നെയ്മറിനെ കുടുക്കാന്‍ ബാഴ്‌സ?

ബാഴ്‌സലോണ വിടാനൊരുങ്ങുന്ന ബ്രസീലിയന്‍ താരം നെയ്മറിന് ക്ലബ് അധികൃതര്‍ പത്മവ്യൂഹമൊരുക്കുന്നു. താരത്തിന് നല്‍കേണ്ട 200 കോടിയോളം രൂപയുടെ ബോണസ് നിഷേധിക്കുമെന്ന് ക്ലബ് അധികൃതര്‍ വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷം ഒപ്പുവച്ച കരാറനുസരിച്ച് പ്രതിവര്‍ഷം 26 ദശലക്ഷം യൂറോയാണ് ബോണസായി ബാഴ്‌സലോണ നെയ്മറിന് നല്‍കേണ്ടത്. കരാര്‍ ലംഘനം ചൂണ്ടിക്കാട്ടി ഈ തുക നിഷേധിക്കാനാണ് ക്ലബിന്റെ നീക്കം. പിഎസ്ജിയിലേക്കുള്ള നെയ്മറിന്റെ മാറ്റം യുവേഫയുടെ നിര്‍ദേശങ്ങളുടെ ലംഘനമാണെന്നും ഇതിനെതിരെ നിയമനടപടികള്‍ സ്വീകരിക്കാന്‍ ബാഴ്‌സ തയ്യാറാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

റെക്കോര്‍ഡ് തുകയായ 1,722 കോടി രൂപ നല്‍കി പിഎസ്ജി നെയ്മറെ വാങ്ങിയാല്‍ അത് യുവേഫയുടെ ധനകാര്യ ചട്ടങ്ങളുടെ ലംഘനമാണെന്നും ഈ പണത്തിന്റെ ഉറവിടം അന്വേഷിക്കണമെന്നും ബാഴ്‌സ ആവശ്യപ്പെടും.

ബാഴ്‌സയ്‌ക്കൊപ്പം നിയമനടപടി ഭീഷണിയുമായി ലാലിഗ പ്രസിഡന്റ് ഹവിയര്‍ ടെബസ് മെഡ്രാനോയും രംഗത്തെത്തിയിട്ടുണ്ട്. യുവേഫയ്ക്ക് പുറമെ ഫ്രാന്‍സിലെയും സ്‌പെയിനിലെയും ഉന്നത കോടതികളുടെ ശ്രദ്ധയിലും കൊണ്ടുവരുമെന്നും ഹവിയര്‍ ടെബസ് പറയുന്നു.

അതേസമയം പി എസ് ജിയിലേക്കുള്ള കൂടുമാറ്റത്തിന് മുമ്പുള്ള ശാരീരിക പരിശോധനകള്‍ പൂര്‍ത്തിയാക്കിയ നെയ്മര്‍ ഇന്ന് ബാഴ്‌സലോണയുടെ പരിശീലന ക്യാമ്പിലെത്തി സഹതാരങ്ങളോട് യാത്ര ചോദിക്കുമെന്ന് പ്രമുഖ ഫുട്‌ബോള്‍ ജേണലായ ഗോള്‍.കോം റിപ്പോര്‍ട്ട് ചെയ്തു.

ഇതിനിടെ നെയ്മറിനെ ചാരനെന്നും വഞ്ചകനെന്നും ആക്ഷേപിക്കുന്ന പോസ്റ്ററുകള്‍ ബാഴ്‌സലോണയിലെ വിവിധ ഭാഗങ്ങളില്‍ പ്രത്യക്ഷപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here