നവജാതശിശുവിന്റെ വയറ്റില്‍ ഇരട്ട സഹോദരന്‍; ഞെട്ടലോടെ ഇന്ത്യന്‍ വൈദ്യ ശാസ്ത്രം

മുംബൈ: നവജാതശിശുവിന്റെ വയര്‍ പരിശോധിച്ച ഡോക്ടര്‍മാര്‍ ഞെട്ടി. കുഞ്ഞിന്റെ വയറിനുള്ളില്‍ ഇരട്ടക്കുട്ടി. കഴിഞ്ഞ ദിവസം താനെയില്‍ ജനിച്ച കുഞ്ഞിന്റെ വയറ്റിലാണ് ഇരട്ടക്കുട്ടിയെ കണ്ടെത്തിയത്. കുഞ്ഞിനെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. ഇന്ത്യയില്‍ ഇത്തരം സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് ഇതാദ്യമാണ്.

സംശയം തോന്നിയ ഡോക്ടര്‍മാര്‍ കുഞ്ഞിനെ പരിശോധിച്ചപ്പോഴാണ് വയറിനുള്ളില്‍ മരിച്ച നിലയില്‍ ഇരട്ടക്കുട്ടിയെ കണ്ടെത്തിയത്. ഏഴ് സെന്റീമീറ്റര്‍ വളര്‍ച്ചയുണ്ടായിരുന്ന കുഞ്ഞിന്റെ തലച്ചോര്‍ പൂര്‍ണ വളര്‍ച്ച എത്തിയിരുന്നതായും ഡോക്ടര്‍മാര്‍ പറയുന്നു. കൈകളും വ്യക്തമായിരുന്നു. കുഞ്ഞു ജനിച്ച് ഒന്‍പതാം ദിവസമാണ് ഇരട്ട സഹോദരന്റെ വളര്‍ച്ചയെത്തിയ ഭ്രൂണം ഡോക്ടര്‍മാരുടെ ശ്രദ്ധയില്‍പെടുന്നത്.


മണിക്കൂറുകള്‍ നീണ്ടുനിന്ന ശസ്ത്രക്രിയയ്‌ക്കൊടുവിലാണ് ആരോഗ്യവാനായ കുഞ്ഞിനെ രക്ഷപെടുത്താനായത്. ശസ്ത്രക്രിയയ്ക്ക് ശേഷം വിദഗ്ദ്ധ ചികില്‍സകള്‍ക്കായി നവജാതശിശുവിനേയും പത്തൊന്‍പതുകാരിയായ അമ്മയെയും താനെയിലെ സ്വകാര്യമെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

സാധാരണയായി അമ്മയുടേയും കുഞ്ഞിന്റേയും ജീവന്‍വരെ ഇത്തരം ജനനങ്ങളില്‍ അപകടത്തില്‍പെടാമെന്നും ഇരട്ടകുട്ടികളെ ഗര്‍ഭം ധരിക്കുമ്പോള്‍ അപൂര്‍വ്വമായി ഇങ്ങനെ സംഭവിക്കാറുണ്ടെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here