ബാലകൃഷ്ണന്റെ സ്വത്തു തട്ടിയെടുക്കാന്‍ അഭിഭാഷകയും ഭര്‍ത്താവും തയ്യാറാക്കിയത് സിനിമയെ വെല്ലുന്ന തിരക്കഥ; വ്യാജവിവാഹത്തെക്കുറിച്ച് ചിന്തിച്ചത് ഇങ്ങനെ

കണ്ണൂര്‍: അന്തരിച്ച ഡെപ്യൂട്ടി രജിസ്ട്രാര്‍ ബാലകൃഷ്ണന്റെ സ്വത്ത് തട്ടിയെടുക്കാന്‍ പയ്യന്നൂരിലെ അഭിഭാഷക ശൈലജയും ഭര്‍ത്താവ് കൃഷ്ണകുമാറും തയ്യാറാക്കിയത് സിനിമയെ വെല്ലുന്ന തിരക്കഥ. വ്യാജ വിവാഹ സര്‍ട്ടിഫിക്കറ്റും പിന്തുടര്‍ച്ചാവകാശ സര്‍ട്ടിഫിക്കറ്റുമുണ്ടാക്കിയാണ് ഇരുവരും കോടികളുടെ സ്വത്തു തട്ടിയെടുക്കാന്‍ ശ്രമിച്ചത്. ശൈലജയുടെ സഹോദരി ജാനകിയെ ബാലകൃഷ്ണന്‍ വിവാഹംചെയ്തുവെന്ന സര്‍ട്ടിഫിക്കറ്റ് വ്യാജമായി ഉണ്ടാക്കിയായിരുന്നു തട്ടിപ്പ്.

2011ലാണ് കേസിനാസ്പദമായ സംഭവം. തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലായിരുന്ന ബാലകൃഷ്ണനെ പയ്യന്നൂരിലെത്തിച്ച് സ്വത്ത് രജിസ്‌ട്രേഷന്‍ നടത്തിക്കാനായിരുന്ന ശൈലജയുടേയും ഭര്‍ത്താവിന്റെയും പദ്ധതി. എന്നാല്‍ പയ്യന്നൂരില്‍ കൊണ്ടുവരും വഴി ബാലകൃഷ്ണന്‍ മരിക്കുകയായിരുന്നു. ഇതോടെ ബാലകൃഷ്ണന്റെ മൃതദേഹവുമായി സംഘം കൊടുങ്ങല്ലൂര്‍ ആശുപത്രിയിലെത്തി. തന്റെ വല്യമ്മയുടെ മകനാണ് ബാലകൃഷ്ണനെന്ന് കൃഷ്ണകുമാര്‍ കൊടുങ്ങല്ലൂര്‍ പൊലീസില്‍ മൊഴി നല്‍കി. ഈ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് കൊടുങ്ങല്ലൂര്‍ ആശുപത്രിയില്‍ നിന്ന് മൃതദേഹം ഏറ്റുവാങ്ങി സംസ്‌കരിച്ചു.

എന്നാല്‍ സര്‍ട്ടിഫിക്കറ്റുമായി പയ്യന്നൂരിലെത്തിയപ്പോഴാണ് ബാലകൃഷ്ണന്റെ വീട്ടുപേരിലുള്ള വ്യത്യാസം സംഘത്തിന്റെ ശ്രദ്ധയില്‍പ്പെടുന്നത്. തുടര്‍ന്നാണ് തന്റെ സഹോദരി ജാനകിയെ ബാലകൃഷ്ണന്‍ വിവാഹം കഴിച്ചുവെന്ന കൃത്രിമരേഖ സൃഷ്ടിക്കാന്‍ ശൈലജയും ഭര്‍ത്താവും തീരുമാനിച്ചത്. പയ്യന്നൂര്‍ ബിഠോബ ക്ഷേത്രത്തിലാണ് വിവാഹ സര്‍ട്ടിഫിക്കറ്റിന് അപേക്ഷ നല്‍കിയത്. എന്നാല്‍ സര്‍ട്ടിഫിക്കറ്റ് ക്ഷേത്ര കമ്മിറ്റിയെ തെറ്റിദ്ധരിപ്പിച്ചു വാങ്ങിയതാണെന്ന് പൊലീസ് കണ്ടെത്തി.

വിവാഹം കഴിച്ചെന്ന് വിശ്വസിപ്പിക്കാന്‍ തയാറാക്കിയ ക്ഷണക്കത്ത് തട്ടിപ്പിന്റെ നിര്‍ണായക തെളിവായി. 1980ല്‍ തയാറാക്കിയ കത്ത് ഡിടിപിയിലാണ് ചെയ്തിരിക്കുന്നത്. എന്നാല്‍ അക്കാലത്ത് ഡിടിപി പ്രിന്റിങ് വന്നിട്ടില്ല. മാത്രമല്ല, കത്തില്‍ പരേതനായ ഡോ. കുഞ്ഞമ്പുവിന്റെ മകന്‍ എന്നാണുള്ളത്. എന്നാല്‍, ഡോക്ടര്‍ മരിക്കുന്നത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ്. വിവാഹഫോട്ടോയും കൃത്രിമമായുണ്ടാക്കിയതാണെന്നും കണ്ടെത്തി.

വ്യാജരേഖകള്‍ ഉപയോഗിച്ച് പരിയാരത്തെ ആറ് ഏക്കര്‍ സ്ഥലമാണ് സംഘം കൈക്കലാക്കിയത്. ബാലകൃഷ്ണന്റെ സര്‍വിസ് പെന്‍ഷനും ജാനകി കൈപ്പറ്റി. പയ്യന്നൂര്‍ മുനിസിപ്പാലിറ്റിയില്‍ നിന്ന് വിധവ പെന്‍ഷനും വാങ്ങി. ജാനകിയും ബാലകൃഷ്ണനും വിവാഹം കഴിച്ച് പയ്യന്നൂര്‍ തായിനേരിയില്‍ താമസിച്ചെന്ന വാദവും പൊളിഞ്ഞു.

തളിപ്പറമ്പ് ഡിവൈഎസ്പി കെ.വി വേണുഗോപാല്‍, പയ്യന്നൂര്‍ സി.ഐ എം.പി ആസാദ് എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേകസംഘമാണ് കേസ് അന്വേഷിക്കുന്നത്. അന്വേഷണം ഊര്‍ജ്ജിതമായതോടെ ശൈലജയും ഭര്‍ത്താവും ഒളിവില്‍ പോയിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News