ബെമലിനെ സ്വകാര്യവത്ക്കരിക്കാന്‍ നീക്കം; രാജ്യസുരക്ഷയ്ക്ക് ഭീഷണി

പാലക്കാട്: ബെമലിനെ സ്വകാര്യവത്ക്കരിക്കാനുള്ള നീക്കം രാജ്യസുരക്ഷയ്ക്ക് ഭീഷണിയാകുമെന്ന് ആശങ്കയുയരുന്നു. സര്‍ക്കാരിന്റെ ഓഹരിയിലെ പ്രധാനഭാഗം സ്വകാര്യകമ്പനികള്‍ക്ക് നല്‍കാനുള്ള തീരുമാനം നടപ്പിലായാല്‍ ബെമലിന് മേല്‍ സര്‍ക്കാരിനുള്ള നിയന്ത്രണം നഷ്ടപ്പെടും. കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് പ്രധാനസൈനികവാഹനമുള്‍പ്പെടെ നിര്‍മിക്കുന്നത്.

പ്രതിരോധ മന്ത്രാലയത്തിന് കീഴില്‍ 1964 മുതല്‍ പ്രവര്‍ത്തിക്കുന്ന ഭാരത് എര്‍ത്ത് മൂവേഴ്‌സ് ലിമിറ്റഡാണ് സൈന്യത്തിനാവശ്യമായ പ്രധാന വാഹനങ്ങളുള്‍പ്പെടെ നിര്‍മിച്ച് നല്‍കുന്നത്. മിസൈല്‍ കാരിയിംഗ് വെഹിക്കിള്‍, ആര്‍മി റിക്കവറി വെഹിക്കിള്‍, ടെട്രാ ട്രെക്ക്, ആകാശ് മിസൈല്‍ ലോഞ്ചര്‍, റഡാര്‍ കാരിയിംഗ് വെഹിക്കിള്‍ തുടങ്ങിയവയെല്ലാം നിര്‍മിക്കുന്നത് ഭാരത് എര്‍ത്ത് മൂവേഴ്‌സ് ലിമിറ്റഡാണ്. ബെമലില്‍ നിലവില്‍ 54 ശതമാനം ഓഹരികള്‍ കേന്ദ്രസര്‍ക്കാരിനും അവശേഷിക്കുന്നവ പൊതുജനങ്ങളുടെയും വിവിധ കമ്പനികളുടെയും കൈവശവുമാണുള്ളത്. സര്‍ക്കാരിന്റെ ഓഹരിയില്‍ നിന്ന് 26 ശതമാനം വില്‍ക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇങ്ങനെ വന്നാല്‍ ബെമലിന്റെ നിയന്ത്രണം സ്വകാര്യ കമ്പനികളുടെ കൈയ്യിലേക്കെത്തും.

രാജ്യത്താകമാനം ഏഴായിരത്തോളം സൈനികവാഹനങ്ങള്‍ ബെമല്‍ നിര്‍മിച്ച് നല്‍കിയിട്ടുണ്ട്. 68 വിദേശരാജ്യങ്ങള്‍ക്കായി ഇതിനകം നിര്‍മിച്ച് നല്‍കിയത് ഇരുപതിനായിരത്തോളം സൈനികവാഹനങ്ങള്‍. വിദേശരാജ്യങ്ങളിലടക്കം വില്‍പന സേവന കേന്ദ്രങ്ങളുള്ള ബെമലിന് കഴിഞ്ഞ വര്‍ഷം കേന്ദ്രസര്‍ക്കാരിന്റെ സ്റ്റാര്‍ പെര്‍ഫോര്‍മര്‍ പുരസ്‌ക്കാരവും ബെമലിനെ തേടിയെത്തിയിരുന്നു. രാജ്യ സുരക്ഷയുടെയും പ്രതിരോധ രഹസ്യത്തിന്റെയും പരിധിയില്‍ വരുന്നതിനാല്‍ ബെമലിന്റെ വിവരങ്ങള്‍ പുറത്ത് വിടരുതെന്ന് നിയമമുണ്ട്.

തന്ത്രപ്രധാന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ബെമല്‍ സ്വകാര്യവത്ക്കരിച്ചാല്‍ ബെമല്‍ നിര്‍മിക്കുന്ന വാഹനങ്ങളുടെ സ്‌കെച്ച്, രൂപരേഖ എന്നിവയുള്‍പ്പെടെയുള്ള വിവരങ്ങള്‍ ചോരാനിടയാക്കുമെന്നും കമ്പനി നേരത്തെ തന്നെ കേന്ദ്രസര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കാര്യങ്ങള്‍ ഇങ്ങനെയായിട്ടും ബെമലിനെ തന്ത്രപ്രധാനമല്ലാത്ത വ്യാപാര വ്യവസായ സ്ഥാപനങ്ങളുടെ കൂട്ടത്തില്‍പ്പെടുത്തി പാര്‍ലിമെന്റില്‍ അവതരിപ്പിച്ച് സ്വകാര്യവത്ക്കരണ നീക്കവുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് പോവുന്നതാണ് സംശയത്തിനിടയാക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News