രാജേഷ് കൊലപാതകം; മുഴുവന്‍ പ്രതികളും പിടിയില്‍

തിരുവനന്തപുരം: ശ്രീകാര്യത്ത് ആര്‍എസ്എസ് നേതാവ് രാജേഷിനെ കൊലപെടുത്തിയ കേസിലെ മുഴുവന്‍ പ്രതികളും പൊലീസിന്റെ പിടിയിലായി. കേസിലെ മുഖ്യപ്രതികളും കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരുമായ മണിക്കുട്ടന്‍, വിജിത്ത്, പ്രമോദ്, എബി, വിപിന്‍, സിബി എന്നിവരടക്കം പതിനൊന്ന് പ്രതികളാണ് പിടിയിലായത്. ഇതില്‍ ഏഴ് പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കിയ ശേഷം പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത ഭായ് രതീഷിനെ മംഗലപുരത്ത് നിന്നാണ് പിടികൂടിയത്. സംഭവസ്ഥലത്ത് നിന്ന് ലഭിച്ച തെളിവുകള്‍ ശാസ്ത്രീയമായി ഉറപ്പിക്കുന്നതിന് വേണ്ടി രണ്ടാം പ്രതി വിജിത്തിനെ മെഡിക്കല്‍ കോളേജില്‍ ഫോറന്‍സിക്ക് പരിശോധനയ്ക്ക് വിധേയനാക്കി. നഗരത്തിലെ ഗുണ്ടാ സംഘങ്ങളെ അമര്‍ച്ച ചെയ്യുന്നതിന് ഗുണ്ടാസ്വാകാഡിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെന്ന് ഡിജിപി ലോക്‌നാഥ് ബെഹറ സിറ്റി പൊലീസിന് നിര്‍ദ്ദേശം നല്‍കി.

സംസ്ഥാന നോഡല്‍ ഓഫീസര്‍ പി.പ്രകാശിന്റെ നേതൃത്വത്തില്‍ ഡിസിപി അരുള്‍ ആര്‍ബി കൃഷ്ണ, അസിസ്റ്റന്റ് കമ്മീഷണര്‍ സുരേഷ്‌കുമാറും ഷാഡോ പൊലീസ് സംഘങ്ങളും, ഗുണ്ടാ വേട്ടയില്‍ പരിശീലനം സിദ്ധിച്ച പൊലീസുകാരും ഉള്‍പ്പെട്ടതാവും സംഘം. ബിജെപി- ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തമ്മിലുളള സംഘര്‍ഷത്തില്‍ ബിജെപി പ്രവര്‍ത്തകരെ രാജേഷ് സഹായിച്ചതിലുളള വിരോധം കൊണ്ട് കൊലപെടുത്തി എന്നാണ് പൊലീസിന്‍െ എഫ്‌ഐആര്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്.

കൊലപാതകം നടക്കുമ്പോള്‍ രാജേഷിന് കൂടെയുണ്ടായിരുന്ന അരുണ്‍ എന്ന ബിജെപി പ്രവര്‍ത്തകന്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് എഫ്‌ഐആര്‍ തയ്യാറാക്കിയിക്കുന്നത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ പൊലീസിന്റെ കനത്ത സുരക്ഷയില്‍ ജയിലെത്തിച്ചു. സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടോ എന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്. മെഡിക്കല്‍ കോളേജ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സി.ബിനു കുമാറാണ് ശ്രീകാര്യം രാജേഷ് വധം അന്വേഷിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News