സുനന്ദ പുഷ്‌കറിന്റെ മരണം; മകന് കോടതിയുടെ വിമര്‍ശനം; പൊലീസ് റിപ്പോര്‍ട്ടില്‍ വ്യക്തതയില്ലെന്നും കോടതി

ദില്ലി: കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂരിന്റെ ഭാര്യസുനന്ദ പുഷ്‌കറിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട പൊലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തതയില്ലെന്ന് ദില്ലി ഹൈക്കോടതി. കേസുമായി ബന്ധപ്പെട്ടിട്ടുള്ള അഡീഷണല്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും പൊലീസിനോട് കോടതി നിര്‍ദേശിച്ചു. ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി പൊലീസിനെ വിമര്‍ശിച്ചത്.

സുനന്ദാ പുഷ്‌കറിന്റെ ദുരൂഹമരണം സംബന്ധിച്ച് കോടതിയുടെ മേല്‍ നോട്ടത്തില്‍ അന്വേഷണം നടത്തണമെന്നായിരുന്നു സുബ്രഹ്മണ്യം സ്വാമിയുടെ ആവശ്യം. കേസില്‍ അന്വേഷണ പുരോഗതിയില്ലാത്തതിനാല്‍ സിബിഐ അന്വേഷണവും സ്വാമി ആവശ്യപ്പെട്ടിരുന്നു. ഈ ഹര്‍ജി പരിഗണിക്കുമ്പോഴാണ് അന്വേഷണത്തിന്റെ തല്‍സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടത്.

അതിനിടെ കേസില്‍ സുബ്രഹ്മണ്യം സ്വാമിക്കുള്ള താല്‍പര്യത്തെ ചോദ്യം ചെയ്ത് സുനന്ദ പുഷ്‌കറിന്റെ മകന്‍ ശിവ് മേനോന്‍ രംഗത്തെത്തിയതിനേയും കോടതി വിമര്‍ശിച്ചു. പൊതുജന താല്പര്യാര്‍ഥമാണ് സ്വാമിയുടെ നടപടികളെന്നും അമ്മ എങ്ങനെ മരിച്ചെന്ന ദുരൂഹത നീങ്ങണമെന്ന് മകന് ആഗ്രഹമില്ലേ എന്നും കോടതി ചോദിച്ചു.

2014 ജനുവരി 17നാണ് ഡല്‍ഹിയിലെ ലീലാ ഹോട്ടലിലെ മുറിയില്‍ സുനന്ദയെ ദൂരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.സുനന്ദയുടെ മരണവുമായി ബന്ധപ്പെട്ട ചില നിര്‍ണായക തെളിവുകള്‍ ഒരു ദേശീയ മാധ്യമം കഴിഞ്ഞ ദിവസം പുറത്തു വിട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel