ബിജെപി ഹര്‍ത്താലിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍; രോഗികളുടെ ദുരവസ്ഥ ഹര്‍ത്താല്‍ പ്രഖ്യാപിച്ചവര്‍ മനസിലാക്കണം

തിരുവനന്തപുരം: മുന്നറിയിപ്പില്ലാതെ പ്രഖ്യാപിക്കുന്ന ഹര്‍ത്താലുകള്‍ കര്‍ശനമായ നിയമവ്യവസ്ഥകളിലൂടെ തടയണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. ഇതു സംബന്ധിച്ച് സ്വീകരിക്കാന്‍ കഴിയുന്ന നടപടികള്‍ ചീഫ് സെക്രട്ടറിയും ആഭ്യന്തര സെക്രട്ടറിയും സംസ്ഥാന പൊലീസ് മേധാവിയും മുന്നാഴ്ചയ്ക്കകം രേഖാമൂലം അറിയിക്കണമെന്ന് കമ്മീഷന്‍ ആക്ടിംഗ് അധ്യക്ഷന്‍ പി.മോഹനദാസ് ആവശ്യപ്പെട്ടു. റിപ്പോര്‍ട്ട് ലഭിച്ച ശേഷം കേസ് പരിഗണിക്കും.

സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ട രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും അപ്രതീക്ഷിതമായി പ്രഖ്യാപിച്ച ഹര്‍ത്താല്‍ കാരണം ഭക്ഷണം നിഷേധിക്കപ്പെട്ട സാഹചര്യം സംസ്ഥാനത്തുണ്ടായതായി പരാതിയുണ്ടെന്ന് കമ്മീഷന്‍ നിരീക്ഷിച്ചു. ആശങ്കാജനകമായ ആരോഗ്യസ്ഥിതിയുമായി ആശുപത്രിയില്‍ കഴിയുന്ന രോഗികളുടെ ദുരവസ്ഥ ഹര്‍ത്താല്‍ പ്രഖ്യാപിച്ചവര്‍ മനസിലാക്കണമായിരുന്നെന്നും കമ്മീഷന്‍ വ്യക്തമാക്കി.

ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്നവര്‍ക്ക് ചിലപ്പോള്‍ ന്യായമായ ഒരു കാരണം പറയാനുണ്ടാവാം. പക്ഷേ അതിന്റെ പേരില്‍ ജനവിരുദ്ധ നടപടികള്‍ ഉണ്ടാകരുതെന്ന് കമ്മീഷന്‍ ചൂണ്ടി കാണിച്ചു. അങ്ങനെ സംഭവിക്കുമ്പോള്‍ അത് മനുഷ്യാവകാശ ലംഘനമായി മാറും. ആശുപത്രികള്‍ക്ക് 500 മീറ്റര്‍ ചുറ്റളവിലുള്ള സ്ഥാപനങ്ങളെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കണമെന്ന നിബന്ധന പോലും പാലിച്ചില്ലെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകനായ പി.കെ.രാജു സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here