നിങ്ങള്‍ പുരുഷ കേന്ദ്രീകൃതമായ സമൂഹത്തിന്റെ പ്രതിനിധി മാത്രമാണ്; ഇന്ത്യന്‍ ക്രിക്കറ്റില്‍ അത്ഭുതം കാട്ടിയ മിതാലി രാജ് പറയുന്നു

മുംബൈ: പുരുഷ ക്രിക്കറ്റിന്റെ നിഴലെന്നു പോലും ഇന്ത്യയിലെ വനിതാ താരങ്ങളെ ആരും വിശേഷിപ്പിച്ചിരുന്നില്ല. എന്നാല്‍ അടുക്കളപ്പുറത്ത് ആരു ശ്രദ്ധിക്കാനില്ലാതെ കിടന്ന പെണ്‍പുലിപ്പട വനിതാ ലോകകപ്പില്‍ വീറോടെ പൊരുതി രണ്ടാം സ്ഥാനം സ്വന്തമാക്കിയപ്പോള്‍ ആ കേളിശൈലിയുടെ പിതൃത്വം മഹാരഥന്‍മാരായ പുരുഷ താരങ്ങളുടെ മഹത്വമാണെന്ന് വാഴ്ത്തുകയാണ് പലരും. എന്നാല്‍ ഇത് ഒരിക്കലും ആ പെണ്‍കുട്ടികളുടെ പോരാട്ട വീര്യത്തിനോടുള്ള കാവ്യ നീതിയല്ലെന്ന ഓര്‍മ്മപ്പെടുത്തലുകളും ശക്തമാകുകയാണ്.

അന്താരാഷ്ട്രക്രിക്കറ്റില്‍ വനിതകളുടെ പ്രകടനം എല്ലാക്കാലത്തും പുരുഷടീമിനോട് കിടപിടിക്കുന്നതായിരുന്നെങ്കിലും അവര്‍ ഒരിക്കലും ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. പുരുഷക്രിക്കറ്റിനെ മാത്രം വാഴ്ത്തുകയും പ്രോത്സാഹിപ്പിക്കുകയുമാണ് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രേള്‍ ബോര്‍ഡ് പോലും നാളിതുവരെ ചെയ്തുപോന്നിരുന്നത്. എന്നാല്‍ ലോകകപ്പ് ഫൈനല്‍ പ്രവേശനത്തോടെ വനിതാ ക്രിക്കറ്റും മിതാലിയെന്ന ഉശിരുള്ള നായികയും ശ്രദ്ധിക്കപ്പെട്ടു.

മിതാലി എന്നത് ഒരു ബ്രാന്‍ഡായി പോലും മാറിക്കഴിഞ്ഞു. മിതാലി എന്ന് പറഞ്ഞാല്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ ഉശിരുള്ള നായിക എന്ന് രാജ്യം വിളിപ്പുപറയുന്ന അവസ്ഥയിലാണ് കാര്യങ്ങള്‍ എത്തിനില്‍ക്കുന്നത്. മുന്നില്‍ നിന്ന് നയിക്കാനുള്ള ശേഷിയുടെ കാര്യത്തില്‍ അവള്‍ പലപ്പോഴും ഏവരേയും ഞെട്ടിച്ചിട്ടുണ്ട്.

അതിനിടയിലാണ് മിതാലി രാജിനെ സച്ചിന്‍ ടെന്‍ഡുല്‍ക്കറോട് താരതമ്യം ചെയ്യപ്പെടാന്‍ തുടങ്ങിയത്. വനിതാ ക്രിക്കറ്റിലെ സച്ചിനാണ് മിതാലിയെന്നാണ് ഭാഷ്യം. സ്വന്തം പേരില്‍ അറിയപ്പെടുന്ന ഒരു കായിക താരത്തിന്റെ പേരിലേക്ക് ഇതിഹാസ താരങ്ങളെ വലിച്ചു കയറ്റുന്നത് പുരുഷ കേന്ദ്രീകൃതമായ ഒരു സമൂഹത്തെയാണ് തുറന്നുകാട്ടുന്നത്. ക്രിക്കറ്റ് ദൈവവുമായുള്ള ഇത്തരം താരതമ്യങ്ങളില്‍ തനിക്ക് താത്പര്യമില്ലെന്ന് തുറന്ന് പറയാന്‍ ഇന്ത്യന്‍ നായിക മടികാട്ടിയില്ല എന്നതും ശ്രദ്ധേയമാണ്.

ഇവിടെയാണ് മിതാലി ഇന്ത്യന്‍ വനിതകള്‍ക്ക് മുന്നില്‍ മാതൃകയാകുന്നത്. സച്ചിന്‍ എന്ന ഇതിഹാസത്തോടുള്ള മുഴുവന്‍ ബഹുമാനവും നിലനിര്‍ത്തി കൊണ്ടുതന്നെയാണ് മിതാലി നിലപാട് വ്യക്തമാക്കിയത്. താന്‍ ഫീമെയില്‍ സച്ചിനെന്നല്ല മിതാലി രാജെന്നാണ് അറിയപ്പെടാന്‍ ആഗ്രഹിക്കുന്നതെന്നും താരം വ്യക്തമാക്കി.

വനിതാ ക്രിക്കറ്റില്‍ ഏകദിനത്തില്‍ 6000 റണ്‍സ് കടന്നതോടെയായിരുന്നു മിതാലിയെ സച്ചിനോട് താരതമ്യം ചെയ്ത് സോഷ്യല്‍ മീഡിയയും ആരാധകരും രംഗത്തെത്തിയത്. സച്ചിനെപ്പോലെ ടീമിന്റെ ബാറ്റിംഗിനെ മുന്നില്‍ നിന്ന് നയിച്ചതും 18 വര്‍ഷം നീണ്ടതും സ്ഥിരതയാര്‍ന്നതുമായ പ്രകടനവുമൊക്കെ അതിന് കാരണമാവുകയായിരുന്നു.

സച്ചിനോട് തന്നെ താരതമ്യം ചെയ്യുന്നതില്‍ തനിക്ക് അതിയായ സന്തോഷമുണ്ടെന്നാണ് മിതാലി പറയുന്നത്.’ സച്ചിനോട് താരതമ്യം ചെയ്യപ്പെടുന്നത് ഒരു ബഹുമതിയാണ്. രാജ്യത്തിന് വേണ്ടി അദ്ദേഹം ചെയ്തതിന്റെ പകുതി പോലും എനിക്ക് നേടാന്‍ കഴിഞ്ഞിട്ടുണ്ടെന്നു തോന്നുന്നില്ല.’ മിതാലി പറയുന്നു.

എന്നാല്‍ താന്‍ ഫീമെയില്‍ സച്ചിനെന്നല്ല മിതാലി രാജെന്നാണ് അറിയപ്പെടാന്‍ ആഗ്രഹിക്കുന്നതെന്നും താരം വ്യക്തമാക്കുന്നു.’ ഒരു വനിതാ ക്രിക്കറ്റര്‍ എന്ന നിലയില്‍ ആളുകള്‍ എന്നെ ഞാനായിട്ട് അറിയപ്പെടാനാണ് എനിക്ക് ഇഷ്ടം. ഒരു പുരുഷതാരത്തോട് താരതമ്യം ചെയ്യുന്നതിലും എനിക്കിഷ്ടം അതാണ്.’ മിതാലി നിലപാട് വ്യക്താക്കുന്നു. ലോകകപ്പിനിടെ ബാറ്റിംഗിന് ഇറങ്ങുന്നതിന് മുമ്പായി പുസ്തകം വായിച്ചിരിക്കുന്ന മിതാലിയുടെ ക്യാപ്റ്റന്‍സിയും കൂള്‍ മനസ്ഥിതിയും ധോണിയോട് താരതമ്യം ചെയ്യുന്നവരുമുണ്ട്.

എന്നാല്‍ താനെന്നും ഇങ്ങനെ തന്നെയായിരുന്നുവെന്നാണ് താരം പറയുന്നത്. ലോകകപ്പിനു മുന്‍പ് പത്രസമ്മേളനത്തിനിടെ മാധ്യമപ്രവര്‍ത്തകന്‍ മിതാലിയോട് ഇഷ്ടപ്പെട്ട പുരുഷ ക്രിക്കറ്റ് താരമാരെന്ന് ചോദിച്ചപ്പോള്‍, നിങ്ങള്‍ പുരുഷതാരങ്ങളോട് ഇഷ്ടപ്പെട്ട വനിതാക്രക്കറ്റര്‍ ആരെന്ന് ചോദിക്കുമോ എന്നായിരുന്നു മിതാലിയുടെ മറുചോദ്യം. പുരുഷതാരങ്ങളെ വെല്ലുന്ന ഷോട്ടുകളാണ് ഹര്‍മന്‍ പ്രീത് കൗറെന്ന ഇന്ത്യന്‍ വനിതാ ക്രിക്കറ്റിലെ വൈസ് ക്യാപ്റ്റന്‍ സെമി ഫൈനലില്‍ കാഴ്ചവെച്ചത്. അതോടെ കൗര്‍ സെവാഗിന്റെ നിഴലിലായി.


എന്തായാലും ഇത്തരം പ്രവണതകള്‍ സ്ത്രീകളെ പുരുഷന്‍മാരുടെ നിഴലായി കാണുന്ന സമൂഹം വെച്ചുപുലര്‍ത്തുന്നതാണെന്നാണ് മിതാലി പറയാതെ പറയുന്നത്. ഒരു കായിക താരത്തെ ഇത്തരത്തില്‍ വില കുറച്ച് കാണുന്നത് ശരിയല്ലെന്ന കാഴ്ചപ്പാട് കൂടിയാണ് ഇവിടെ ഉയരുന്നത്. മിതാലി ചോദിച്ചതു പോലെ, നിങ്ങള്‍ പുരുഷ ക്രിക്കറ്റിലെ മിതാലിയാണ് സച്ചിന്‍ എന്ന് പറയുമോ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel