പാചകവാതക സബ്‌സിഡി നിര്‍ത്തലാക്കുവാനുള്ള തീരുമാനം പിന്‍വലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി; തീരുമാനം ഉത്കണ്ഠാജനകം

തിരുവനന്തപുരം: പാചകവാതക സബ്‌സിഡി പൂര്‍ണമായും നിര്‍ത്തലാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം ഉത്കണ്ഠാജനകമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സാധാരണക്കാരായ ജനങ്ങളുടെ ജീവിതച്ചെലവ് ക്രമാതീതമായി വര്‍ദ്ധിക്കുന്നതിന് ഇതിടയാക്കും. ജനജീവിതം ദുരിതപൂര്‍ണമാക്കുന്ന തീരുമാനം പിന്‍വലിക്കുവാന്‍ കേന്ദ്രം തയ്യാറാകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

2016 ജൂലൈ മുതല്‍ പത്തിലധികം തവണ പാചകവാതകവില വര്‍ധിപ്പിച്ചിട്ടുണ്ട്. ഈ മാസമാദ്യം ഒറ്റയടിക്ക് 32 രൂപയാണ് പാചകവാതക സിലിണ്ടറിന് വില വര്‍ധിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം ജൂണില്‍ 420 രൂപ വിലയുണ്ടായിരുന്ന പാചകവാതക സിലിണ്ടറിന് ഇപ്പോള്‍ 480 രൂപയാണ്. ഇതിന് പുറമേയാണ് നിലവിലുള്ള സബ്‌സിഡി പിന്‍വലിക്കുവാനുള്ള തീരുമാനമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സാധാരണക്കാര്‍ക്ക് ഇരുട്ടടി നല്‍കികൊണ്ടാണ് പാചകവാതക സബ്‌സിഡി കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തലാക്കുന്നത്. അടുത്ത വര്‍ഷം മാര്‍ച്ചോടെ സബ്‌സിഡി പൂര്‍ണമായി നിറുത്തലാക്കുമെന്ന് കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ലോക്‌സഭയെ അറിയിച്ചു. 2018 മാര്‍ച്ച് വരെ സിലിണ്ടറിന് മാസം തോറും നാലുരൂപ വച്ച് കൂട്ടാനാണ് കേന്ദ്ര തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News