മുന്നു പതിറ്റാണ്ട് പിന്നിട്ടിട്ടും മനസില്‍ മഴയായി പെയ്തിറങ്ങുന്ന ക്ലാര; മറക്കുമോ മലയാളി ക്ലാരയെ

ക്ലാരയെ മലയാളിക്ക് മറക്കാന്‍ കഴിയില്ല. ഈറനണിഞ്ഞ ശരീരവും പാതിവിടര്‍ന്ന കണ്ണുകളും നനുത്ത ചിരിയുമായി മനസില്‍ മഴയായി പെയ്തിറങ്ങിയ ക്ലാര.

പി പത്മരാജന്‍ എഴുതിയ ഉദകപ്പോള എന്ന നോവലിനെ അടിസ്ഥാനമാക്കി അദ്ദേഹം തന്നെ തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ചിത്രമാണ് 1987-ല്‍ പുറത്തിറങ്ങിയ തൂവാനത്തുമ്പികള്‍. മണ്ണാര്‍തൊടിയില്‍ ജയകൃഷ്ണന്‍ (മോഹന്‍ലാല്‍) എന്ന ചെറുപ്പക്കാരന്റെയും വ്യത്യസ്ത സാഹചര്യങ്ങളില്‍ അയാളുടെ ജീവിതത്തിലേയ്ക്ക് കടന്നു വരുന്ന ക്ലാര (സുമലത), രാധ (പാര്‍വതി) എന്നീ രണ്ടു പെണ്‍കുട്ടികളുടെയും കഥ പറയുന്ന ചിത്രം.

അകന്ന ബന്ധുവായ രാധയെ (പാര്‍വതി) ഒരിക്കല്‍ ജയകൃഷ്ണന്‍ പരിചയപ്പെടുന്നു. രാധയുടെ വ്യക്തിത്വം ജയകൃഷ്ണനെ അവളിലേക്ക് ആകര്‍ഷിക്കുന്നു. തന്റെ ഇഷ്ടം അയാള്‍ രാധയെ അറിയിക്കുന്നുണ്ടെങ്കിലും രാധ അയാളെ നിഷ്‌കരുണം തള്ളിക്കളയുകയാണ്. നിരാശനായ ജയകൃഷ്ണന്‍ സുഹൃത്തും ടൗണിലെ പ്രധാന പിമ്പുമായ തങ്ങള്‍ (ബാബു നമ്പൂതിരി) വഴി ക്ലാരയെ പരിചയപ്പെടുന്നു.

രണ്ടാനമ്മയുടെ പീഡനങ്ങളില്‍ നിന്ന് രക്ഷ നേടാനായി വേശ്യാവൃത്തി തൊഴിലാക്കാന്‍ തീരുമാനിച്ച് ഇറങ്ങിത്തിരിച്ച പെണ്‍കുട്ടിയാണ് ക്ലാര. ഒരു ദുര്‍ബല നിമിഷത്തില്‍ ക്ലാരയുടെ കന്യകാത്വം നശിപ്പിച്ച ജയകൃഷ്ണന്‍ തന്റെ പ്രവൃത്തിയില്‍ പശ്ചാത്തപിക്കുന്നു. താനായിട്ട് ഒരു പെണ്‍കുട്ടിയുടെയും കന്യകാത്വം നശിപ്പിക്കില്ലെന്ന് മനസ്സില്‍ ഉറച്ച തീരുമാനമുണ്ടായിരുന്നു ജയകൃഷ്ണന്.

ചെയ്ത തെറ്റിന് ഒരു പരിഹാരമേയുള്ളു ക്ലാരയെ തന്റെ ജീവിത സഖിയാക്കുക. ജയകൃഷ്ണന്‍ അവളോട് ഇക്കാര്യം പറയുന്നു. എന്നാല്‍, താനായിട്ട് ജയകൃഷ്ണന്റെ ജീവിതം നശിപ്പിക്കില്ല എന്ന് തീരുമാനമെടുക്കുന്ന ക്ലാര, ഒന്നും മിണ്ടാതെ അയാളില്‍ നിന്നും ഓടി അകലുകയാണ്. സങ്കീര്‍ണതകള്‍ നിറഞ്ഞ മനുഷ്യമനസ്സുകളുടെ ചലനങ്ങളും ചാപല്യങ്ങളും വളരെ ലളിതമായ രീതിയില്‍ പ്രേക്ഷകരുടെ മുന്നില്‍ എത്തിക്കാന്‍ ജദ്മരാജനെന്ന മഹാപ്രതിഭക്ക് സാധിച്ചു.

ഇതിലെ നായകന്‍ എല്ലാ നന്മകളും തികഞ്ഞ സല്‍ഗുണസമ്പന്നനോ അമാനുഷിക ശക്തികള്‍ ആവാഹിച്ചെടുത്ത അവതാരമോ ഒന്നുമല്ല. പ്രായത്തിന്റേതായ എല്ലാ ദൗര്‍ബല്യങ്ങളുമായി അല്പം വഴിവിട്ടു പോലും ജീവിക്കുന്ന ഒരു സാധാരണ മനുഷ്യന്‍ മാത്രമാണ് മണ്ണാര്‍തൊടിയില്‍ ജയകൃഷ്ണന്‍.

ജയകൃഷ്ണനു രണ്ടു വ്യത്യസ്ത മുഖങ്ങളാണുള്ളത്. സ്വന്തം ഗ്രാമത്തില്‍ അയാള്‍ വലിയ തറവാടിയും പിശുക്കനായ കൃഷിക്കാരനും ഒരു അറു പഴഞ്ചനുമാണ്. എന്നാല്‍ പട്ടണത്തില്‍, സുഹൃത്തുക്കളോടൊപ്പം അയാള്‍ കുസൃതിത്തരങ്ങളും തരികിടകളും നിറഞ്ഞ ഒരു പരിഷ്‌കൃത ജീവിതം നയിക്കുന്നു. പട്ടണത്തിലെ വന്‍കിട വ്യവസായികളും പണച്ചാക്കുകളും എല്ലാം തന്നെ അയാള്‍ക്ക് വേണ്ടി എന്തും ചെയ്യാന്‍ സന്നദ്ധരാണ്. പട്ടണത്തിലെ ജയകൃഷ്ണന്റെ ജീവിതത്തെക്കുറിച്ച് അയാളുടെ വളരെ അടുത്ത സുഹൃത്തുക്കള്‍ക്ക് മാത്രമേ അറിയൂ.

മലയാള സിനിമയിലെ ഏക്കാലത്തെയും മികച്ച സംവിധായകരില്‍ ഒരാള്‍ ആയ പദ്മരാജന്റെ കലാ സൃഷടിയില്‍ പിറന്ന ഒരു അത്ഭുതം എന്ന് തൂവാനതുമ്പികള്‍ എന്ന സിനിമയെ വിശേഷിപിക്കുന്നത്തില്‍ തെറ്റും ഇല്ല. അങ്ങനെയുള്ള ജയകൃഷ്ണന്‍ ഇന്നും മലയാളികളുടെ മനസ്സില്‍ ജീവിക്കുന്നതിന്റെ ക്രെഡിറ്റ് സംവിധായകനോടൊപ്പം തന്നെ ആ കഥാപാത്രത്തെ അതിമനോഹരമായി അവതരിപ്പിച്ച അന്നത്തെ 27 കാരന്‍ മോഹന്‍ലാല്‍ എന്ന നടനു കൂടി അവകാശപ്പെട്ടതാണ്.

ക്ലാരയിലൂടെ മലയാളികളുടെ ഹൃദയം കീഴടക്കാന്‍ കഴിഞ്ഞതില്‍ സുമലതയ്ക്ക് അഭിമാനിക്കാം. അശോകന്‍, പാര്‍വതി, ജഗതി ശ്രീകുമാര്‍, ബാബു നമ്പൂതിരി എന്നിവര്‍ തങ്ങളുടെ വേഷങ്ങള്‍ ഭംഗിയാക്കി. ”മ്മക്ക് ഓരോ നാരങ്ങവെള്ളം കാച്ചിയാലോ?”, ”മ്മക്ക് ഒന്ന് സുഖിക്കണ്ടേ ന്റെ ഇഷ്ടാ?” എന്നിങ്ങനെ തനി തൃശൂര്‍ ശൈലിയിലുള്ള പ്രയോഗങ്ങള്‍ ഇന്നും മലയാളികളുടെ മനസ്സില്‍നിന്നും മാഞ്ഞിട്ടില്ല. ഇറച്ചി മാര്‍ക്കറ്റിലും സര്‍ബത്ത് കടയിലും ജയകൃഷ്ണന്‍ വില പേശുന്ന രംഗങ്ങള്‍ ഒരു മടുപ്പും കൂടാതെ എത്ര തവണ വേണമെങ്കിലും കാണാം.

ജയകൃഷ്ണന്‍ ക്ലാരയ്ക്ക് കത്തെഴുതുമ്പോളും അവര്‍ തമ്മില്‍ കണ്ടുമുട്ടുമ്പോഴും ഫോണില്‍ സംസാരിക്കുമ്പോഴുമെല്ലാം തന്നെ കാലം തെറ്റിച്ചു കൊണ്ട് കടന്നു വരുന്ന മഴയാണ് ഇതിലെ മറ്റൊരു പ്രധാന കഥാപാത്രം. ആ കഥാപാത്രത്തെ ഭംഗിയായി അവതരിപ്പിക്കാന്‍ പത്മരാജന്‍ എന്ന അതുല്യകലാകാരന് സാധിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News