പുതുയുഗപ്പിറവി; പ്രണവ് ചിത്രത്തിന് നാളെ തുടക്കം; ആരാകും താരപുത്രന്റെ ആദ്യ നായിക

തിരുവനന്തപുരം: മലയാള ചലച്ചിത്രലോകം ഉറ്റുനോക്കിയ ആ സുവര്‍ണ മുഹൂര്‍ത്തം സമാഗതമായി. താരരാജാവ് മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാല്‍ വെള്ളിത്തിരയില്‍ നായകനായെത്തുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നതപ്പോള്‍ തന്നെ ആരാധകര്‍ ആവേശത്തിലായിരുന്നു. ആ ആവേശം യാഥാര്‍ത്ഥ്യത്തിലേക്കടുക്കുകയാണ്.

പ്രണവ് മോഹന്‍ ലാല്‍ ജീത്തു ജോസഫ് ചിത്രത്തിന് നേരത്തെ തിരുവനന്തപുരം താജ് ഹോട്ടലില്‍ നടന്ന പ്രൗഡ ഗംഭീരമായ ചടങ്ങില്‍ തിരി തെളിഞ്ഞിരുന്നു. ആദി എന്ന ചിത്രത്തിലൂടെ മലയാളക്കരയുടെ മനസ്സുകീഴടക്കാന്‍ പ്രണവ് തയ്യാറെടുത്തു കഴിഞ്ഞു. നാളെ ചിത്രത്തിന്റെ ഷൂട്ടിംഗിന് തുടക്കമാകും.


മലയാള സിനിമയിലെ താര സംഹാസനത്തിലേക്ക് പ്രണവ് നടന്നടക്കുമോയെന്ന ചര്‍ച്ചകള്‍ നേരത്തെ തന്നെ തുടങ്ങിയിട്ടുണ്ട്. ഏറെ ആകാംക്ഷയോടെ കാത്തിരുന്ന പ്രണവ് മോഹന്‍ലാലിന്റെ സിനിമാ പ്രവേശനം കൂടിയാകുന്നതോടെ ഇനി ചര്‍ച്ചകള്‍ ഗംഭീരമാകും.താരപുത്രന്മാരുടെ വരവ് ഇഷ്ടപ്പെടുന്നവരും കാത്തിരിക്കുന്നവരുമാണ് ചലച്ചിത്രപ്രേമികള്‍. പൃഥിരാജ് മുതല്‍ ദുല്‍ക്കര്‍ സല്‍മാനും കാളിദാസ് ജയറാമും വരെ അവര്‍ ഹൃദയപൂര്‍വ്വം സ്വീകരിച്ചവരാണ്.

അതിനിടിയിലാണ് ആരാധകരുടെ പ്രിയതാരം മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാല്‍ വെള്ളിത്തിരയിലെ നായകനാകുന്നത്.കേള്‍ക്കേണ്ട താമസം മലയാളി അത് ആഘോഷമാക്കി. ജീത്തു ജോസഫ് ചിത്രത്തിലൂടെയാണ് പ്രണവും വെള്ളിത്തിരയില്‍ നായകനാകുന്നത്. ഹൈദരാബാദ് ഫിലിം സിറ്റി, പാലക്കാട്, ബനാറസ് എന്നിവിടങ്ങളിലാണ് ചിത്രീകരിക്കുന്നത്.

2002ല്‍ തമ്പി കണ്ണന്താനം സംവിധാനം ചെയ്ത ഒന്നാമന്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ കുട്ടികാലം അവതരിപ്പിച്ചുകൊണ്ടാണ് പ്രണവ് മോഹന്‍ലാല്‍ അഭിനയ ജീവിതം തുടങ്ങിയത്. 2002ല്‍ തന്നെ മേജര്‍രവി ചിത്രം പുനര്‍ജനി എന്ന ചിത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരം പ്രണവ് സ്വന്തമാക്കിയിട്ടുണ്ട്.

സാഗര്‍ ഏലിയാസ് ജാക്കിയിലെ ഒരു ഗാനത്തില്‍ മിന്നി മറയുന്ന കുഞ്ഞന്‍ വേഷത്തിലും പ്രണവ് എത്തിയിട്ടുണ്ട്. സിനിമ ലോകത്ത് നിന്നും പൂര്‍ണമായി മാറി നിന്ന പ്രണവ് തിരിച്ചെത്തിയത് സഹസംവിധായകനായിട്ടാണ്. ജീത്തു ജോസഫിന്റെ രണ്ടു ചിത്രങ്ങളില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ചു. ദൃശ്യത്തിന്റെ തമിഴ് പതിപ്പായ പാപനാസം എന്ന ചിത്രത്തിലും ദിലീപ് നായകനായ ലൈഫ് ഓഫ് ജോസൂട്ടി എന്ന ചിത്രത്തിലുമാണ് സഹസംവിധായകനായത്.

പ്രണവ് മോഹന്‍ലാല്‍ ചിത്രത്തിന്റെ നിര്‍മ്മാണം ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ്. പ്രണവ് നായകനായെത്തുന്ന ചിത്രം ഫാമിലി ത്രില്ലര്‍ ഗണത്തില്‍ പെടുന്നതയിരിക്കുമെന്ന് ജീത്തു ജോസഫ് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ നായിക ആരാണെന്ന കാര്യം ഇതുവരെയും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല. ദക്ഷിണേന്ത്യയില്‍ മിന്നിതിളങ്ങുന്ന സുവര്‍ണ നായികയാണോ അതോ പുതുമുഖമാണോ പ്രണവിന്റെ ആദ്യ നായികയാകുകയെന്ന് കാത്തിരുന്ന് കാണണം.

Some Lies Can Be Deadly എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈൻ. എട്ട് ചിത്രങ്ങള്‍ സംവിധാനം ചെയ്തപ്പോ‍ഴുമില്ലാത്ത ടെന്‍ഷന്‍ ഇപ്പോ‍ഴുണ്ടെന്നാണ് സംവിധായകന്‍ ജീത്തു ജോസഫിന്‍റെ പ്രതികരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News