
കൊച്ചി: ആക്രമിക്കപ്പെട്ട നടിയുടെ പേരു വെളിപ്പെടുത്തിയ സംഭവത്തില്‍ റിമാ കല്ലിങ്കലിനെതിരെയും കേസെടുത്തേക്കും. ഇക്കാര്യം സംബന്ധിച്ച് പൊലീസ് നിയമോപദേശം തേടും. ഇരയ്ക്ക് പരാതിയില്ലെങ്കിലും കുറ്റം ഇല്ലാതാവില്ലെന്ന ഹൈക്കോടതി പരാമര്‍ശത്തെ തുടര്‍ന്നാണ് കേസെടുക്കാന്‍ ആലോചിക്കുന്നത്.
റിമയ്‌ക്കെതിരെ പരാതിയില്ലെന്ന് ആക്രമിക്കപ്പെട്ട നടി നേരത്തെ കത്ത് നല്‍കിയിരുന്നു. അതുകൊണ്ടാണ് പൊലീസ് കേസെടുക്കാതിരുന്നത്. സമാനമായ കത്ത് നല്‍കിയ അജു വര്‍ഗീസിന്റെ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം.
നടിയുടെ പേര് വെളിപ്പെടുത്തിയെന്ന കേസില്‍ അജു വര്‍ഗീസിനെതിരെ എഫ്‌ഐആര്‍ റദ്ദാക്കാന്‍ സാധിക്കില്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. നടിയുമായി ഒത്തു തീര്‍പ്പുണ്ടായതുകൊണ്ട് മാത്രം എഫ്‌ഐആര്‍ റദ്ദാക്കാന്‍ സാധിക്കില്ലെന്ന് കോടതി വ്യക്തമാക്കി. പൊലീസ് അന്വേഷണത്തില്‍ ഇടപെടില്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു.
കേസ് റദ്ദാക്കുന്നതില്‍ തനിക്ക് എതിര്‍പ്പില്ലെന്ന് വ്യക്തമാക്കിയുള്ള നടിയുടെ സത്യവാങ്മൂലവും അജു കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. അജു തന്റെ സുഹൃത്താണെന്നും ദുരുദ്ദേശപരമായിട്ടല്ല പേരു വെളിപ്പെടുത്തിയതെന്നും നടി സത്യവാങ്മൂലത്തില്‍ പറയുന്നു. എന്നാല്‍ ഇരയുമായി ഒത്തുതീര്‍പ്പുണ്ടായാലും കേസ് ഇല്ലാതാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കുകയായിരുന്നു.
ഹൈക്കോടതിയുടെ ഈ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് റിമയ്‌ക്കെതിരെയും കേസെടുക്കാന്‍ പൊലീസ് ആലോചിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here