ഈ മകളുടെ സങ്കടം കേട്ട് മുഖ്യമന്ത്രി പിണറായി; ഉടന്‍ പരിഹാരവും

മലപ്പുറം: സ്വന്തം സ്‌കൂളിലെ പരിമിതികളെ കുറിച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയന് കത്തെഴുതുമ്പോള്‍ ഹിമ കരുതിയിരുന്നില്ല ഇത്രയും പെട്ടെന്ന് മറുപടിയും പ്രശ്‌നപരിഹാരത്തിന് നിര്‍ദേശവും ലഭിക്കുമെന്ന്. താന്‍ എഴുതിയ കത്തിന് മുഖ്യമന്ത്രി മറുപടി കത്ത് അയച്ചതോടെ സ്‌കൂളിലും നാട്ടിലും താരമായി മാറിയിരിക്കുകയാണ് ഏലംകുളം കുന്നക്കാവ് ജിഎല്‍പി സ്‌കൂളിലെ നാല് ബിയിലെ ഹിമ.

പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിദ്യാര്‍ഥികള്‍ക്ക് കത്തെഴുതിയിരുന്നു. ഈ കത്തുകള്‍ സ്‌കൂള്‍ അസംബ്ലിയില്‍ വായിക്കുകയും മറുപടി അയക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇത് പ്രകാരം ഹിമ സാധാരണക്കാരായ വിദ്യാര്‍ഥികള്‍ പഠിക്കുന്ന തന്റെ സ്‌കൂളിലെ പരിമിതികള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തെഴുതുകയായിരുന്നു. പഠിക്കാന്‍ സൗകര്യമുള്ള ക്ലാസ് മുറികളും കളിക്കാനുള്ള സ്ഥലത്തിന്റെയും കാര്യം പറഞ്ഞുകൊണ്ടായിരുന്നു ഹിമയുടെ കത്ത്.

കത്തിലെ ആവശ്യങ്ങളുടെ പ്രാധാന്യം മനസിലാക്കിയ മുഖ്യമന്ത്രി പെട്ടെന്ന് തന്നെ മറുപടി അയക്കുകയായിരുന്നു. വെറും മറുപടി മാത്രമായി ഒതുക്കാതെ ഹിമ ഉന്നയിച്ച ആവശ്യങ്ങള്‍ നിര്‍ബന്ധമായും പരിശോധിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കി. ഹിമയുടെ സ്‌കൂളിന്റെ വികസനത്തെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ കലക്ടറോട് നിര്‍ദേശിച്ചതായും മുഖ്യമന്ത്രി മറുപടിയില്‍ പറഞ്ഞു.

100 കുട്ടികളുള്ള ക്ലാസില്‍ സ്ഥലപരിമിതിയുടെ പ്രശ്‌നം ചൂണ്ടിക്കാട്ടി കേരളത്തിലെ എല്ലാ പൊതുവിദ്യാലയങ്ങളും മെച്ചപ്പെട്ടതാക്കാന്‍ സര്‍ക്കാര്‍ പരിപാടി ആരംഭിച്ചതായി മുഖ്യമന്ത്രി മറുപടി കത്തില്‍ വിശദമാക്കുന്നുണ്ട്.

സ്വന്തം സ്‌കൂളിന്റെ വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടി കത്തെഴുതിയ ഹിമയ്ക്കും കൂട്ടുകാര്‍ക്കും അധ്യാപകര്‍ക്കും മാതാപിതാക്കള്‍ക്കും എല്ലാവിധ ആശംസകളും പറഞ്ഞാണ് മുഖ്യമന്ത്രി കത്ത് ചുരുക്കുന്നത്. അതോടൊപ്പം കത്തെഴുതിയ ഹിമയ്ക്ക് നന്ദി പറയാനും മുഖ്യമന്ത്രി മറന്നില്ല.

കടപ്പാട്: ദേശാഭിമാനി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News