരിപാടിയും നിരോധനാജ്ഞയുടെ ലംഘനം തന്നെയാണ്. പിന്നെ എന്ത് കൊണ്ട് പ്രാര്‍ത്ഥനായജ്ഞം രാജ്ഭവനില്‍ നടത്തിയില്ലെന്നും യജ്ഞത്തില്‍ നിന്ന് വിട്ടുനിന്ന ഘടകക്ഷികളുടെ നേതാക്കള്‍ ചോദിച്ചു.

പക്ഷേ കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ മറുപടി നല്‍കാതെ ന്യായീകരിച്ചതിലും നേതാക്കള്‍ക്ക് അമര്‍ഷം ഉണ്ട്. ജനകീയ പിന്‍തുണ കിട്ടേണ്ട പരിപാടിയാണ് ഇത്തരത്തില്‍ ഒളിച്ച് സംഘടിപ്പിച്ചതെന്നും ഘടകക്ഷിനേതാക്കള്‍ കുറ്റപ്പെടുത്തുന്നു. എന്നാല്‍ വേദി മാറ്റിയത് നിരോധനാജ്ഞയുടെ പശ്ചാത്തലത്തില്‍ പരിപാടി നടത്താന്‍ അുനദിക്കുകയില്ല എന്ന സര്‍ക്കാര്‍ തീരുമാനത്തെ തുടര്‍ന്നാണെന്ന് കെപിസിസി അദ്ധ്യക്ഷനും പ്രതിപക്ഷനേതാവും വ്യക്തമാക്കി. വിഷയം അടുത്ത യുഡിഎഫ് യോഗത്തില്‍ ഘടകക്ഷി നേതാക്കള്‍ ഉന്നയിക്കും.

അതേസമയം, കോണ്‍ഗ്രസിനോടുള്ള ജെഡിയു, ആര്‍എസ്പി, സിഎംപി എന്നീ ഘടകക്ഷികളുടെ അമര്‍ഷമാണ് പ്രാര്‍ത്ഥനായജ്ഞ പരിപാടി ബഹിഷ്‌കരണത്തിലൂടെ പുറത്തുവന്നിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News