അജു വര്‍ഗീസിന് തിരിച്ചടി; നടിയുടെ പേരു വെളിപ്പെടുത്തിയ കേസിലെ എഫ്‌ഐആര്‍ റദ്ദാക്കാന്‍ സാധിക്കില്ലെന്ന് ഹൈക്കോടതി

കൊച്ചി: ആക്രമിക്കപ്പെട്ട നടിയുടെ പേരു വെളിപ്പെടുത്തിയ കേസില്‍ അജു വര്‍ഗീസിനെതിരായ എഫ്‌ഐആര്‍ റദ്ദാക്കാന്‍ സാധിക്കില്ലെന്ന് ഹൈക്കോടതി. നടിയുമായി ഒത്തുതീര്‍പ്പായത് കൊണ്ടു മാത്രം എഫ്‌ഐആര്‍ റദ്ദാക്കാന്‍ കഴിയില്ലെന്നും പൊലീസ് അന്വേഷണത്തില്‍ ഇടപെടാന്‍ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി.

വിഷയം രണ്ട് വ്യകതികള്‍ തമ്മിലുള്ളതല്ലെന്നും സമൂഹത്തെ ബാധിക്കുന്നതാണെന്നും കോടതി നിരീക്ഷിച്ചു. കേസ് റദ്ദാക്കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയച്ചു. കേസ് റദ്ദാക്കുന്നത് സംബന്ധിച്ച് പരാതിക്കാരനായ കളമശേരി സ്വദേശി ഗിരീഷ് ബാബുവിനോട് നിലപാട് അറിയിക്കാനും കോടതി ആവശ്യപ്പെട്ടു.

കേസ് റദ്ദാക്കുന്നതില്‍ തനിക്ക് എതിര്‍പ്പില്ലെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള നടിയുടെ സത്യവാങ്മൂലവും അജു കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. അജു തന്റെ പേര് ഫേസ്ബുക്കില്‍ പരാമര്‍ശിച്ചത് ദുരുദ്ദേശപരമല്ലെന്നാണ് ആക്രമിക്കപ്പെട്ട നടി കോടതിയെ ബോധിപ്പിച്ചത്. അജുവിനെതിരെ പരാതി നല്‍കാന്‍ താന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലന്നും നടി സത്യവാങ്മൂലത്തില്‍ പറയുന്നു. പരാതി നല്‍കിയ ഗിരീഷ് ബാബുവിനെ തനിക്കറിയില്ലന്നും താന്‍ ഒരിടത്തും പരാതി നല്‍കിയിട്ടില്ലെന്നും നടി വ്യക്തമാക്കി.

പീഡനക്കേസുകളില്‍ ഇരയുടെ പേര് വെളിപ്പെടുത്തുന്നത് രണ്ടു വര്‍ഷം തടവും പിഴയും ചുമത്താവുന്ന കുറ്റമാണ്. ഇതാണ് അജുവിനെതിരെ ചുമത്തിയിരിക്കുന്നത്. കളമശേരി സ്വദേശി ഗിരീഷ് ബാബു ഡിജിപിക്ക് നല്‍കിയ പരാതിയിലാണ് അജുവിനെതിരെ പൊലീസ് കേസെടുത്തത്.

കേസില്‍ ദിലീപിനെ ന്യായീകരിച്ച് ഇട്ട പോസ്റ്റിലാണ് അജു നടിയുടെ പേര് പരാമര്‍ശിച്ചത്. ഇത് വിവാദമായതോടെ പേര് നീക്കം ചെയ്ത് അജു ഖേദപ്രകടനം നടത്തുകയും ചെയ്തിരുന്നു. താന്‍ അറിയാതെയാണ് നടിയുടെ പേര് പരാമര്‍ശിച്ചതെന്നും അതിന് ഖേദം പ്രകടിപ്പിച്ചിട്ടുണ്ടെന്നും അജു പറഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here