സാധാരണക്കാരന്റെ വയറ്റത്തടിച്ച് വീണ്ടും മോദി സര്‍ക്കാര്‍; പാചകവാതക സബ്‌സിഡി നിര്‍ത്തലാക്കാന്‍ തീരുമാനം; സിലിണ്ടറിന് മാസം തോറും നാലുരൂപ കൂട്ടും

ദില്ലി: സാധാരണക്കാര്‍ക്ക് ഇരുട്ടടി നല്‍കി പാചക വാതക സബ്‌സിഡി നിര്‍ത്താലാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. അടുത്ത വര്‍ഷം മാര്‍ച്ചോടെ സബ്‌സിഡി പൂര്‍ണമായി നിറുത്തലാക്കുമെന്ന് കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ലോക്‌സഭയെ അറിയിച്ചു. 2018 മാര്‍ച്ച് വരെ സിലിണ്ടറിന് മാസം തോറും നാലുരൂപ വച്ച് കൂട്ടാനാണ് കേന്ദ്ര തീരുമാനം.

സബ്‌സിഡി ഇനത്തില്‍ സര്‍ക്കാരിനുള്ള സാമ്പത്തിക ഭാരം ഒഴിവാക്കുന്നതിന്റെ ഭാഗമായി വില വര്‍ധിപ്പിക്കുന്നു എന്നാണ് വിശദീകരണം. 86 രൂപയാണ് സര്‍ക്കാര്‍ ഓരോ സിലിണ്ടറിനും സബ്‌സിഡി ഇനത്തില്‍ ഇപ്പോള്‍ നല്‍കുന്നത്. സര്‍ക്കാര്‍ നല്‍കുന്ന സബ്‌സിഡി ബാധ്യത ഇല്ലാതാക്കാന്‍ ഓരോ എല്‍പിജി സിലിണ്ടറിനും ഈ മാസം മുതല്‍ നാല് രൂപ വീതം വര്‍ധിപ്പിക്കും. അതായത് വര്‍ഷം ഓരോ ഉപഭോക്താവും 48 രൂപ അധികം നല്‍കണം.

സബ്‌സിഡി ഇനത്തില്‍ സര്‍ക്കാര്‍ നല്‍കുന്ന 86 രൂപ ഇത്തരം വിലവര്‍ധനവില്‍ ഉപഭോക്താക്കളില്‍ നിന്ന് തന്നെ ഈടാക്കാനാണ് നിര്‍ദേശം. 544 രൂപയുള്ള എല്‍പിജി സിലിണ്ടര്‍ സബ്‌സിഡിയോട് കൂടി 477 രൂപയ്ക്കാണ് ഇപ്പോള്‍ പ്രധാന നഗരങ്ങളില്‍ ലഭിക്കുന്നത്. 2018 മാര്‍ച്ച് മാസത്തോടെ ഈ സര്‍ക്കാര്‍ സബ്‌സിഡി പൂര്‍ണ്ണമായും നിര്‍ത്തലാക്കും. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ഭാരത് പെട്രോളിയം ഹിന്ദുസ്ഥാന്‍ പെട്രോളിയം തുടങ്ങിയ പൊതുമേഖലാ കമ്പനികളോട് ആദ്യം ഒരോ സിലിണ്ടറിനും മാസം തോറും രണ്ട് രൂപ വര്‍ധിപ്പിക്കാനാണ് നിര്‍ദേശിച്ചത്. എന്നാല്‍ ഈ തുക സബ്‌സിഡി ഇനത്തിലെ നഷ്ടം നികത്തില്ലെന്ന പൊതുമേഖലാ കമ്പനികള്‍ അറിയച്ചതിനെ തുടര്‍ന്നാണ് മാസം നാല് രൂപ വര്‍ധിപ്പിക്കുന്നത്. 18 കോടിയോളമുള്ള രാജ്യത്തെ ഗാര്‍ഹിക ഉപഭോക്താക്കളെയാണ് തീരുമാനം പ്രതികൂലമായി ബാധിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel