മദനിയുടെ കേരള യാത്ര അനിശ്ചിതത്വത്തില്‍; കര്‍ശന നിലപാടുമായി കര്‍ണാടക സര്‍ക്കാര്‍

ബംഗളൂരു: പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനിയുടെ കേരള യാത്ര അനിശ്ചിതത്വത്തില്‍. യാത്ര ചെയ്യണമെങ്കില്‍ സുരക്ഷാ ചെലവായ 11 ലക്ഷവും അതിന്റെ ജിഎസ്ടിയും അടക്കണമെന്ന നിലപാട് കര്‍ണാടക സര്‍ക്കാര്‍ സ്വീകരിച്ചതോടെയാണ് യാത്ര അനിശ്ചിതത്വത്തിലായത്. സുരക്ഷാ ജീവനക്കാരുടെ ശമ്പളം നല്‍കണമെന്നും കര്‍ണാടക ആവശ്യപ്പെട്ടു.

വിമാന ടിക്കറ്റ് കൂടാതെ 14,80,000 രൂപയാണ് കര്‍ണാടക ആവശ്യപ്പെട്ടത്. സുരക്ഷയ്ക്കായി ഒരു എഎസ്പി അടക്കം 19 ഉദ്യോഗസ്ഥരെയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈ തുക താങ്ങാനാവില്ലെന്ന് മദനിയുടെ അഭിഭാഷകന്‍ അറിയിച്ചു. ഇതോടെയാണ് യാത്ര പ്രതിസന്ധിയിലായത്.

മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ മദനിക്ക് സുപ്രീംകോടതിയുടെ അനുമതി നല്‍കിയിരുന്നു. മദനിക്ക് ഓഗസ്റ്റ് ഏഴു മുതല്‍ 14 വരെ കേരളത്തില്‍ തങ്ങാമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു. ഈ കാലയളവിലെ സുരക്ഷാ ചെലവ് മദനി തന്നെ വഹിക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു.

ഓഗസ്റ്റ് 9ന് തലശേരിയിലാണ് വിവാഹം. വിവാഹത്തില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കുന്നതിനെ കര്‍ണാടക സര്‍ക്കാര്‍ ആദ്യം എതിര്‍ത്തിരുന്നു. വിവാഹത്തില്‍ പങ്കെടുക്കാന്‍ മദനി പോകുമ്പോള്‍ വരുന്ന ചെലവ് വഹിക്കാന്‍ കഴിയില്ലെന്നും കര്‍ണാടക വ്യക്തമാക്കിയിരുന്നു.
ഇതോടെയാണ് മദനി സുപ്രീംകോടതിയെ സമീപിച്ചത്. ചെലവ് വഹിക്കാന്‍ തങ്ങള്‍ തയാറാണെന്ന് മദനിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചതോടെയാണ് വിവാഹത്തില്‍ പങ്കെടുക്കാന്‍ അനുമതി ലഭിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News