ഉത്തരവ് നടപ്പിലാക്കിയില്ല; പി യു ചിത്ര സമര്‍പ്പിച്ച കോടതിയലക്ഷ്യക്കേസില്‍ ഇന്ത്യന്‍ അത്‌ലറ്റിക് ഫെഡറേഷനോട് വിശദീകരണം തേടി ഹൈക്കോടതി

ലോക അത് ലറ്റിക് മീറ്റില്‍ പങ്കെടുപ്പിക്കണമെന്ന ഹൈക്കോടതി ഉത്തരവ് നടപ്പിലാക്കാത്തതിനെതിരെ പി യു ചിത്ര സമര്‍പ്പിച്ച കോടതി അലക്ഷ്യ ഹര്‍ജിയില്‍ ഇന്ത്യന്‍ അത്‌ലറ്റിക് ഫെഡറേഷനോട് ഹൈക്കോടതി വിശദീകരണം തേടി . പട്ടികയില്‍ ഇല്ലാതിരുന്ന സുധ സിങ് അവസാന തീയ്യതി കഴിഞ്ഞും എങ്ങനെ പട്ടികയില്‍ കയറിക്കൂടി എന്നാണ് വിശദീകരിക്കേണ്ടത്.

നാളെ ഹര്‍ജി വീണ്ടും പരിഗണിക്കുമ്പോള്‍ ഇക്കാര്യം ഒരു സത്യവാങ്ങ്മൂലമായി സമര്‍പ്പിക്കാനും കോടതി ഫെഡറേഷന്‍ സെക്രട്ടറിയോട് നിര്‍ദ്ദേശിച്ചു .ലോക മീറ്റില്‍ താരങ്ങളെ ഉള്‍പ്പെടുത്തുന്നതിനുള്ള സമയപരിധി 24 ന് അവസാനിച്ചതായി ഫെഡറേഷന്‍ ഹൈക്കോടതിയെ അറിയിച്ചു . അങ്ങനെയെങ്കില്‍ സുധാ സിങ് എങ്ങനെയാണ് പട്ടികയില്‍ ഇടം നേടിയത് എന്ന് കോടതി ആരാഞ്ഞു .

27 ന് പ്രസിദ്ധീകരിച്ച പട്ടികയില്‍ പി യു ചിത്രയുടെയും സുധ സിങിന്റെയും പേരുണ്ടായിരുന്നില്ല. എന്നാല്‍ 30 ന് അന്താരാഷ്ട്ര അത് ലറ്റിക് ഫെഡറേഷന്റെ വെബ്‌സൈറ്റില്‍ സുധാ സിങിന്റെ പേര് പ്രത്യക്ഷപ്പെട്ടുവെന്നും കോടതി ചൂണ്ടിക്കാട്ടി . 27 നും 30 നും ഇടയില്‍ എന്താണ് സംഭവിച്ചതെന്ന് ബന്ധപ്പെട്ടവര്‍ വിശദീകരിക്കണമെന്നും കോടതി പറഞ്ഞു .

ഫെഡറേഷന്‍ സെക്രട്ടറി ഇത് സംബന്ധിച്ച് വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കണം . സെക്രട്ടറി രാജ്യത്തില്ലെങ്കില്‍ ഉത്തരവാദിത്വപ്പെട്ട മറ്റാരെങ്കിലും വിശദീകരണം നല്‍കാനും കോടതി നിര്‍ദേശിച്ചു . ഫെഡറേഷന് മേല്‍ സര്‍ക്കാരിന് നിയന്ത്രണമുണ്ടാവേണ്ടതാണെന്നും കോടതി നിരീക്ഷിച്ചു .നാളെ ഹര്‍ജി വീണ്ടും പരിഗണിക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here