കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടന്‍ സിദ്ദീഖിനെ അന്വേഷണസംഘം ചോദ്യംചെയ്തു. കളമശ്ശേരി സ്റ്റേഷനില്‍ വിളിച്ചു വരുത്തിയാണ് ചോദ്യം ചെയ്തത്. ദിലീപും നടിയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്ക് താന്‍ സാക്ഷിയായിരുന്നെന്ന് സിദ്ദീഖ് മൊഴി നല്‍കി.
2013ലെ താരനിശയ്ക്കിടയില്‍ ദിലീപും നടിയും തമ്മില്‍ പ്രശ്‌നമുണ്ടായെന്നും അന്ന് ഇരുവരെയും പിടിച്ചു മാറ്റിയത് താനാണെന്നും സിദ്ദീഖ് മൊഴി നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തിന് ആരൊക്കെയായിരുന്നു സാക്ഷികളെന്നും പിടിച്ചു മാറ്റാന്‍ ആരൊക്കെയാണ് എത്തിയതെന്നും അന്വേഷണസംഘം ചോദിച്ചറിഞ്ഞു. ഇരുവരും തമ്മിലുള്ള വൈരാഗ്യത്തെക്കുറിച്ചും സിദ്ദീഖില്‍ നിന്ന് പൊലീസ് വിവരങ്ങള്‍ തേടി.
ദിലീപുമായുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ചും പൊലീസ് സിദ്ദീഖിനോട് ചോദിച്ചു. നടി ആക്രമിക്കപ്പെടുന്ന കാര്യം മുന്‍കൂട്ടി അറിഞ്ഞിരുന്നോയെന്നും അന്വേഷണസംഘം ആരാഞ്ഞു. എന്നാല്‍ നടിയെ ആക്രമിച്ച സംഭവത്തെക്കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്നായിരുന്നു സിദ്ദീഖിന്റെ മറുപടി.
ദിലീപിനെ ആദ്യം ചോദ്യം ചെയ്ത ജൂണ്‍ 28ന് സിദ്ദീഖ് ആലുവ പൊലീസ് ക്ലബ്ബിലെത്തിയിരുന്നു. സിദ്ദീഖിനെ ആരെങ്കിലും പറഞ്ഞുവിട്ടതാണോ എന്ന് അന്ന് പൊലീസിന് സംശയമുണ്ടായിരുന്നു. എന്നാല്‍ തന്നെ ആരും പറഞ്ഞുവിട്ടതല്ലെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് പൊലീസ് ക്ലബ്ബില്‍ വന്നതെന്നും സിദ്ദീഖ് മൊഴി നല്‍കി.
ദിലീപ് തന്റെ സഹപ്രവര്‍ത്തകനാണെന്നും അദ്ദേഹത്തിനൊരു പ്രശ്‌നം ഉണ്ടാവുമ്പോള്‍ അന്വേഷിക്കേണ്ടത് ഉത്തരവാദിത്തമാണെന്നും സിദ്ദീഖ് പറഞ്ഞു.
അതേസമയം, ആവശ്യമെങ്കില്‍ വീണ്ടും സിദ്ദീഖിനെ ചോദ്യം ചെയ്യാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. ഇക്കാര്യം താരത്തോട് പൊലീസ് സൂചിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

Get real time update about this post categories directly on your device, subscribe now.