ഇത് എത്ര പേര്‍ക്കറിയാം

ചെവി വൃത്തിയാക്കുവാന്‍ ആദ്യകാലങ്ങളില്‍ ഉപയോഗിച്ചിരുന്ന ചെവി തോണ്ടിയുടെ പുതിയ രൂപമായിട്ടാണ് ഇന്ന് ഇയര്‍ ബഡ്‌സിനെ എല്ലാവരും കാണുന്നത്. എന്നാല്‍ സിഗരറ്റ് പാക്കറ്റിനു പുറത്തെഴുതിയിരിക്കുന്നതു പോലെ ഒരു നിയമ പ്രകാരമുള്ള മുന്നറിയിപ്പ് ഓരോ ഇയര്‍ ബഡ് പാക്കറ്റിലും എഴുതിയിട്ടുണ്ട്. ഈ ഉല്‍പ്പന്നം ചെവിയില്‍ ഇടാന്‍ പാടില്ല എന്നത് തന്നെയാണ് അറിയിപ്പിന്റെ കാതല്‍.

എന്നാല്‍ ലോകമെങ്ങും ആളുകള്‍ ഈ മുന്നറിയിപ്പ് അവഗണിച്ചു ചെവിയിലെ അഴുക്ക് അല്ലെങ്കില്‍ മെഴുകു നീക്കം ചെയ്യാന്‍ ഇയര്‍ ബഡുകളെ ആശ്രയിക്കുന്നു. ചിലരോ കണ്‍പീള നീക്കം ചെയ്യാനും മൂക്ക് വൃത്തിയാക്കാനും എല്ലാം ഈ കോട്ടന്‍ ബഡ് ഉപയോഗിക്കും. എന്നാല്‍ ചെവി പോലെ തന്നെ ശരീരത്തിന്റെ ഒരു ഭാഗത്തും ഇത് കടത്തി വിടാന്‍ പാടില്ല എന്നാണ് ഇക്കാലമത്രയും ഇതിന്റെ ഉദ്പാദകര്‍ പറഞ്ഞു തരുന്നതും.

നിരവധി ആളുകളുടെ കേള്‍വി പൂര്‍ണ്ണമായും അല്ലെങ്കില്‍ ഭാഗികമായും നഷ്ടപ്പെടാന്‍ കാരണമായ വസ്തു കാട്ടുതീ പോലെയാണ് ലോകം എങ്ങും എത്തപ്പെട്ടത്. പക്ഷേ എന്തിനു വേണ്ടി ഉപയോഗിക്കരുതെന്ന് നിര്‍മ്മാതാക്കള്‍ പറഞ്ഞുവോ, അതിനു വേണ്ടി മാത്രമാണ് ഇന്ന് കോട്ടന്‍ ബഡ് ഉപയോഗിക്കുന്നതും ഉപയോഗിച്ച് കൊണ്ടിരിക്കുന്നതും എന്നതാണ് സത്യം. ഇവ ശരീരത്തിന് വളരെ ഹാനികരം ആയി മാറുന്നു എന്ന് കണ്ടതിനെ തുടര്‍ന്ന് 1970 ല്‍ ആദ്യമായി ചെവിയില്‍ ഇടുന്നത് ഗുരുതരമായ ആരോഗ്യ പ്രശനങ്ങള്‍ക്ക് കാരണമാകും എന്ന മുന്നറിയിപ്പ് നിലവില്‍ വന്നിരുന്നു.

ചെവിയില്‍ ഇയര്‍ ബഡ് ഇടുന്നത് ചെവി ചൊറിയുമ്പോള്‍ മാത്രമല്ല. മിക്കവര്‍ക്കും ഇതൊരു ഹോബിയായി മാറിക്കഴിഞ്ഞു. നിര്‍ദോഷമായ പ്രക്രിയ എന്നതിനാലും, ഇയര്‍ ബഡ് ഉപയോഗിക്കുന്നതിലൂടെ ലഭിക്കുന്ന അനുഭൂതിയും ചേരുന്നതിലൂടെ ഇതിനു തടയിടാന്‍ കഴിയാതെയായി. എന്നാല്‍ എത്രയും കൂടുതല്‍ ഇയര്‍ ബഡ് ഉപയോഗിക്കുന്നുവോ അത്രയും കൂടുതല്‍ ചെവിക്കകത്തു ഇയര്‍ ബഡ് ഉപയോഗിക്കുവാന്‍ കാരണമായ നാഡി പ്രവര്‍ത്തനമോ അത് വഴി ഉള്ള ചൊറിച്ചിലോ സംഭവിക്കുന്നു എന്നതും ഇത് സംബന്ധിച്ച പഠനം തെളിയിക്കുന്നുണ്ട്.

ചെവിക്കകത്ത് രൂപം കൊള്ളുന്ന മെഴുക് പുറം തള്ളേണ്ട വസ്തു ആണെന്നും അത് അഴുക്കു ആണെന്നും ഉള്ള തെറ്റായ ധാരണ എങ്ങനെയോ ലോകം മുഴുവന്‍ പരക്കുകയും ചെയ്തു. സത്യത്തില്‍ ചെവിയെ അണുബാധയില്‍ നിന്നും സംരക്ഷിക്കുന്ന ഒരു കവചം കൂടിയാണ് ഇയര്‍ വാക്സ്. കണ്ണില്‍ കണ്ണീരു രൂപപ്പെടുന്നത് പോലെയാണ് ചെവിയില്‍ വാക്സ് രൂപം കൊള്ളുന്നത് എന്ന് മനസ്സിലാക്കൂ. കണ്ണീര്‍ കൃഷ്ണമണിയെ സഹായിക്കുന്ന പോലെ ഒരു പ്രവര്‍ത്തനമാണ് ഇയര്‍ വാക്സിന്റേത്.

ചെവിയുടെ ഉള്‍ വശമായ ചെവിക്കനാല്‍ വളരെ ലോലമായ ചര്‍മ്മം മൂലം നിര്‍മ്മിതം ആയതിനാല്‍ ഇവയെ സംരക്ഷിക്കുന്ന ജോലിയാണ് ഇയര്‍ വാക്സിനുള്ളത്. എന്നാല്‍ ഇയര്‍ ബഡ് ഇടുന്നത് മൂലം ചെവിക്കാനലിനും ദോഷം സംഭവിക്കുന്നുണ്ട്. ചെവിക്കകത്ത് എന്താണോ ആവശ്യമായുള്ളത് അതിനെ പുറത്തെടുത്തു കളയുകയാണ് ഇയര്‍ ബഡുകള്‍ ചെയ്യുന്നത് എന്നുള്ളതാണ് സത്യം . ശരീരത്തിന്റെ ഓരോ അവയവങ്ങളിലും ഇത്തരം സംരക്ഷണ കവചങ്ങള്‍ ഉണ്ടെന്നും ആന്തരിക അവയവങ്ങളിലെ സംരക്ഷണ കവചങ്ങളും മനുഷ്യര്‍ നീക്കം ചെയ്യാന്‍ ശ്രമം നടത്തിയിരുന്നെങ്കിലോ മരണം എന്നേ സംഭവിച്ചേനെ.

മാത്രമല്ല മിക്കപ്പോഴും വാക്സിനെ പുറത്തേക്കു എടുക്കുന്നതിനു പകരം അകത്തേക്ക് തള്ളി ഇയര്‍ ഡ്രമ്മിനു കേടുവരുത്തുകയാണ് ഇയര്‍ ബഡ് ചെയ്യുന്നത്. ഇങ്ങനെ വാക്സ് അകത്തേക്ക് തള്ളപ്പെടുന്നത് ഭാവിയില്‍ ബധിരതയിലേക്കു നയിക്കുകയും ചെയ്യും. ചെവിക്കു മധ്യത്തില്‍ ഉള്ള ലോലമായ അസ്ഥികളെ കൂടി അപകടപ്പെടുത്താന്‍ ഇയര്‍ ബഡുകള്‍ കാരണമാകും എന്നും പഠനം പറയുന്നു.

ഇയര്‍ ബഡുകളുടെ ശരിയ്ക്കും ഉള്ള ഉപയോഗങ്ങള്‍

1. യാത്ര പോകുമ്പോള്‍ അല്‍പ്പം പെര്‍ഫ്യുമില്‍ മുക്കിയ ഇയര്‍ ബഡ് കൂടെ കരുതിയാല്‍ സുഗന്ധം എപ്പോഴും കൂടെ ഉണ്ടാകും.

2. കൈപൊള്ളാതെ മെഴുകു തിരി, ഗ്യാസ് സ്റ്റൗവ് എന്നിവ കത്തിക്കാന്‍ ഉള്ള ഏറ്റവും നല്ല ഉപാധിയാണ് ബഡ്‌സ്

3. ഹെയര്‍ ഡ്രയറില്‍ ചുറ്റിപ്പിണഞ്ഞ മുടി ഇളക്കി എടുക്കാനും ഇയര്‍ ബഡ് സഹായകമാണ്.

4. തുരുമ്പ് പിടിച്ച താക്കോല്‍ പഴുത്, കെട്ടുപിണഞ്ഞ സിബ് എന്നിവയില്‍ അല്‍പ്പം എണ്ണ മുക്കിയ ഇയര്‍ ബഡ് ഇടുകയാണെങ്കില്‍ അത് ശരിയായിക്കോളും

5. കമ്പ്യൂട്ടര്‍ കീ ബോര്‍ഡ് വൃത്തിയാക്കുവാന്‍ ഇയര്‍ ബഡിനേക്കാള്‍ സഹായകമായ മറ്റൊന്നില്ല.

6. അല്‍പ്പം വാസലിന്‍ മുക്കിയ ഇയര്‍ ബഡ് നല്ല തീപ്പന്തം പോലെയുള്ള ജ്വലന സഹായി ആണ്.

7. പട്ടിയുടെയും പൂച്ചയുടെയും ഒക്കെ പല്ല് വൃത്തിയാക്കാനും ഇയര്‍ ബഡാണ് ഏറെ സഹായകരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News