രണ്ടാം അങ്കത്തിനൊരുങ്ങി ഇന്ത്യ കൊളംബോയില്‍

കൊളംബോ: ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പര സ്വന്തമാക്കാനുറപ്പിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നാളെ രണ്ടാം ടെസ്റ്റിനിറങ്ങും. ഗാളില്‍ നടന്ന ആദ്യ ടെസ്റ്റില്‍ 304 റണ്‍സിന്റെ കൂറ്റന്‍ ജയം നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് കോഹ്ലിയും ടീമും മത്സരത്തിനിറങ്ങുന്നത്. അങ്കത്തിനൊരുങ്ങാന്‍ ഇന്ത്യന്‍ ടീം കൊളംബോയിലെത്തി.

കൊളംബോയിലെ സിംഹളീസ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ നാളെ രാവിലെ 9:30 മുതലാണ് മത്സരം.മൂന്നു മത്സര പരമ്പരയില്‍ 1-0ന് മുന്നില്‍ നില്‍ക്കുന്ന ഇന്ത്യക്ക് ഇവിടെ ജയിച്ചാല്‍ പരമ്പര നേടാം. അതേസമയം ഒന്നാം ടെസ്റ്റിലെ കനത്ത തോല്‍വിയില്‍ നിന്നു കരകയറാനുള്ള ശ്രമത്തിലാണ് ലങ്ക.

ഇന്ത്യന്‍ നിരയില്‍ ഓപ്പണര്‍ ലോകേഷ് രാഹുല്‍ തിരിച്ചുവരുമോയെന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. പനിയെത്തുടര്‍ന്ന് ആദ്യ ടെസ്റ്റില്‍ രാഹുല്‍ കളിച്ചിരുന്നില്ല. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ടീമിനൊപ്പം പരിശീലനത്തിനിറങ്ങിയ രാഹുല്‍ ഫിറ്റ്നെസ് തെളിയിച്ചിരുന്നു. രാഹുലിനെ ഉള്‍പ്പെടുത്തിയാല്‍ ഒന്നാം ടെസ്റ്റില്‍ ജയം നേടിയ ഇലവനില്‍ മാറ്റം വരുത്തേണ്ടി വരും.

കഴിഞ്ഞ മത്സരത്തില്‍ ശിഖര്‍ ധവാനൊപ്പം ഓപ്പണ്‍ ചെയ്ത അഭിനവ് മുകുന്ദിനാകും പുറത്തുപോകേണ്ടി വരിക. ആദ്യ ഇന്നിങ്സില്‍ പരാജയപ്പെട്ടെങ്കിലും രണ്ടാമിന്നിങ്സില്‍ അര്‍ധസെഞ്ചുറി നേടിയ മുകുന്ദ് മികച്ച ബാറ്റിങ് കാഴ്ചവച്ചിരുന്നു.

തമിഴ്നാട് താരത്തിന് ഒരവസരം കൂടി നല്‍കാന്‍ തീരുമാനിച്ചാല്‍ രാഹുലിന് പുറത്തിരിക്കേണ്ടി വരും.ലങ്കന്‍ നിരയില്‍ നായകന്‍ ദിനേഷ് ചണ്ഡിമല്‍ തിരിച്ചുവരുമെന്ന് ഉറപ്പായി. ന്യുമോണിയ ബാധയെത്തുടര്‍ന്ന് ആദ്യ ടെസ്റ്റില്‍ കളിക്കാനിറങ്ങാതിരുന്ന ചണ്ഡിമല്‍ രണ്ടാം ടെസ്റ്റിനുണ്ടാകുമെന്ന് താല്‍ക്കാലിക നായകന്‍ രംഗണ ഹെറാത്ത് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here