തിരുവനന്തപുരത്ത് വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ബിജെപി നേതാവിനെതിരെ കേസ്; പരാതി നല്‍കാന്‍ തുനിഞ്ഞ വീട്ടമ്മയെ തടഞ്ഞത് വനിത കൂടിയായ ബിജെപി വാര്‍ഡംഗം

തിരുവനന്തപുരം: വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ബിജെപി ജില്ലാ കമ്മിറ്റി അംഗത്തിനെതിരെ പൊലീസ് കേസെടുത്തു. ഒരു ദിവസം തന്നെ രണ്ടുപ്രാവശ്യം പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നും മുമ്പ് രണ്ട് പീഡനക്കേസില്‍ ഉള്‍പ്പെട്ട നേതാവില്‍നിന്ന് സംരക്ഷണം വേണമെന്നുമാണ് യുവതി പരാതിയില്‍ ആവശ്യപ്പെട്ടത്. കുറ്റിച്ചല്‍ പഞ്ചായത്തിലെ ബിജെപി ജില്ലാ കമ്മിറ്റി അംഗം നിലമ ഗോപന് എതിരെയാണ് വീട്ടമ്മയും ഭര്‍ത്താവും ചേര്‍ന്ന് കാട്ടാക്കട പൊലീസില്‍ പരാതി നല്‍കിയത്.

യുവതിയുടെ മൊഴി ഇങ്ങനെ: ജൂലൈ 29ന് ഉച്ചയ്ക്ക് വീട്ടില്‍ ഭര്‍ത്താവ് ഇല്ലാതിരിക്കെ ബിജെപി നേതാവ് നിലമ ഗോപന്‍ എന്ന ഗോപകുമാര്‍ വീടിനുള്ളില്‍ അതിക്രമിച്ച് കയറി ലൈംഗിക ചുവയുള്ള വര്‍ത്തമാനങ്ങള്‍ പറയുകയും വാതിലടച്ച് അടുത്തുവരാനും ആവശ്യപ്പെട്ടു. വീട്ടില്‍ യുവതിയും നാല് വയസുള്ള മകനും എട്ടുമാസം പ്രായമുള്ള മകളും മാത്രമാണ് ഉണ്ടായിരുന്നത്. കടന്നുപിടിക്കാന്‍ ശ്രമിച്ചതോടെ നിലവിളിച്ച് കൈക്കുഞ്ഞിനെയും മകനെയും കൂട്ടി യുവതി പിന്‍വാതിലിലൂടെ പുറത്തേക്കോടി തൊട്ടടുത്ത അനുജന്റെ വീട്ടില്‍ അഭയം പ്രാപിച്ചു.

കുറച്ചുസമയം കഴിഞ്ഞ് ബന്ധുക്കളെയുംകൂട്ടി വീട്ടില്‍ തിരികെ എത്തി. ബന്ധുക്കള്‍ മടങ്ങിയപ്പോള്‍ ഗോപന്‍ വീണ്ടുമെത്തി ഉപദ്രവിക്കാന്‍ ശ്രമിച്ചു. വീണ്ടും കുട്ടികളെയുംകൊണ്ട് ഇറങ്ങി ഓടി അനുജന്റെ വീട്ടില്‍ എത്തി. തുടര്‍ന്ന് ഭര്‍ത്താവിനെ അറിയിച്ചു. ഭര്‍ത്താവ് സ്ഥലത്തെ ബിജെപി വാര്‍ഡംഗം കൃഷ്ണകുമാരിയെ വിവരം അറിയിച്ചപ്പോള്‍ തല്‍ക്കാലം പൊലീസില്‍ പരാതി നല്‍കേണ്ടെന്നും ബിജെപി നേതാക്കളെ അറിയിച്ച് അയാളെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കുമെന്നായിരുന്നു വാര്‍ഡംഗം പറഞ്ഞത്. ബിജെപി നേതാക്കളും വാര്‍ഡംഗവും ഗോപനെ സംരക്ഷിക്കുന്ന നിലപാടാണ് പിന്നീട് കണ്ടത്. മുമ്പും ഇത്തരത്തില്‍ രണ്ട് പീഡനക്കേസില്‍ ഉള്‍പ്പെട്ട ഇയാളെ ബിജെപി നേതാക്കള്‍ സംരക്ഷിച്ചിരുന്നു.

നിലമ ഗോപന്‍ മൂന്നുവര്‍ഷം മുമ്പ് ഇത്തരത്തില്‍ ഒരു സ്ത്രീയെ പീഡിപ്പിച്ചിരുന്നു. അന്ന് നാട്ടുകാര്‍ചേര്‍ന്ന് ഇയാളെ നാട്ടില്‍ നിന്നോടിച്ചിരുന്നു. ഒന്നര വര്‍ഷത്തോളം ഒളിവിലായിരുന്ന ഇയാള്‍ നേതാക്കള്‍ ഇടപെട്ട് സംഭവം ഒതുക്കിത്തീര്‍ത്തതോടെയാണ് മടങ്ങിയെത്തിയത്. ആദ്യ പീഡനം നടത്തി ഒളിവില്‍ പോകുമ്പോള്‍ മണ്ഡലം നേതാവായിരുന്ന ഗോപനെ പിന്നീട് ജില്ലാ കമ്മിറ്റി അംഗമായി പ്രമോഷന്‍ നല്‍കുകയായിരുന്നു ബിജെപി നേതൃത്വം. അതിനുശേഷവും ഇയാള്‍ ഇതുപോലെ മറ്റൊരു സ്ത്രീയെ പീഡിപ്പിക്കുകയും അത് ബിജെപി നേതാക്കള്‍തന്നെ ഇടപെട്ട് ഒതുക്കിത്തീര്‍ക്കുകയും ചെയ്തു.

പരാതി പിന്‍വലിക്കാന്‍ ബിജെപി വാര്‍ഡംഗവും മറ്റ് നേതാക്കളും ഇപ്പോള്‍ യുവതിയുടെ വീട്ടിലെത്തി പ്രലോഭനങ്ങളും ഭീഷണിയും നടത്തി. എന്നാല്‍ യുവതിയും ഭര്‍ത്താവും കീഴടങ്ങിയില്ല. തിങ്കളാഴ്ച്ച വൈകിട്ടോടെ കാട്ടാക്കട പൊലീസ് യുവതിയുടെ മൊഴി എടുക്കുകയും നിലമ ഗോപനെതിരെ പീഡനശ്രമത്തിന് കേസ് എടുക്കുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News