എല്‍പിജി സിലിണ്ടറിന്റെ സബ്‌സിഡി എടുത്ത് കളയാനുള്ള കേന്ദ്ര തിരുമാനം ജനങ്ങളെ കൊള്ളയടിക്കാന്‍; രമേശ് ചെന്നിത്തല

തിരുവനന്തപുരം:പാചകവാതക സബ്‌സിഡി ഘട്ടം ഘട്ടമായി പിന്‍വലിക്കാന്‍ തിരുമാനിച്ചതിലൂടെ കേന്ദ്ര സര്‍ക്കാര്‍ ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അതി സമ്പന്നര്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കും വേണ്ടിയാണ് ഈ സര്‍ക്കാര്‍ സബ്‌സിഡി പിന്‍വലിച്ചത്. സാധരാണക്കാരുടെ കുടംബ ബഡ്ജറ്റിനെ താളം തെറ്റിക്കുന്ന ഈ നടപടി ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയില്ല.

അതി രൂക്ഷമായ വിലക്കയറ്റമാണ് സര്‍ക്കാരിന്റെ ഈ തലതിരഞ്ഞ നടപടിമൂലം ഉണ്ടാക്കുക. സബ്‌സിഡി ഉള്ള പാചക വാതക സിലിണ്ടറും സബ്‌സിഡി ഇല്ലാത്തവയും തമ്മില്‍ വിലയില്‍ വ്യത്യാസമില്ലാത്ത അവസ്ഥ സംജാതമാക്കിയതിന് പിന്നില്‍ കള്ളക്കളിയുണ്ട്. രാജ്യാന്തര വിപണയില്‍ ക്രൂഡോയിലിന് വില കുറഞ്ഞിട്ടും അതിന്റെ ആനുകൂല്യം ജനങ്ങള്‍ക്ക് നല്‍കാത്ത ഈ സര്‍ക്കാര്‍ ഭാവിയില്‍ ജനങ്ങള്‍ക്ക് മേല്‍ വന്‍ ബാധ്യത അടിച്ചേല്‍പ്പിക്കാന്‍ വേണ്ടിയാണ് ഓരോ മാസവും എല്‍ പി ജി സിലിണ്ടറിന് വിലകൂട്ടുമെന്ന് പ്രഖ്യാപിച്ചത്.

ജി എസ് ടി നിലവില്‍ വന്നതോടെ സബ്‌സിഡിയുള്ള പാചക വാതകത്തിന് 32 രൂപയാണ് വര്‍ധിപ്പിച്ചത്. ആറു വര്‍ഷത്തിനിടെയുള്ള ഏറ്റവും വലിയ വര്‍ധനയാണ് ഇത് മൂലം ഉണ്ടായത്. ഇത് വന്‍ വിലക്കയറ്റത്തിന് കാരണമായി. ജനങ്ങള്‍ ദുരിതക്കയത്തിലായിരിക്കുമ്പോള്‍ ഇരുട്ടടി എന്നോണമാണ് സബ്‌സിഡിയുള്ള എല്‍ പി ജി സിലിണ്ടറുകള്‍ക്ക് ഓരോ മാസവും വിലവര്‍ധിപ്പിക്കാനുള്ള സര്‍ക്കാരിന്റെ തിരുമാനം. ഇത് പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here