വ്യാജ രസീത് വിവാദത്തില്‍ കോളേജ് അധ്യാപകന് ബിജെപി നേതാക്കളുടെ ക്രൂമര്‍ദ്ദനം; കഴുത്തില്‍ ഞെരിച്ച്, കൊന്നുകളയുമെന്ന് ഭീഷണി

കോഴിക്കോട്: വ്യാജ രസീത് വിവാദത്തില്‍ വടകരയിലെ കോളേജ് അധ്യാപകനെ ബിജെപി നേതാക്കള്‍ മര്‍ദ്ദിച്ചു. ചെരണ്ടത്തൂര്‍ എംഎച്ച്ഇഎസ് കോളേജ് അധ്യാപകനും പ്രാദേശിക ബിജെപി നേതാവുമായ ശശികുമാറിനാണ് മര്‍ദ്ദനമേറ്റത്. ബിജെപി കുറ്റ്യാടി മണ്ഡലം പ്രസിഡന്റ് പിപി മുരളിയുടെ നേതൃത്വത്തിലായിരുന്നു മര്‍ദ്ദനം.

കോഴിക്കോട് നടന്ന ബിജെപി ദേശീയ കൗണ്‍സില്‍ നടത്തിപ്പിനായി വ്യാജ രസീത് ഉപയോഗിച്ച് പണം തട്ടിയ സംഭവത്തിലാണ് കോളേജ് അധ്യാപകന്‍ ശശികുമാറിന് മര്‍ദ്ദനമേറ്റത്. വടകര ചെരണ്ടത്തൂര്‍ എംഎച്ച്ഇഎസ് കോളേജിലെ കൊമേഴ്‌സ് അധ്യാപകനും ബിജെപി വില്ല്യാപ്പള്ളി പഞ്ചായത്ത് കമ്മിറ്റി അംഗവുമാണ് ശശികുമാര്‍.

തിങ്കളാഴ്ച കോളേജില്‍ എത്തിയാണ് ബിജെപി കുറ്റ്യാടി മണ്ഡലം പ്രസിഡന്റ് പിപി മുരളി, ജനറല്‍ സെക്രട്ടറി എടക്കുടി മനോജ്, വില്ല്യാപ്പളളി പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളായ പ്രിബേഷ്, രജീഷ് എന്നിവരടങ്ങുന്ന പത്തിലധികം വരുന്ന സംഘം ശശികുമാറിനെ മര്‍ദ്ദിച്ചതും ഭീഷണിപ്പെടുത്തിയതും.

എംഎച്ച്ഇഎസ് കോളേജിന് നല്‍കിയ സംഭാവനയുടെ വ്യാജ രസീത് ശശികുമാര്‍ വഴി മാധ്യമങ്ങള്‍ക്ക് ലഭിച്ചതായി പറഞ്ഞായിരുന്നു ഭീഷണിയും മര്‍ദ്ദനവും. കഴുത്തില്‍ പിടിച്ച് ചുമരില്‍ ചേര്‍ത്ത് നിര്‍ത്തി കൊന്ന് കളയുമെന്നായിരുന്നു ഭീഷണി. മൂന്നു മണിക്കൂറോളം തടഞ്ഞു വച്ച സംഘം തന്നെ മര്‍ദ്ദിച്ച ശേഷം വെളള പേപ്പറില്‍ ഒപ്പിട്ട് വാങ്ങിയാണ് മടങ്ങിയതെന്നും ശശികുമാര്‍ പറഞ്ഞു.

ബിജെപിയുടെ വില്ല്യാപ്പളളി പഞ്ചായത്ത് കമ്മിറ്റി അംഗവും മായന്നൂര്‍ ബൂത്ത് കമ്മിറ്റിയുടെ പ്രസിഡന്റുമാണ് ശശികുമാര്‍. താന്‍ വഴി രസീത് പുറത്ത് പോയിട്ടില്ലെന്ന നിലപാടിലാണ് അധ്യാപകന്‍. മര്‍ദ്ദനവും ഭീഷണിയും കോളേജില്‍ നിന്ന് ആയതിനാല്‍ ഇയാളെ കോളേജ് മാനേജ്‌മെന്റ് സസ്‌പെന്റ് ചെയ്തിട്ടുണ്ട്.

ദേശീയ കൗണ്‍സിലിനായി വ്യാജ രസീത് ഉപയോഗിച്ച് പണം പിരിച്ചില്ലെന്ന് ബിജെപി സംസ്ഥാന നേതാക്കള്‍ വരെ ആവര്‍ത്തിച്ച് പറയുന്നതിനിടെയാണ് ബിജെപി പ്രവര്‍ത്തകന്‍ കൂടിയായ കോളേജ് അധ്യാപകന് മര്‍ദ്ദനമേറ്റിരിക്കുന്നത്. ശശികുമാര്‍ നല്‍കിയ പരാതിയില്‍ പയ്യോളി പൊലീസ് അന്വേഷണം ആരംഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News