കണക്ക് സാര്‍ ക്ലാസിലിരുന്ന് ഉറങ്ങി; ചിത്രം പകര്‍ത്തിയ കുട്ടിക്ക് കണക്കില്ലാതെ പൊലീസിന്റെ തല്ല്; പ്രതിഷേധം ശക്തമാകുന്നു

ഹൈദരാബാദ്: ക്ലാസ് മുറിയില്‍ അധ്യാപകന്‍ ഉറങ്ങുന്നതിന്റെ ചിത്രം മൊബൈലില്‍ പകര്‍ത്തിയ വിദ്യാര്‍ത്ഥിയെ കെട്ടിയിട്ട് മര്‍ദ്ദിച്ചു. സഹഅധ്യാപകര്‍ നല്‍കിയ പരാതിയില്‍ സ്ഥലത്തെത്തിയ പൊലീസ് വിദ്യാര്‍ത്ഥിയെ സ്‌കൂളിലെ വോളിബോള്‍ പോസ്റ്റില്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിച്ചു. കുട്ടിക്ക് ഗുരുതരമായി പരുക്കേറ്റതിനെ തുടര്‍ന്ന് അധ്യാപകര്‍ക്കും പൊലീസിനുമെതിരേ വ്യാപക പ്രതിഷേധമുയരുകയാണ്.

തെലങ്കാനയിലെ മബൂബ്‌നഗറിലെ മിദ്ജിലില്‍ ജില്ലാ പരിഷത്ത് ഹൈസ്‌കൂളുലാണ് സംഭവം .സ്‌കൂളിലെ പത്താം ക്ലാസുകാരനെയാണ് പോലീസുകാര്‍ ചേര്‍ന്ന് മര്‍ദ്ദനത്തിന് ഇരയാക്കിയത്.

ജൂലൈ 27നാണ് രാമുലു എന്ന കണക്ക് അധ്യാപന്‍ ഉറങ്ങുന്നതിന്റെ ചിത്രം കുട്ടി മൊബൈലില്‍ പകര്‍ത്തിയത്. ക്ലാസിലെത്തിയ അധ്യാപകന്‍ നിമിഷങ്ങള്‍ക്കകം കസേരയിലിരുന്ന് ഉറങ്ങുകയായിരുന്നു. ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും ഉന്നത വിദ്യാഭ്യാസ അധികാരികള്‍ക്ക് വാട്‌സ് ആപ്പ് സന്ദേശമായി ലഭ്യമാവുകയും ചെയ്തു. തുടര്‍ന്ന് അധ്യാപകനെ സസ്പന്റ് ചെയ്തതോടെയാണ് പ്രശ്ങ്ങള്‍ക്ക് തുടക്കം.

വിദ്യാര്‍ത്ഥിയുടെ നടപടിയില്‍ പ്രകോപിതരായ സഹഅധ്യാപകര്‍ സ്ഥലം എസ്‌ഐയ്ക്ക് പരാതി നല്‍കി. അധ്യാപകരുടെ പരാതി പ്രകാരം സ്‌കൂളില്‍ എത്തിയ പോലീസുകാര്‍ വിദ്യാര്‍ത്ഥിയെ വോളിബോള്‍ പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചുവെന്നാണ് പരാതി. സുഹൃത്തുക്കളുടേയും സഹപാഠികളുടേയും സാനിദ്ധ്യത്തിലാണ് വിദ്യാര്‍ത്ഥിയ്‌ക്കെതിരേ പൊലീസ് മുറ അരങ്ങേറിയത്. എന്നാല്‍ മദ്യപിച്ച് ക്ലാസിലെത്തിയതിനാണ് വിദ്യാര്‍ത്ഥിയ്‌ക്കെതിരെ പരാതി ലഭ്യമായതെന്ന് പൊലീസ് പറയുന്നു. കുട്ടിയെ മര്‍ദ്ദിച്ചിട്ടില്ലെന്നും പൊലീസ് വെളിപ്പെടുത്തി. താന്‍ മദ്യപിച്ചിട്ടില്ലെന്നും പൊലീസുകാരായ രണ്ട് പേര്‍ ചേര്‍ന്നാണ് തന്നെ മര്‍ദ്ദിച്ചതെന്നും വിദ്യാര്‍ത്ഥി വെളിപ്പെടുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here