മഞ്ജുവാര്യരുടെ സഹോദരനെ ചോദ്യം ചെയ്യുന്നു; നടി ആക്രമിക്കപ്പെട്ട കേസില്‍ നിര്‍ണായകനീക്കങ്ങള്‍; ദിലീപിന്റെ അടുത്തബന്ധുക്കളെ ചോദ്യം ചെയ്ത് വിട്ടയച്ചു

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചനകുറ്റത്തിന് അറസ്റ്റിലായ നടന്‍ ദിലീപിന്റെ ബന്ധുക്കളെ പൊലീസ് ചോദ്യം ചെയ്തു. ദിലീപിന്റെ സഹോദരിയുടെ ഭര്‍ത്താവ്, ഭാര്യാ സഹോദരന്‍ എന്നിവരെയാണ് അന്വേഷണസംഘം ചോദ്യം ചെയ്തത്.

ദിലീപിന്റെ സാമ്പത്തിക ഇടപാടുകളില്‍ പ്രധാന പങ്കാളിയാണ് സഹോദരീ ഭര്‍ത്താവ്. ആക്രമിക്കപ്പെട്ട നടിയുമായി എന്തെങ്കിലും സാമ്പത്തിക തര്‍ക്കങ്ങളോ അത് സംബന്ധിച്ച പ്രശ്‌നങ്ങളോ ദിലീപിന് ഉണ്ടായിരുന്നോ എന്നാണ് പ്രധാനമായും അന്വേഷണസംഘം ചോദിച്ചറിഞ്ഞത്.

അതേസമയം, മഞ്ജുവാര്യരുടെ സഹോദരനും നടനുമായ മധ്യവാര്യരെ അന്വേഷണസംഘം ചോദ്യം ചെയ്യുകയാണ്. ആലുവ പൊലീസ് ക്ലബില്‍ വച്ചാണ് ചോദ്യംചെയ്യല്‍ നടപടികള്‍. മഞ്ജുവും ദിലീപും വിവാഹബന്ധം വേര്‍പെടുത്താനുള്ള സാഹചര്യത്തെക്കുറിച്ചാണ് മധുവാര്യരില്‍ നിന്ന് പൊലീസ് ചോദിച്ചറിയുന്നത്.

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടി ശ്രീത ശിവദാസിനെയും അന്വേഷണസംഘം ചോദ്യംചെയ്തു. കഴിഞ്ഞ ദിവസം ഉളിയന്നൂരുള്ള വീട്ടിലെത്തിയാണ് ശ്രീതയുടെ മൊഴി എടുത്തത്. കേസിലെ ഗൂഢാലോചനകുറ്റത്തിന് അറസ്റ്റിലായ നടന്‍ ദിലീപുമായി തനിക്ക് യാതൊരു സൗഹൃദവും ഇല്ലെന്ന് ശ്രീത വ്യക്തമാക്കി.

ദിലീപുമായി വിദേശയാത്ര നടത്തുകയോ ഷോകളില്‍ പങ്കെടുക്കുകയോ സിനിമയില്‍ അഭിനയിക്കുകയോ ചെയ്തിട്ടില്ലെന്നും നടി മൊഴി നല്‍കിയതായി പ്രമുഖദിനപത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആക്രമിക്കപ്പെട്ട നടിയും താനും അടുത്ത സുഹൃത്തുക്കളാണ്. തന്റെ വിവാഹത്തില്‍ നടി പങ്കെടുത്തിട്ടുണ്ട്. ആക്രമിക്കപ്പെട്ടശേഷം ഫോണില്‍ നിരവധി തവണ വിളിച്ചതായും ശ്രീത മൊഴി നല്‍കി.

ആക്രമിക്കപ്പെട്ടതിന് ശേഷം നടി ഒരു ദിവസം ശ്രീതയുടെ വീട്ടില്‍ താമസിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു മൊഴിയെടുക്കല്‍. മജിസ്‌ട്രേറ്റിന് മുന്നില്‍ മൊഴി കൊടുക്കാന്‍ വന്ന സമയത്താണ് നടി ശ്രീതയുടെ വീട്ടില്‍ തങ്ങിയത്.
കേസുമായി ബന്ധപ്പെട്ട് നടന്‍ സിദ്ദീഖിനെയും അന്വേഷണസംഘം കഴിഞ്ഞദിവസം ചോദ്യംചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News