ഗവേഷണ പ്രബന്ധങ്ങള്‍ക്ക് ഹിന്ദി ശീര്‍ഷകം നിര്‍ബന്ധം; ജെഎന്‍യുവില്‍ വിദ്യാര്‍ഥി പ്രതിഷേധം ശക്തം

ദില്ലി: ജെഎന്‍യുവില്‍ ഗവേഷണ പ്രബന്ധങ്ങള്‍ക്ക് ഹിന്ദി ശീര്‍ഷകം നിര്‍ബന്ധമാക്കിയതിനെതിരെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധത്തില്‍. ഹിന്ദി അടിച്ചേല്‍പ്പിക്കുന്നത് അംഗീകരിക്കില്ലെന്നാണ് വിദ്യാര്‍ത്ഥികളുടെ നിലപാട്. ഇതിനെതിരെ പ്രതിഷേധിച്ച് ഹിന്ദിയില്‍ ശീര്‍ഷകം എഴുതാതെ സമര്‍പ്പിച്ച പ്രബന്ധങ്ങള്‍ സര്‍വ്വകലാശാല തിരിച്ചയച്ചു.

പിഎച്ച്ഡി, എംഫില്‍ വിദ്യാര്‍ത്ഥികള്‍ ഗവേഷണ പ്രബന്ധം സമര്‍പ്പിക്കുമ്പോള്‍ ശീര്‍ഷകം ഹിന്ദിയില്‍ക്കൂടി വേണമെന്നാണ് സര്‍വ്വകലാശാലയുടെ ഉത്തരവ്. കഴിഞ്ഞ വര്‍ഷം വരെ ഇംഗ്ലീഷോ അല്ലെങ്കില്‍ ഹിന്ദിയോ ഉപയോഗിക്കാമായിരുന്നു. എന്നാല്‍ ഇത്തവണ ഹിന്ദി നിര്‍ബന്ധമാക്കി. ഹിന്ദി ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ള നൂറു കണക്കിന് ഗവേഷക വിദ്യാര്‍ത്ഥികള്‍ക്ക് ഹിന്ദി നിര്‍ബന്ധമാക്കിയ നടപടി തിരിച്ചടിയായി.

സര്‍വ്വകലാശാല ഉത്തരവിനെതിരെ പ്രതിഷേധിച്ച് ഹിന്ദിയില്‍ ശീര്‍ഷകം എഴുതാതെ സമര്‍പ്പിച്ച പ്രബന്ധങ്ങള്‍ സര്‍വ്വകലാശാല തിരിച്ചയച്ചു. ദേശീയത അടിച്ചേല്‍പ്പിക്കുന്നതിന് സമമാണ് ഹിന്ദി അടിച്ചേല്‍പ്പിക്കുന്ന നടപടിയെന്ന് ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ വൈസ് പ്രസിഡന്റ് പിപി അമല്‍ പറഞ്ഞു.

ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്റെ നേതൃത്വത്തില്‍ സര്‍വ്വകലാശാല അധികാരികള്‍ക്കെതിരെ പ്രതിഷേധം തുടരുകയാണ്. ജെഎന്‍യുവില്‍ യുദ്ധടാങ്ക് സ്ഥാപിക്കാനുള്ള സര്‍വ്വകലാശാല വൈസ് ചാന്‍സിലറുടെ തീരുമാനം വിവാദമായതിനെ പിന്നാലെയാണ് ഹിന്ദി ഭാഷയുടെ പേരില്‍ പുതിയ വിവാദം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here