പഴയ കുപ്പായമണിഞ്ഞ് രഞ്ജിപ്പണിക്കര്‍ എത്തുന്നു

തിരക്കഥ, സംഭാഷണം-രഞ്ജിപണിക്കര്‍ എന്ന് വെള്ളിത്തിരയില്‍ തെളിയുമ്പോള്‍ കരഘോഷത്തോടെ അതിനെ വരവേല്‍ക്കാത്ത മലയാള സിനിമാ പ്രേമികള്‍ കുറവാണ്. വാക്കുകള്‍ കൊണ്ടും, പുതിയ ഇംഗ്ലീഷ് പദങ്ങളുടെ ചടുലത കൊണ്ടും, പ്രാസത്തിന്റെ മനോഹാരിത കൊണ്ടും സിനിമകള്‍ക്ക് മികവേകിയ തിരക്കഥാകൃത്ത് രഞ്ജിപണിക്കര്‍ നീണ്ട ഒരു ഇടവേളയ്ക്ക് ശേഷം തൂലിക ചലിപ്പിക്കുന്നു.

ഓര്‍മ്മയുണ്ടോ ഈമുഖം. കാക്കിയിട്ടവന്റെ മേല്‍ കൈവച്ചാല്‍ നിനക്കൊന്നും നോവില്ല. ഇന്ത്യയുടെ ആത്മാവ് തൊട്ടറിയണമെങ്കില്‍ സെന്‍സ് ഉണ്ടാകണം സെന്‍സിബിലിറ്റി ഉണ്ടാകണം. സെന്‍സിറ്റിവിറ്റി ഉണ്ടാകണം എന്നിങ്ങനെ മലയാള സിനിമാ പ്രേമികളുടെ ചുണ്ടുകളില്‍ ഇപ്പോഴും തത്തികളിക്കുന്ന സൂപ്പര്‍ ഹിറ്റ് സിനിമാ ഡയലോഗുകള്‍ ഇനി വീണ്ടും കേള്‍ക്കാന്‍ തയ്യാറായിക്കൊള്ളുക.

തിരക്കഥ -സംഭാഷണ വേഷം അഴിച്ചുവച്ച് നടന വൈഭവത്തിന്റെ വ്യത്യസ്ത തലങ്ങളിലേക്ക് രഞ്ജിപണിക്കര്‍ പോയപ്പോഴും അവിടെയും തന്റേതായ ശൈലി നിലനിറുത്താന്‍ ആ കലാകാരന് സാധിച്ചുവെന്നത് ചലച്ചിത്രപ്രേമികള്‍ മറയില്ലാതെ പറയുന്നു. ഇംഗ്ലീഷ് –മലയാളം വാക്കുകള്‍ കൊണ്ട് അമ്മാനമാടിയിരുന്ന രഞ്ജി പണിക്കര്‍ തന്റെ തിരിച്ചുവരവ് നടത്തുന്നത് വമ്പന്‍ ചിത്രങ്ങളിലൂടെയാണ് എന്നതും ശ്രദ്ധേയം.

രഞ്ജിപണിക്കര്‍ എന്ന കേരളം കണ്ട ഏറ്റവും ശക്തമായ തിരക്കഥാ ഭാഷ്യങ്ങളുടെ എഴുത്തുകാരന്‍ തിരിച്ചുവരുന്നത് അത്രമേല്‍ രാജകീയമായിട്ടെന്നതും പറയാതെവയ്യ. ഒന്നല്ല. മൂന്ന് വമ്പന്‍ പ്രോജക്ടുകള്‍ക്കാണ് തിരിച്ചുവരവില്‍ രഞ്ജി പണിക്കര്‍ തിരക്കഥ മെനയുന്നത്.

മോഹന്‍ലാല്‍,പ്രിഥ്വിരാജ്,സുരേഷ് ഗോപി എന്നിങ്ങനെ വലിയൊരു താരനിരക്ക് രഞ്ജി പണിക്കര്‍ തൂലിക ചലിപ്പിക്കുമ്പോള്‍ പിറക്കുന്നത് ഹിറ്റ്‌സിനിമകളുടെ നീണ്ട പട്ടികയായിരിക്കും.മോഹന്‍ലാല്‍ –ഷാജി കൈലാസ് ചിത്രത്തിനാണ് ആദ്യ തിരക്കഥ തയ്യാറാക്കുക.ശേഷം തന്റെ മകന്‍ നിതിന്‍ രഞ്ജിപണിക്കരുടെ സംവിധാനത്തിലുള്ള ലേലം രണ്ടാംഭാഗത്തിന് ഡയലോഗുകള്‍ തീര്‍ക്കും.

പ്രിഥ്വിരാജിനെ നായകനാക്കി വിജി തമ്പി സംവിധാനം ചെയ്യുന്ന വേലുത്തമ്പിദളവ എന്ന ചിത്രത്തിനും തിരക്കഥ സംഭാഷണം രഞ്ജി പണിക്കരുടേത് തന്നെ.രഞ്ജി പണിക്കര്‍ എന്ന തിരക്കഥാ കൃത്തില്‍ നിന്ന് മലയാള സിനിമക്ക് ലഭിച്ച ഹിറ്റുകള്‍ എക്കാലത്തെയും ഹിറ്റുകളായി തന്നെ ഇപ്പോഴും തുടരുന്നു. കമ്മീഷണര്‍,ഏകലവ്യന്‍,ദി കിംഗ്,സ്ഥലത്തെ പ്രധാന പയ്യന്‍സ്,രൗദ്രം,കിംഗ് ആന്റ് ദി കമ്മീഷണര്‍ എന്നിങ്ങനെ പോകുന്നു ഹിറ്റുകള്‍.

ഭരത് ചന്ദ്രന്‍ എന്ന ചിത്രത്തിലൂടെ രഞ്ജി പണിക്കര്‍ സംവിധായകന്റെ കുപ്പായവും അണിഞ്ഞു.പിന്നെ ഒരു നീണ്ട ഇടവേള. സംഗതി ഇന്റര്‍വെല്ലാണെങ്കിലും രഞ്ജി പണിക്കര്‍ എന്ന കലാകാരന്റെ റസ്റ്റ് എടുത്തില്ല.തന്നിലെ നടനെ തുറന്നുവിട്ട് വെള്ളിത്തിരയില്‍ തന്റേതായ ഇടവും ഈ ഹിറ്റ്‌മേക്കര്‍ സ്വന്തമാക്കിയിരിക്കുകയാണ്.

ഒരു ദിവസം രഞ്ജി പണിക്കര്‍ ചിത്രങ്ങളുടെ ഒരു ഡയലോഗ് എങ്കിലും പറയാത്ത മലയാള സിനിമാ പ്രേക്ഷകര്‍ കുറവായിരിക്കും.നമുക്ക് കാത്തിരിക്കാം.സൂപ്പര്‍ ഡ്യൂപ്പര്‍ കിടിലം ഡയലോഗുകള്‍ക്കായി.പിറക്കും ഇനിയും ഹിറ്റുകള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News