പി. ബാലകൃഷ്ണന്റെ ദുരൂഹമരണം: അഭിഭാഷക ശൈലജയ്ക്കും ഭര്‍ത്താവിനും വേണ്ടി അന്വേഷണം ഊര്‍ജ്ജിതം

കണ്ണൂര്‍: അന്തരിച്ച ഡെപ്യൂട്ടി രജിസ്ട്രാര്‍ ബാലകൃഷ്ണന്റെ സ്വത്ത് വ്യാജരേഖ ചമച്ച് തട്ടിയെടുക്കാന്‍ ശ്രമിച്ച കേസിലെ പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതം. പയ്യന്നൂരിലെ അഭിഭാഷകയായ ശൈലജ, ഭര്‍ത്താവ് കൃഷ്ണകുമാര്‍ എന്നിവരാണ് കേസിലെ പ്രതികള്‍. ഇരുവരും ഇപ്പോള്‍ ഒളിവിലാണെന്നാണ് വിവരങ്ങള്‍. പരേതനായ ക്യാപ്റ്റന്‍ കുഞ്ഞമ്പുനായരുടെ മകനാണ് ബാലകൃഷ്ണന്‍.

2011ലാണ് കേസിനാസ്പദമായ സംഭവം. തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലായിരുന്ന ബാലകൃഷ്ണനെ പയ്യന്നൂരിലെത്തിച്ച് സ്വത്ത് രജിസ്‌ട്രേഷന്‍ നടത്തിക്കാനായിരുന്ന ശൈലജയുടേയും ഭര്‍ത്താവിന്റെയും പദ്ധതി. എന്നാല്‍ പയ്യന്നൂരില്‍ കൊണ്ടുവരും വഴി ബാലകൃഷ്ണന്‍ മരിക്കുകയായിരുന്നു. ഇതോടെ ബാലകൃഷ്ണന്റെ മൃതദേഹവുമായി സംഘം കൊടുങ്ങല്ലൂര്‍ ആശുപത്രിയിലെത്തി. തന്റെ വല്ല്യമ്മയുടെ മകനാണ് ബാലകൃഷ്ണനെന്ന് കൃഷ്ണകുമാര്‍ കൊടുങ്ങല്ലൂര്‍ പൊലീസില്‍ മൊഴി നല്‍കി. ഈ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് കൊടുങ്ങല്ലൂര്‍ ആശുപത്രിയില്‍ നിന്ന് മൃതദേഹം ഏറ്റുവാങ്ങി സംസ്‌കരിച്ചു.

എന്നാല്‍ സര്‍ട്ടിഫിക്കറ്റുമായി പയ്യന്നൂരിലെത്തിയപ്പോഴാണ് ബാലകൃഷ്ണന്റെ വീട്ടുപേരിലുള്ള വ്യത്യാസം സംഘത്തിന്റെ ശ്രദ്ധയില്‍പ്പെടുന്നത്. തുടര്‍ന്നാണ് തന്റെ സഹോദരി ജാനകിയെ ബാലകൃഷ്ണന്‍ വിവാഹം കഴിച്ചുവെന്ന കൃത്രിമ രേഖ സൃഷ്ടിക്കാന്‍ ശൈലജയും ഭര്‍ത്താവും തീരുമാനിച്ചത്. പയ്യന്നൂര്‍ ബിഠോബ ക്ഷേത്രത്തിലാണ് വിവാഹ സര്‍ട്ടിഫിക്കറ്റിന് അപേക്ഷ നല്‍കിയത്. ജാനകിക്ക് പെന്‍ഷന്‍ ലഭിക്കുന്നതിന് വേണ്ടിയാണ് വിവാഹ സര്‍ട്ടിഫിക്കറ്റിന് അപേക്ഷ നല്‍കിയതെന്നും വ്യക്തമാക്കിയിരുന്നു.

എന്നാല്‍ സ്വത്ത് കൈവശപ്പെടുത്തിയ ശേഷം സംഘത്തിന്റെ പദ്ധതികള്‍ പാളുകയായിരുന്നു. വിവരാവകാശപ്രവര്‍ത്തകനായ പത്മന്‍ കോഴൂര്‍ കണ്‍വീനറായ ആക്ഷന്‍ കമ്മിറ്റിയാണ് തട്ടിപ്പ് പുറത്തുകൊണ്ടുവന്നത്. ഇവര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് അന്വേഷണം മുന്നോട്ടുപോയത്.

ശൈലജയ്ക്കും ഭര്‍ത്താവിനുമെതിരെ നിര്‍ണായക തെളിവുകളാണ് ഡിവൈഎസ്പി കെ.വി വേണുഗോപാല്‍, പയ്യന്നൂര്‍ സിഐ എം.പി ആസാദ് എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിന് ലഭിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here