മാലിന്യത്തില്‍ നിന്നും സ്വാതന്ത്ര്യം; ആഗസ്റ്റ് 6 മുതല്‍ ഗൃഹതല വിവരശേഖരണം

സംസ്ഥാനത്തെ പൂര്‍ണ്ണമായും മാലിന്യ രഹിതമാക്കുകയെന്ന ലക്ഷ്യം കൈവരിക്കുന്നതിന് സര്‍ക്കാര്‍ ആരംഭിക്കുന്ന ‘മാലിന്യത്തില്‍ നിന്നും സ്വാതന്ത്ര്യം’ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ മുഴുവന്‍ വീടുകളിലും സ്ഥാപനങ്ങളിലും മാലിന്യസംസ്‌കരണ അവസ്ഥ നിര്‍ണ്ണയ പഠനം സംഘടിപ്പിക്കും.

ആഗസ്റ്റ് 6 മുതല്‍ 13 വരെ സംഘടിപ്പിക്കുന്ന ഗൃഹതല വിവരശേഖരണത്തിന്റെ മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ ആരംഭിച്ചുകഴിഞ്ഞു. ഓരോ വീട്ടിലും ഉണ്ടാകുന്ന മാലിന്യങ്ങള്‍ എങ്ങനെയാണ് സംസ്‌കരിക്കുന്നതെന്ന് മനസ്സിലാക്കുന്നതിനും ജൈവമാലിന്യങ്ങള്‍ ഉറവിടങ്ങളില്‍ തന്നെ സംസ്‌കരിക്കുന്നതിന് എന്ത് സംവിധാനമാണ് അനുയോജ്യമെന്ന് കെണ്ടത്തുന്നതിന് മാര്‍ഗ്ഗ നിര്‍ദ്ദേശം നല്കുന്നതിനുമാണ് ഗൃഹസന്ദര്‍ശനങ്ങള്‍.

സാമൂഹിക പ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ആശാ വര്‍ക്കര്‍മാര്‍, അംഗന്‍വാടി അധ്യാപകര്‍, എന്‍ എസ് എസ്, എന്‍ സി സി, സ്‌കൗട്ട് വിദ്യാര്‍ത്ഥികള്‍, ദേശീയ സമ്പാദ്യപദ്ധതി ഏജന്റുമാര്‍ തുടങ്ങിയവരില്‍ നിന്നും ലഭ്യമായ രണ്ട് പേരടങ്ങിയ ടീമുകളാണ് 40-50 വീടുകളില്‍ വിവരശേഖരണം നടത്തുന്നത്.

ഇതിന്റെ ഭാഗമായി ജില്ലാതലത്തില്‍ ആദ്യഘട്ട പരിശീലന പരിപാടി സംഘടിപ്പിച്ചു. പരിശീലന പരിപാടിയില്‍ ശുചിത്വമിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍, സാക്ഷരതാ മിഷന്‍, കുടുംബശ്രീമിഷന്‍, സാമൂഹ്യനീതി വകുപ്പ്, പട്ടിക ജാതി-പട്ടിക വര്‍ഗ്ഗ വകുപ്പ്, എന്‍ എസ് എസ്, എന്‍ സി സി, എസ് പി സി ആരോഗ്യകേരളം തുടങ്ങിയ വകുപ്പുകളില്‍ നിന്നുള്ള ജില്ലാതല ഉദ്യോഗസ്ഥരും ബ്ലോക്ക് ജനറല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍, ബ്ലോക്ക്തല റിസോഴ്സ് പേഴ്സണ്‍മാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ബ്ലോക്ക് പഞ്ചായത്ത്തല പരിശീലന പരിപാടികള്‍ ജൂലൈ 27 മുതല്‍ 31 വരെ നടന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here