എയര്‍ ഇന്ത്യ ഹോട്ടല്‍ മുറിയില്‍ പ്രേതം;എന്ത് ചെയ്യണമെന്നറിയാതെ ജീവനക്കാര്‍

ചിക്കാഗോ: എയര്‍ ഇന്ത്യയുടെ ജീവനക്കാര്‍ താമസിക്കുന്ന ചിക്കാഗോയിലെ താമസസ്ഥലമായ ഹോട്ടലില്‍ അസ്വാഭാവിക അനുഭവങ്ങളെന്ന് ജീവനക്കാരുടെ പരാതി. ഹോട്ടല്‍ മുറിയില്‍ പ്രവേശിക്കുന്നതോടെ അസാധാരണവും ഭീതിജനകവുമായ കാര്യങ്ങള്‍ സംഭവിക്കുന്നതായി ജീവനക്കാര്‍ പറഞ്ഞതായി വാര്‍ത്താ ഏജന്‍സി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

ഹോട്ടലില്‍ പ്രവേശിക്കുന്നതോടെ അസാധാരണവും വിവരിക്കാനാകാത്തതുമായ സംഭവങ്ങള്‍ക്കാണ് സാക്ഷ്യം വഹിക്കേണ്ടിവരുന്നതെന്ന് എയര്‍ ഇന്ത്യയുടെ ഒരു ജീവനക്കാരന്‍ പറയുന്നു. അതിഭൗതിക ശക്തികള്‍ ഹോട്ടല്‍മുറിയില്‍ പ്രവര്‍ത്തിക്കുന്നതുമൂലമാണ് ഇതെന്നാണ് ജീവനക്കാര്‍ പറയുന്നത്. വാതിലുകള്‍ കൊട്ടിയടയ്ക്കുക, ബള്‍ബുകള്‍ മിന്നിക്കെടുക, വിചിത്ര ശബ്ദങ്ങള്‍ കേള്‍ക്കുക, അപരിചിതമായ ഗന്ധം അനുഭവപ്പെടുക തുടങ്ങി പതിവു ‘പ്രേതലക്ഷണങ്ങള്‍’ തന്നെയാണ് ഹോട്ടല്‍ മുറിയില്‍ ജീവനക്കാര്‍ നേരിടുന്നത്.

എയര്‍ ഇന്ത്യയുടെ കാബിന്‍ ക്രൂ മേധാവി പ്രേതശല്യം ചൂണ്ടിക്കാട്ടി അധികൃതര്‍ക്ക് കത്തെഴുതിയതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഹോട്ടലില്‍ അദൃശ്യ ശക്തികളുടെ സാന്നിദ്ധ്യം മൂലം ജീവനക്കാര്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നതായി കത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഹോട്ടലില്‍ താമസിക്കുന്ന ജീവനക്കാരില്‍ ഭൂരിപക്ഷവും ഇത്തരം പ്രശ്‌നം നേരിടുന്നതായി കത്തില്‍ പറയുന്നു.

പ്രേതപ്പേടി കാരണം ഒറ്റയ്ക്ക് കിടക്കാന്‍ ധൈര്യമില്ലാത്തതിനാല്‍ ഒന്നിലധികം ജീവനക്കാര്‍ ഒരുമിച്ചാണ് മുറിയില്‍ കഴിയുന്നത്. രാത്രിയില്‍ ശരിയായ ഉറക്കം ലഭിക്കാത്തതിനാലും മാനസിക പിരിമുറുക്കം മൂലവും ജോലിയില്‍ ശ്രദ്ധിക്കാനാകുന്നില്ലെന്നും ജീവനക്കാര്‍ പരാതിപ്പെടുന്നതായി കത്തില്‍ പറയുന്നു.

എയര്‍ ഇന്ത്യയുമായി കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നതിനാല്‍ ഹോട്ടലില്‍ കഴിയാന്‍ നിര്‍ബന്ധിതരാവുകയാണ്. ഒരിക്കല്‍ ഹോട്ടലില്‍ കഴിയാന്‍ ഇടവന്നവര്‍ പിന്നീട് ചിക്കാഗോയിലേയ്ക്കുള്ള വിമാനങ്ങളില്‍ ഡ്യൂട്ടി ചെയ്യാന്‍ തയ്യാറാവുന്നില്ല. എന്തെങ്കിലും അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകുന്നതിനു മുന്‍പ് വിഷയത്തില്‍ അടിയന്തിര നടപടിയെടുക്കണമെന്ന് കത്തില്‍ ആവശ്യപ്പെടുന്നു.

അതേസമയം, ഇത്തരമൊരു കത്ത് ലഭിച്ചതായും വിഷയം സംബന്ധിച്ച് അന്വേഷണം നടത്തിവരികയാണെന്നും ചിക്കാഗോയിലെ ഓഫീസുമായി ഇക്കാര്യത്തില്‍ ആശയവിനിമയം നടത്തുന്നുണ്ടെന്നും എയര്‍ ഇന്ത്യ വക്താവ് ധനഞ്ജയ് കുമാര്‍ വാര്‍ത്താ ഏജന്‍സിയോട് പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News