ആറന്മുള വിമാനത്താവളത്തിനായി കെ.ജി.എസ് ഗ്രൂപ്പുമായി നടത്തിയ ഭൂമി കൈമാറ്റങ്ങള്‍ അസാധു;293.30 ഏക്കര്‍ സ്ഥലം ഏറ്റെടുക്കുന്നതിന് ഉത്തരവ്

പത്തനംതിട്ട: ആറന്മുള വിമാനത്താവളത്തിനായി എബ്രഹാം കലമണ്ണില്‍ കേരള ഭൂപരിഷ്‌കരണ നിയമം ലംഘിച്ച് അനുവദനീയമായതില്‍ കൂടുതലായി കൈവശം വച്ചിരുന്ന 293.30 ഏക്കര്‍ സ്ഥലം മിച്ചഭൂമിയായി സര്‍ക്കാരിലേക്ക് ഏറ്റെടുക്കുന്നതിന് കോഴഞ്ചേരി താലൂക്ക് ലാന്‍ഡ് ബോര്‍ഡ് ചെയര്‍മാനും അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റുമായ അനു എസ്.നായരാണ് ഉത്തരവിറക്കിയത്. കേരള ഭൂപരിഷ്‌കരണ നിയമം 85ാം വകുപ്പ് പ്രകാരം കോഴഞ്ചേരി, അടൂര്‍, ആലത്തൂര്‍ താലൂക്കുകളിലുള്ള ഭൂമിയാണ് ഏറ്റെടുക്കാന്‍ ഉത്തരവായിട്ടുള്ളത്.

ആകെ 118.74.65 ഹെക്ടര്‍ സ്ഥലമാണ് മിച്ചഭൂമിയായി ഏറ്റെടുക്കുന്നത്. ഏഴു ദിവസത്തിനകം സ്ഥലം സര്‍ക്കാരിലേക്ക് നിക്ഷിപ്തമാക്കുന്നതിന് കോഴഞ്ചേരി, അടൂര്‍, ആലത്തൂര്‍ തഹസില്‍ദാര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. കേരള ഭൂപരിഷ്‌കരണ നിയമത്തിലെ വ്യവസ്ഥകള്‍ മറികടന്ന് ഭൂമി സമ്പാദിക്കുന്നതിന് എബ്രഹാം കലമണ്ണില്‍ തന്നെയാണ് രണ്ട് സൊസൈറ്റികള്‍ രൂപീകരിച്ചതെന്നും കഴിഞ്ഞ മാസം 12ന് ചേര്‍ന്ന താലൂക്ക് ലാന്‍ഡ് ബോര്‍ഡ് യോഗം കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തില്‍ വ്യത്യസ്ഥങ്ങളായ സൊസൈറ്റികളുടെ പേരില്‍ മിച്ചഭൂമി കേസ് എടുത്തത് തെറ്റാണെന്ന കെ.ജെ എബ്രഹാമിന്റെ വാദം തള്ളിക്കളയുന്നതിന് താലൂക്ക് ലാന്‍ഡ് ബോര്‍ഡ് തീരുമാനിച്ചു.

എബ്രഹാം കലമണ്ണില്‍ കെ.ജി.എസ് ഗ്രൂപ്പുമായി നടത്തിയിട്ടുള്ള ഭൂമി കൈമാറ്റങ്ങള്‍ കേരള ഭൂപരിഷ്‌കരണ നിയമം വകുപ്പ് 84 പ്രകാരം അസാധുവാണെന്ന് യോഗം വിലയിരുത്തി. ഭൂപരിഷ്‌കരണ നിയമത്തിലെ ഇളവ് ആറന്മുള വിമാനത്താവള കമ്പനിക്ക് അനുവദിക്കുന്നതിന് കഴിയില്ലെന്നുള്ള സര്‍ക്കാര്‍ തീരുമാനവും ആറന്മുള വിമാനത്താവള പദ്ധതി നിര്‍മാണവുമായി ബന്ധപ്പെട്ട നടപടികള്‍ തുടരേണ്ടതില്ലെന്നുള്ള സര്‍ക്കാര്‍ തീരുമാനവും നിരീക്ഷിച്ചാണ് ഈ നിഗമനത്തില്‍ യോഗം എത്തിച്ചേര്‍ന്നത്. അനുവദനീയമായതില്‍ കൂടുതല്‍ ഭൂമി സമ്പാദിച്ചതിനെ തുടര്‍ന്ന് കെ.ജെ എബ്രഹാമിനെതിരെ മിച്ചഭൂമി കേസ് ആരംഭിക്കുന്നതിന് സംസ്ഥാന ലാന്‍ഡ് ബോര്‍ഡ് 2012 ജൂലൈ മൂന്നിന് കോഴഞ്ചേരി താലൂക്ക് ലാന്‍ഡ് ബോര്‍ഡിന് അനുമതി നല്‍കിയിരുന്നു.

ഇതിന്റെ തുടര്‍ച്ചയായി 2013 ഏപ്രില്‍ 10ന് 136.3119 ഹെക്ടര്‍ ഭൂമി മിച്ചഭൂമിയായി പ്രഖ്യാപിച്ച് സര്‍ക്കാരിലേക്ക് ഏറ്റെടുക്കുന്നതിന് താലൂക്ക് ലാന്‍ഡ് ബോര്‍ഡ് ഉത്തരവായിരുന്നു. ഈ ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിനിടെ താലൂക്ക് ലാന്‍ഡ് ബോര്‍ഡിന്റെ കാലാവധി അവസാനിച്ചതിനാല്‍ സിറ്റിംഗ് നടത്തി ഉത്തരവ് നല്‍കുന്നതിന് സാധിച്ചിരുന്നില്ല. ഈ വര്‍ഷം ജനുവരി മൂന്നിന് താലൂക്ക് ലാന്‍ഡ് ബോര്‍ഡുകള്‍ പുനഃസംഘടിപ്പിച്ച് ഉത്തരവായിരുന്നു. മാര്‍ച്ച് 30ന് ചേര്‍ന്ന ആദ്യ സിറ്റിംഗില്‍ ഈ കേസ് പുതുതായി ആരംഭിക്കുന്നതിന് തീരുമാനിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News