സൗജന്യമായി വാദിക്കുന്നതിന് പിന്നില്‍ ഒരു കത്ത്; പ്രശാന്ത് ഭൂഷണ്‍

കാശ് വാങ്ങാതെ മഅദനിക്കു വേണ്ടി പ്രശാന്ത് ഭൂഷണ്‍ കേസ് വാദിക്കുന്നത് എന്തിന് ?
സുപ്രീംകോടതിയിലെ പ്രഗത്ഭനായ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ ഒരു രൂപ പോലും വാങ്ങാതെയാണ് മഅദനിക്കു വേണ്ടി കേസ് വാദിക്കുന്നത് എന്ന് പറഞ്ഞപ്പോള്‍ പലരും ഞെട്ടിപ്പോയി. ഇന്നലെ സുപ്രീംകോടതിയിലായിരുന്നു ഈ സംഭവം.

മകന്‍ മുക്താറിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ അബ്ദുള്‍ നാസര്‍ മഅ്ദനിക്ക് സുപ്രീം കോടതി അനുമതി നല്‍കിയിരുന്നു. ഇതിനായുള്ള സുരക്ഷാ ചെലവ് മഅ്ദനി തന്നെ വഹിക്കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു. ഇതാണ് ഒരു കത്തിന്റെ പിന്നാമ്പുറക്കഥയിലേക്ക് കോടതിയെ കൊണ്ടുപോയത്.

ഒരു വിചാരണ തടവുകാരന്‍ പൊലീസിന്റെ സുരക്ഷാ ചെലവും യാത്രാച്ചെലവും വഹിക്കണമെന്ന് പറയുന്നതിലെ യുക്തി എന്താണെന്ന് പ്രശാന്ത് ഭൂഷണ്‍ കോടതിയോട് ആവശ്യപ്പെട്ടു. ഒരു കാലില്ല, കണ്ണിനാണെങ്കില്‍ കാഴ്ചയും നഷ്ടമാകുന്നു. അങ്ങിനെയൊരാള്‍ കസ്റ്റഡിയില്‍നിന്ന് എങ്ങനെ രക്ഷപ്പെടാനാണ് എന്ന് ഭൂഷണ്‍ ചോദിച്ചപ്പോള്‍ അദ്ദേഹത്തെ ആരെങ്കിലും അപായപ്പെടുത്താന്‍ സാധ്യതയുണ്ടാകാമല്ലോ എന്നായിരുന്നു ബെഞ്ചിന്റെ മറുപടി. ഇതേത്തുടര്‍ന്ന് ഏറ്റവും ചുരുങ്ങിയ ചിലവേ മദനിയില്‍നിന്ന് ഈടാക്കാവൂ എന്ന് കോടതി നിര്‍ദ്ദേശിക്കുകയും ചെയ്തു.

ഈ സമയത്താണ് ദരിദ്രനായ മഅദനി നിങ്ങള്‍ക്കെങ്ങനെ ഫീസ് തരുന്നു എന്ന് സുപ്രീം കോടതി ആരാഞ്ഞത്. ഇതിന് കാരണം ഒരു കത്താണെന്നായിരുന്നു പ്രശാന്ത് ഭൂഷണിന്റെ മറുപടി. മരിച്ചുപോയ ജസ്റ്റിസ് കൃഷ്ണയ്യര്‍ മഅദനിയെക്കുറിച്ചും അയാള്‍ അനുഭവിക്കുന്ന പീഡനങ്ങളേക്കുറിച്ചും വിശദീകരിച്ച് തനിക്ക് സ്വന്തം കൈപ്പടയില്‍ ഒരു കത്തെഴുതി. കൃഷ്ണയ്യരുടെ ആവശ്യപ്രകാരമാണ് താന്‍ മഅദനിയുടെ കേസില്‍ ഇടപെട്ടതെന്നും ഇപ്പോള്‍ വാദിക്കുന്നതെന്നും പ്രശാന്ത് ഭൂഷണ്‍ വ്യക്തമാക്കി. പതിഞ്ഞ സ്വരത്തില്‍ അത്യന്തം വൈകാരികമായി പ്രശാന്ത് ഭൂഷണ്‍ ഇത് പറഞ്ഞതോടെ ജഡ്ജിമാര്‍ നിശ്ശബ്ദരായി. പിന്നീട് കൂടുതല്‍ വിശദീകരണം സുപ്രീംകോടതി ആവശ്യപ്പെട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News