തലസ്ഥാനത്ത് സമാധാനം ഉറപ്പാക്കും; സിപിഐഎം-ബിജെപി ഉഭയകക്ഷി ചര്‍ച്ചയില്‍ ധാരണ

തിരുവനന്തപുരം: തലസ്ഥാനത്ത് അക്രമസംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും സമാധാനം ഉറപ്പാക്കുന്നതിനും വേണ്ട എല്ലാ നടപടികളും സ്വീകരിക്കാന്‍ സിപിഐഎം-ബിജെപി ജില്ലാ നേതൃത്വങ്ങളുടെ തീരുമാനം.

അതീവ ശ്രദ്ധയോടെ വിഷയങ്ങളെ കൈകാര്യം ചെയ്യാനും പ്രകോപനപരമായ രീതിയില്‍ പ്രവര്‍ത്തിക്കാതിരിക്കാനും ഇത് സംബന്ധിച്ച് താഴെ തട്ടില്‍ നിര്‍ദ്ദേശം നല്‍കാനും പാര്‍ട്ടി നേതാക്കള്‍ പങ്കെടുത്ത ഉഭയകക്ഷി ചര്‍ച്ചയില്‍ ധാരണയായി. മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് തിരുവനന്തപുരത്ത് ഉഭയകക്ഷി ചര്‍ച്ച നടന്നത്.

തലസ്ഥാനത്ത് സിപിഐഎം, ആര്‍എസ്എസ്-ബിജെപി ആക്രമണങ്ങള്‍ വ്യാപകമായ പശ്ചാത്തലത്തില്‍ സമാധാനം ഉറപ്പാക്കുന്നതിനായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ കഴിഞ്ഞ ദിവസം രാഷ്ട്രീയപാര്‍ട്ടി നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. ഈ യോഗത്തിന്റെ തീരുമാനപ്രകാരം ആണ് തൈക്കാട് ഗസ്റ്റ് ഹൗസില്‍ നേതാക്കളുടെ ഉഭകക്ഷി ചര്‍ച്ച നടന്നത്.

സിപിഐഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആനത്തലവട്ടം ആനന്ദന്‍, സംസ്ഥാന കമ്മിറ്റി അംഗം വി.ശിവന്‍കുട്ടി, ബിജെപി ജില്ലാ പ്രസിഡന്റ് സുരേഷ്, ആര്‍എസ്എസ് ഭാരവാഹികളായ ടി.വി പ്രസാദ് ബാബു, പി.സുധാകരന്‍ തുടങ്ങിയവര്‍ ഉഭയകക്ഷി ചര്‍ച്ചയില്‍ സംബന്ധിച്ചു. അതീവ ജാഗ്രതയോടെ പ്രശ്‌നങ്ങളെ കൈകാര്യം ചെയ്യണം, താഴെ തട്ടിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്ക് ജില്ലാ നേതൃത്വം കൃത്യസമയത്ത് ഇടപെട്ട് പരിഹാരം കാണും, അക്രമങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കണം തുടങ്ങിയ കാര്യങ്ങള്‍ യോഗത്തില്‍ തീരുമാനമായി.

യോഗത്തില്‍ കൈക്കൊണ്ട തീരുമാനങ്ങള്‍ രാഷ്ട്രീയപാര്‍ട്ടികള്‍ ഉടന്‍ അവരുടെ കീഴ്ഘടകങ്ങള്‍ക്ക് കൈമാറും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News