തനിക്കെതിരെ ഗൂഢാലോചനയെന്ന് ദിലീപ്; പിന്നില്‍ മഞ്ജുവിന്റെ സുഹൃത്തായ സംവിധായകന്‍ ശ്രീകുമാറോ? ഉത്തരം തേടി പൊലീസ്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെ പൊലീസ് ചോദ്യം ചെയ്യുന്നു. സംവിധായകന്‍ ശ്രീകുമാര്‍ മേനോനെയും ആലുവ പൊലീസ് ക്ലബില്‍ ചോദ്യം ചെയ്തിരുന്നു. കേസിലെ മറ്റൊരു പ്രതിയായ വിപിന്‍ ലാലിനെയും അന്വേഷണ സംഘം ചോദ്യം ചെയ്തു.

ക്രൈംബ്രാഞ്ച് എസ്പി സുദര്‍ശന്‍, പെരുമ്പാവൂര്‍ സിഐ ബൈജു പൊലീസ് എന്നിവരുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍ തുടരുന്നത്. രാവിലെ 11 മണിക്ക് മാധ്യമങ്ങളെ വെട്ടിച്ച് നാടകീയമായാണ് അപ്പുണ്ണി പൊലീസ് ക്ലബിലെത്തിയത്. പര്‍സര്‍ സുനി അപ്പുണ്ണിയെ നിരവധി തവണ ഫോണില്‍ വിളിച്ചിരുന്നതായി കോള്‍ രേഖകളില്‍ നിന്നും മനസിലായ സാഹചര്യത്തിലാണ് ചോദ്യം ചെയ്യല്‍. സുനി അപ്പുണ്ണിയെ വിളിച്ചപ്പോഴെല്ലാം ദിലീപിന്റെ സാന്നിധ്യവും ഉണ്ടായിരുന്നു. കാക്കനാട്ട് ജയിലില്‍ വച്ചും സുനി നിരവധി തവണ അപ്പുണ്ണിയെ വിളിച്ചിരുന്നു.

സുനിയെ അറിയില്ലെന്ന മൊഴിയില്‍ ദിലീപും കാവിയും ഉറച്ചു നില്‍ക്കുമ്പോള്‍ അപ്പുണ്ണിയുടെ മൊഴി കേസില്‍ നിര്‍ണായകമാണ്. അതിനാല്‍ കൃത്യമായ തെളിവുകളോടെ പ്രത്യേകം ചോദ്യാവലികള്‍ നിരത്തിയാണ് അപ്പുണ്ണിയെ ചോദ്യം ചെയ്യുന്നത്. അതിനിടെ ജയിലില്‍ സുനിക്ക് കത്ത് എഴുതാന്‍ സഹായിച്ച വിപിന്‍ ലാലിനെയും പൊലീസ് ക്ലബ്ബില്‍ എത്തിച്ചിരുന്നു.

പൊലീസ് കസ്റ്റഡിയില്‍ ആയിരുന്ന വിപിന്‍ ലാലിനെ അപ്പുണ്ണിക്കൊപ്പം ഒരുമിച്ചിരുത്തി ചോദ്യം ചെയ്തു. തന്നെ ഭീഷണിപ്പെടുത്തിയാണ് കത്ത് എഴുതിച്ചതെന്ന് വിപിന്‍ ലാല്‍ നേരത്തേ മൊഴി നല്‍കിയിരുന്നു. ഈ കത്ത് അപ്പുണ്ണിയുടെ മൊബൈലിലേക്ക് സുനി വാട്‌സ്ആപ് വഴി അയച്ചു കൊടുത്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇരുവരെയും ഒരുമിച്ചിരുത്തിയത്.

അതിനിടയില്‍ മഞ്ജു വാര്യരുടെ അടുത്ത സുഹൃത്തും സംവിധായകനുമായ ശ്രീകുമാര്‍ മേനോനും അന്വേഷണ സംഘത്തിന് മുമ്പാകെ മൊഴി നല്‍കാനെത്തി. ദിലീപിന്റെ മൊഴിയില്‍ മുംബൈ കേന്ദ്രീകരിച്ച് തനിക്കെതിരേ ഗൂഢാലോചന ഉണ്ടെന്ന് പറഞ്ഞിരുന്നു. ഈ മൊഴിയില്‍ വ്യക്തത തേടാനാണ് മുംബൈ നിവാസിയായ ശ്രീകുമാര്‍ മേനോനെ ഒരു മണിക്കൂറോളം ചോദ്യം ചെയ്തത്. കേസുമായി ബന്ധപ്പെട്ട് ഇനിയും നിരവധി പേരെ ചോദ്യം ചെയ്യും. അപ്പുണ്ണിയുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായാല്‍ ഇയാളെ പ്രതി ചേര്‍ക്കുകയോ അറസ്റ്റോ ഉണ്ടാകുമെന്നാണ് സൂചന.

നടിയും ദിലീപിന്റെ മുന്‍ഭാര്യയുമായ മഞ്ജു വാര്യരുടെ അടുത്ത സുഹൃത്താണ് ശ്രീകുമാര്‍ മേനോന്‍. മോഹന്‍ലാല്‍ നായകനാകുന്ന ഒടിയന്‍ എന്ന ചിത്രം സംവിധനം ചെയ്യുന്നത് ശ്രീകുമാറാണ്. 1000 കോടി ബജറ്റിലൊരുങ്ങുന്ന മഹാഭാരതം സിനിമയും ശ്രീകുമാറാണ് ഒരുക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News