പള്‍സര്‍ സുനിയെ വീണ്ടും ചോദ്യംചെയ്യും; കൂടുതല്‍ അറസ്റ്റുകള്‍ ഉടന്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മുഖ്യപ്രതി പള്‍സര്‍ സുനിയെ അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യും. കാക്കനാട് ജയിലില്‍ സൂപ്രണ്ടിന്റെ സാന്നിധ്യത്തില്‍ സുനിയെ ചോദ്യം ചെയ്യാന്‍ അങ്കമാലി കോടതി അനുവാദം നല്‍കി. പ്രോസിക്യൂഷന്റെ അപേക്ഷ അനുവദിച്ചാണ് തീരുമാനം.

റിമാന്റ് കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് പള്‍സര്‍ സുനിയെയും മറ്റ് പ്രതികളെയും അങ്കമാലി കോടതിയില്‍ ഹാജരാക്കിയത്. കേസില്‍ മുഴുവന്‍ പേരും പിടിയിലായിട്ടില്ലെന്ന് സുനി മാധ്യമങ്ങളോട് പറഞ്ഞു. തുടര്‍ന്ന് അടച്ചിട്ട മുറിയില്‍ രഹസ്യമായാണ് കോടതിനടപടികള്‍ പൂര്‍ത്തിയാക്കിയത്. രഹസ്യ മൊഴിയെടുക്കാന്‍ അനുമതി ആവശ്യപ്പെട്ട് പള്‍സര്‍ സുനിയുടെ അഭിഭാഷകന്‍ കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചു. 164 എന്നത് കുറ്റസമ്മത മൊഴിയാണെന്നും അതിലുപരിയായി എന്തെങ്കിലും മൊഴി നല്‍കണമെങ്കില്‍ 164 (5) പ്രകാരമുള്ള അപേക്ഷയാണ് നല്‍കേണ്ടതെന്നും കോടതി ചൂണ്ടിക്കാട്ടി. സാങ്കേതിക പിഴവുകള്‍ പരിഹരിച്ച് അപേക്ഷ നല്‍കാന്‍ കോടതി നിര്‍ദേശിച്ചു.

അതേസമയം, പള്‍സര്‍ സുനിയെ ചോദ്യം ചെയ്യാന്‍ അനുമതി ആവശ്യപ്പെട്ടുള്ള പ്രോസിക്യൂഷന്റെ അപേക്ഷ കോടതി അനുവദിച്ചു. കാക്കനാട് ജയിലില്‍ കഴിയുന്ന സുനിയെ ജയില്‍ സൂപ്രണ്ടിന്റെ സാന്നിധ്യത്തില്‍ ചോദ്യം ചെയ്യാന്‍ മജിസ്‌ട്രേറ്റ് അനുമതി നല്‍കി. ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് സുനിയെ വീണ്ടും ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം തീരുമാനിച്ചത്.

പള്‍സര്‍ സുനിയെ അറിയാമെന്നും ജയിലില്‍ വച്ച് സുനി തന്നെ വിളിക്കുമ്പോള്‍ ദിലീപ് തന്റെ അടുത്തുണ്ടായിരുന്നുവെന്നും അപ്പുണ്ണി മൊഴി നല്‍കിയിരുന്നു. ദിലീപും സുനിയും തമ്മില്‍ കൂടിക്കാഴ്ച നടത്തിയ വിവരം അറിയാമെന്നും എന്നാല്‍ ഗൂഢാലോചനയെപ്പറ്റി തനിക്കൊന്നും അറിയില്ലെന്നും അപ്പുണ്ണി അന്വേഷണ സംഘത്തോട് പറഞ്ഞിരുന്നു.

അപ്പുണ്ണിയെ വീണ്ടും ചോദ്യം ചെയ്യാനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്. സുനിയെ ജയിലില്‍ ചോദ്യം ചെയ്തതിനു ശേഷം കേസില്‍ കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നാണ് വിവരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here