റയലിന്റെ ഡ്രസ്സിംഗ് റൂമില്‍ നെയ്മര്‍; കാല്‍പന്തുലോകത്തെ ഞെട്ടിക്കുന്ന വീഡിയോ പുറത്ത്; താരം റയലിലേക്കെന്നും അഭ്യുഹം

മാഡ്രിഡ്; ബ്രസിലിയന്‍ നായകനും ബാഴ്‌സയുടെ സൂപ്പര്‍ താരവുമായ നെയ്മറിനെ ചുറ്റിപറ്റിയാണ് ഫുട്‌ബോള്‍ ലോകം ഇപ്പോള്‍ ഉരുളുന്നത്. മാനേജ്‌മെന്റുമായി തെറ്റിപിരിഞ്ഞ സൂപ്പര്‍ താരം ബാഴ്‌സലോണയില്‍ നിന്ന് പടിയിറങ്ങുമെന്ന് ഏറക്കുറെ ഉറപ്പായിട്ടുണ്ട്. കഴിഞ്ഞ സീസണ്‍ അന്തിമ ഘട്ടത്തിലെത്തിയപ്പോള്‍ തന്നെ കറ്റാലന്‍ വമ്പന്‍മാരുടെ കൂട്ടത്തില്‍ നിന്ന് നെയ്മര്‍ കൂടുമാറുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ആരാധകര്‍ അതൊന്നും വിശ്വസിച്ചിരുന്നില്ല.

പക്ഷെ ഇപ്പോള്‍ കാര്യങ്ങള്‍ ഏവര്‍ക്കും ബോധ്യമായിട്ടുണ്ട്. സഹതാരങ്ങളായ ലയണല്‍ മെസിയും ലൂയി സുവാരസും പരിശ്രമിച്ചിട്ടുപോലും നെയ്മറിന്റെ തീരുമാനത്തില്‍ മാറ്റമുണ്ടായിട്ടില്ല. ഫ്രഞ്ച് വമ്പന്‍മാരായ പി എസ് ജിയിലേക്കാകും നെയ്മര്‍ കൂടുമാറുകയെന്ന റിപ്പോര്‍ട്ടുകളാണ് ആദ്യം പുറത്തുവന്നത്. ലോകറെക്കോര്‍ഡ് തുകയ്ക്ക് പി എസ് ജിയിലെത്തുന്ന നെയ്മറിന്റെ കായിക പരിശോധന ഉടന്‍ ഉണ്ടാകുമെന്നും സൂചനകളുണ്ടായിരുന്നു.

അതിനിടയിലാണ് നെയ്മര്‍ കൂടുമാറുക ബാഴ്‌സലോണയുടെ ചിരവൈരികളായ റയല്‍ മാഡ്രിഡിലേക്കാണെന്ന ചില റിപ്പോര്‍ട്ടുകളും പുറത്തുവരുന്നത്. നെയ്മറിന്റെ ട്രാന്‍സ്ഫര്‍ ചര്‍ച്ചകള്‍ ചൂട് പിടിക്കവെയായിരുന്നു മിയാമിയില്‍ വെച്ചു സൗഹൃദ എല്‍ക്ലാസിക്കോ നടന്നത്. റയല്‍ മാഡ്രിഡിനെ രണ്ടിനെതിരേ മൂന്ന് ഗോളുകള്‍ക്ക് മെസിയും സംഘവും കീഴ്‌പ്പെടുത്തിയപ്പോള്‍ ആരാധകര്‍ ആഘോഷ നൃത്തമാടി. എന്നാല്‍ അതേ ആരാധകരുടെ നെഞ്ച് തകര്‍ക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ മിയാമിയില്‍ നിന്നും പുറത്തുവരുന്നത്.


മിയാമി എല്‍ ക്ലാസിക്കോയ്ക്കു ശേഷം വൈരികളായ റയല്‍ മാഡ്രിഡിന്റെ ഡ്രസിംഗ് റൂമിലേക്കും നെയ്മര്‍ കടന്നു ചെന്നിരുന്നു. സാധാരണഗതിയില്‍ എതിര്‍ടീമിന്റെ ഡ്രസ്സിംഗ് റൂമിലേക്ക് താരങ്ങള്‍ പോകാറില്ല. അതുകൊണ്ടു തന്നെയാണ് റയലിലേക്ക് നെയ്മര്‍ കൂടുമാറാനുള്ള സാധ്യതകളും സജീവമാകുന്നത്. എന്തായാലും റയലിന്റെ ഡ്രസ്സിംഗ് റൂമില്‍ പോയ സൂപ്പര്‍ താരത്തെ തങ്ങള്‍ക്ക് ഇനി വേണ്ട എന്ന നിലപാടിലാണ് കറ്റാലന്‍ ആരാധകര്‍.

പോര്‍ച്ച്യുഗിസ് ഇതിഹാസം ലൂയിസ് ഫിഗോയുടെ അനുഭവം നെയ്മറിനും ഉണ്ടാകുമോയെന്ന ആശങ്കയിലാണ് കാല്‍പന്തുലോകം. ബാഴ്‌സയില്‍ നിന്നും റയലിലെത്തിയ ഫിഗോയെ അന്ന് ബാഴ്‌സ ആരാധകര്‍ കൂവി വിളിച്ച് ആക്രമിച്ചിരുന്നു. എന്തായാലും നെയ്മറിന്റെ ട്രാന്‍സ്ഫര്‍ ചര്‍ച്ചകളുടെ ചൂട് കുറഞ്ഞിട്ടില്ല.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here