ഹനീഫ വധക്കേസ്; തൃശൂര്‍ കോണ്‍ഗ്രസില്‍ വീണ്ടും ഗ്രൂപ്പ് പോര്; ഐ ഗ്രൂപ്പ് ആക്രമണം അഴിച്ചുവിടുന്നെന്ന് എ ഗ്രൂപ്പ് ആരോപണം

തൃശൂര്‍: ഒരിടവേളയ്ക്ക് ശേഷം ഗ്രൂപ്പ് പോരിന്റെ പേരില്‍ തൃശൂര്‍ കോണ്‍ഗ്രസില്‍ ഏറ്റുമുട്ടല്‍ സജീവമാകുന്നു. ഗ്രൂപ്പ് വഴക്കിനെ തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എ.സി ഹനീഫ കൊല്ലപ്പെട്ട ചാവക്കാടാണ് എ-ഐ വിഭാഗങ്ങള്‍ വീണ്ടും കൊമ്പുകോര്‍ത്തത്.

ഹനീഫ വധക്കേസുമായി ബന്ധപ്പെട്ട് പുറത്താക്കപ്പെട്ട കോണ്‍ഗ്രസ് മുന്‍ ഗുരുവായൂര്‍ ബ്ലോക്ക് പ്രസിഡന്റ് ഗോപപ്രതാപന്റെ നേതൃത്വത്തില്‍ ഐ ഗ്രൂപ്പ് പ്രവര്‍ത്തകര്‍ ആക്രമണം അഴിച്ചുവിടുന്നതായി എ ഗ്രൂപ്പ് ആരോപിച്ചു.

ഹനീഫ കൊല്ലപ്പെട്ട് രണ്ട് വര്‍ഷമാകുമ്പോഴാണ് ചാവക്കാട് പ്രദേത്തെ കോണ്‍ഗ്രസില്‍ നിന്ന് വീണ്ടും ഗ്രൂപ്പ് പോര് ശക്തമാകുന്നത്. കഴിഞ്ഞ ദിവസം യൂത്ത് കോണ്‍ഗ്രസ് ഐ ഗ്രൂപ്പ് പ്രവര്‍ത്തകരായ മുഥുന്‍, ഷാക്കിര്‍ എന്നിവര്‍ക്ക് വെട്ടേറ്റിരുന്നു. സംഭവത്തില്‍ കെഎസ്‌യു ജില്ലാ ജനറല്‍ സെക്രട്ടറിയും എ ഗ്രൂപ്പുകാരനുമായ സറൂഖ് അറസ്റ്റിലായതോടെയാണ് പോര് മറ നീക്കി പുറത്തു വന്നത്.

സറൂഖിനെ കള്ളമൊഴി നല്‍കി കേസില്‍ കുടുക്കിയതാണെന്ന് എ ഗ്രൂപ്പ് പ്രവര്‍ത്തകര്‍ ആരോപിച്ചു. ഹനീഫ വധക്കേസില്‍ ആരോപണ വിധേയനായി പുറത്താക്കപ്പെട്ട ഗോപപ്രതാപന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇതിനു പിന്നിലെന്നും ആരോപണം ഉയര്‍ന്നു

ഹനീഫയുടെ കുടുംബാംഗമായ സറൂഖിനെതിരെ മുമ്പും ആക്രമണം ഉണ്ടായിട്ടുണ്ടെന്നും ഇതിനു പിന്നില്‍ ഗോപപ്രതാപനാണെന്നും ആരോപണം ഉയര്‍ന്നു. എന്നാല്‍ കഴിഞ്ഞ ദിവസം നടന്ന സംഘര്‍ഷത്തെ കുറിച്ച് പത്രവാര്‍ത്തകളിലൂടെയാണ് അറിഞ്ഞതെന്നും, ഹനീഫയുടെ കുടുംബത്തോട് വൈരാഗ്യമില്ലെന്നും ഗോപപ്രതാപന്‍ പ്രതികരിച്ചു.

പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ടെങ്കിലും ഐ ഗ്രൂപ്പു പ്രവര്‍ത്തകരെ ഉപയോഗിച്ച് മറുപക്ഷത്തെ ഇല്ലായ്മ ചെയ്യാന്‍ ഗോപപ്രതാപന്‍ ശ്രമം നടത്തുന്നു എന്ന സൂചനയാണ് എ ഗ്രൂപ്പുകാര്‍ പറഞ്ഞു വെക്കുന്നത്. വീണ്ടും ഗ്രൂപ്പ് പോരുകള്‍ ശക്തമായതോടെ ജില്ലാ കോണ്‍ഗ്രസ് നേതൃത്വം സമാധാന ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News