അപ്പുണ്ണിയെ വിട്ടയച്ചു; മൊഴികള്‍ പരിശോധിച്ച ശേഷം നിര്‍ണായക നീക്കങ്ങള്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെ പൊലീസ് ചോദ്യം ചെയ്തു. ആലുവ പൊലീസ് ക്ലബില്‍ ആറ് മണിക്കൂറോളം അപ്പുണ്ണി നല്‍കിയ മൊഴികള്‍ പരിശോധിച്ച ശേഷം നിര്‍ണായക നീക്കങ്ങള്‍ ഉണ്ടാകുമെന്നാണ് സൂചന. സംവിധായകന്‍ ശ്രീകുമാര്‍ മേനോനെയും ആലുവ പൊലീസ് ക്ലബില്‍ ചോദ്യം ചെയ്തിരുന്നു. കേസിലെ മറ്റൊരു പ്രതിയായ വിപിന്‍ ലാലിനെയും അന്വേഷണ സംഘം ചോദ്യം ചെയ്തു.

ആലുവ പൊലീസ് ക്ലബില്‍ ക്രൈംബ്രാഞ്ച് എസ്പി സുദര്‍ശന്‍, പെരുമ്പാവൂര്‍ സിഐ ബൈജു പൊലീസ് എന്നിവരുടെ നേതൃത്വത്തിലാണ് അപ്പുണ്ണിയെ ചോദ്യം ചെയ്തത്. മാധ്യമങ്ങളെ വെട്ടിച്ച് നാടകീയമായാണ് അപ്പുണ്ണി പൊലീസ് ക്ലബിലെത്തിയത്. പള്‍സര്‍ സുനി അപ്പുണ്ണിയെ നിരവധി തവണ ഫോണില്‍ വിളിച്ചിരുന്നതായി കോള്‍ രേഖകളില്‍ നിന്നും മനസിലായ സാഹചര്യത്തില്‍ തെളിവുകള്‍ നിരത്തിയായിരുന്നു ചോദ്യം ചെയ്യല്‍.

സുനി അപ്പുണ്ണിയെ വിളിച്ചപ്പോഴെല്ലാം ദിലീപിന് സാന്നിദ്ധ്യവും ഉണ്ടായിരുന്ന കാര്യവും പൊലീസ് ചോദിച്ചറിഞ്ഞു. എന്നാല്‍ ഇക്കാര്യത്തില്‍ അപ്പുണ്ണി കൃത്യമായ മറുപടി നല്‍കിയിട്ടില്ലെന്നാണ് വിവരം. സുനിയെ അറിയില്ലെന്ന മൊഴിയില്‍ ദിലീപും കാവ്യയും ഉറച്ചു നില്‍ക്കുമ്പോള്‍ അപ്പുണ്ണിയുടെ മൊഴി കേസില്‍ നിര്‍ണായകമാകും. ആറ് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലില്‍ നല്‍കിയ മൊ!ഴികള്‍ പരിശോധിച്ച ശേഷം വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചേക്കുമെന്നാണ് സൂചന.

അതിനിടെ ജയിലില്‍ സുനിക്ക് കത്ത് എഴുതാന്‍ സഹായിച്ച വിപിന്‍ ലാലിനെയും പൊലീസ് ക്ലബ്ബില്‍ എത്തിച്ചിരുന്നു. പൊലീസ് കസ്റ്റഡിയില്‍ ആയിരുന്ന വിപിന്‍ ലാലിനെ അപ്പുണ്ണിക്കൊപ്പം ഒരുമിച്ചിരുത്തി ചോദ്യം ചെയ്തു. തന്നെ ഭീഷണിപ്പെടുത്തിയാണ് കത്ത് എഴുതിച്ചതെന്ന് വിപിന്‍ ലാല്‍ നേരത്തേ മൊഴി നല്‍കിയിരുന്നു. ഈ കത്ത് അപ്പുണ്ണിയുടെ മൊബൈലിലേക്ക് സുനി വാട്‌സ്ആപ് വഴി അയച്ചു കൊടുത്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്തത്. അതിനിടയില്‍ മഞ്ജു വാര്യരുടെ അടുത്ത സുഹൃത്തും സംവിധായകനുമായ ശ്രീകുമാര്‍ മേനോനും അന്വേഷണ സംഘത്തിന് മുമ്പാകെ ഒരു മണിക്കൂറോളം മൊഴി നല്‍കി.

ദിലീപിന്റെ മൊഴിയില്‍ മുംബൈ കേന്ദ്രീകരിച്ച് തനിക്കെതിരേ ഗൂഢാലോചന ഉണ്ടെന്ന് പറഞ്ഞിരുന്നു. ഈ മൊഴിയില്‍ വ്യക്തത തേടാനാണ് മുംബൈ നിവാസിയായ ശ്രീകുമാര്‍ മേനോനെ ചോദ്യം ചെയ്തത്. ഈ മൊഴികളെല്ലാം ക്രോഡീകരിച്ച് കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യേണ്ടവരെ ഇനിയും വിളിച്ചുവരുത്തുമെന്നാണ് അന്വേഷണസംഘം അറിയിച്ചത്. എല്ലാ പഴുതുകളും അടച്ച് അനുബന്ധ കുറ്റപത്രം തയ്യാറാക്കാനുളള നീക്കത്തിന്റെ ഭാഗമായി വരും ദിവസങ്ങളില്‍ ഇനിയും നിരവധി പേരെ ചോദ്യം ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here